ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്; ഹൈക്കോടതി ജസ്റ്റിസിനെതിരെ നിലപാട് സൈബര്‍ ആക്രമണം നടന്നത് അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്

Update: 2024-12-21 11:11 GMT

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിനാണ് കേസ്. അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഉത്തരവിന്റെ പേരിലായിരുന്നു ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പാതയോരത്തെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയടക്കം അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ പോരാളികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

ഉത്തരവ് പാലിക്കാതിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനും കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു.ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടന്നാക്രമണം. കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയിലെ ഒരു പരിപാടിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിച്ചിരുന്നു.

പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് നീക്കം ചെയ്യാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള സൈബറാക്രമണം. സകല പരിധിയും വിട്ടുകൊണ്ട് മോശം വാക്കുകള്‍ പ്രയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.

അതേസമയം പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. കാഴ്ച മറച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

കൊല്ലം ചിന്നക്കടയില്‍ പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ശക്തമായ താക്കീതാണ് ജസ്റ്റിസ് നല്‍കിയത്. കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ച് താക്കീത് ചെയ്യുകയും രണ്ടര ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിച്ചിരുന്നു. കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി ജഡ്ജി ഇടപെട്ടത്.

വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ വരുത്തി വയ്ക്കുന്ന വിന പറഞ്ഞറിയിക്കേണ്ടതില്ല. പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രതിച്ഛായ നിര്‍മ്മാണത്തിനും വര്‍ദ്ധനയ്ക്കും വേണ്ടി സ്ഥാപിക്കുന്ന ഫ്ളക്സുകള്‍ എത്രമാത്രം പൊതുജനശല്യമാണെന്ന് അറിയാമെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട് ഫ്ളക്സുകളും ബോര്‍ഡുകളും നഗര-ഗ്രാമീണ പ്രദേശങ്ങളില്‍ നിറയുന്നു. ഈ വിഷയത്തില്‍ കര്‍ക്കശമായ നിലപാടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വീകരിച്ചത്.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ധൈര്യം വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News