കുടുംബമായി ക്ഷേത്ര ദർശനത്തിനെത്തി; ഭണ്ഡാരത്തിലേക്ക് പണമിടുന്നതിനിടെ അബദ്ധം; 'ഐ ഫോൺ' കൂടി നേർച്ചപ്പെട്ടിയിലേക്ക്; തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ അടുത്ത വള്ളി;' ഭണ്ഡാരത്തിൽ ഇട്ടത് തിരിച്ചെടുക്കാനാകില്ലെന്ന്' ക്ഷേത്ര അധികൃതർ; വിചിത്ര മറുപടി കേട്ട് കിളി പോയി യുവാവ്; കന്തസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചത്!
ചെന്നൈ: ക്ഷേത്ര ദർശനത്തിനായി പോകുമ്പോൾ ദൈവത്തിന് നേർച്ച സമർപ്പിക്കുന്നത് ഒരു ആചാരമാണ്. ഇതിലൂടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലുമെല്ലാം ആചാരത്തിന്റെ ഭാഗമായി നമ്മൾ കാണിക്കായി നേർച്ചകൾ സമർപ്പിക്കുന്നു. ഭക്തർ പണമായും വേറെ വിലപിടിപ്പുള്ള വസ്തുക്കൾ സമർപ്പിച്ചും അവർ വിശ്വസിക്കുന്ന ദൈവത്തിന് സമർപ്പിക്കുന്നു.
എന്നാൽ, ഇപ്പോഴിതാ നേർച്ച സമർപ്പിച്ച് വെട്ടിലായ ഒരു പാവം യുവാവിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ക്ഷേത്ര ദർശനത്തിനെത്തിയ യുവാവ് പണം ഭണ്ഡാരപ്പെട്ടിയിൽ ഇട്ടപ്പോൾ കൂടെപ്പോയത് സാക്ഷാൽ 'ഐ ഫോൺ' കൂടി. തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ ഇനിയത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ക്ഷേത്ര അധികൃതരുടെ പറച്ചിലിൽ യുവാവിന്റെ കിളി പോയി. 'തിരുപോരൂർ അരുൾമിഗു കന്തസ്വാമി' ക്ഷേത്രത്തിലാണ് യുവാവിനെ വലച്ച സംഭവം നടന്നത്.
വിനായകപുരം സ്വദേശിയായ ദിനേഷിനാണ് അബദ്ധം പറ്റിയത്. കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയതായിരുന്നു ദിനേശ്. ഭണ്ഡാരത്തിൽ ഇടാനായി പണം എടുക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് ഐ ഫോൺ പോയി. പുറത്തെടുക്കാൻ ഏറെ പണിപെട്ടെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര അധികൃതരെ ബന്ധപ്പെട്ടു.
'ദൈവത്തിന്റെ അക്കൗണ്ടിൽ ഇട്ടത് തിരിച്ചെടുക്കാനാകില്ല' എന്ന അധികൃതരുടെ മറുപടിയിൽ അന്തംവിട്ട ദിനേശ് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ല.
ഭണ്ഡാരപ്പെട്ടിയിൽ വീണതെന്തും ക്ഷേത്രത്തിന്റെ സ്വത്താണെന്നായിരുന്നു സമിതിയുടെ വാദം ഉയർത്തിയത്. തുടർന്ന്, ഭണ്ഡാരം തുറക്കുമ്പോൾ അറിയിക്കണമെന്ന് പരാതി എഴുതിനൽകിയ ശേഷം ദിനേശ് തിരിച്ചുപോയി. വെള്ളിയാഴ്‌ച തിരിച്ചുവന്ന് ഫോൺ ആവശ്യപ്പെട്ടെങ്കിലും 'സിം' മാത്രം അധികൃതർ തിരികെ നൽകി.
ഫോണിൽ നിന്ന് ഡാറ്റ എടുക്കാൻ അനുവാദം നൽകാമെന്നും വ്യക്തമാക്കി. തുടർന്ന് സിം കൂടി ക്ഷേത്ര അധികൃതർക്ക് തിരികെ നൽകി ഫോണില്ലാതെ ദിനേശ് നിരാശയോടെ മടങ്ങുകയും ചെയ്തു.
ശനിയാഴ്‌ച ഈ വിഷയം എച്ച്ആർ & സിഇ മന്ത്രി പി കെ ശേഖർ ബാബുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹവും 'ദൈവത്തിന് നൽകിയത് തിരിച്ചെടുക്കാനാകില്ല' എന്നുതന്നെ ആവർത്തിക്കുകയും ചെയ്തു.
അതേസമയം, ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച്, ഭണ്ഡാരത്തിൽ സമർപ്പിക്കുന്ന ഏതൊരു വഴിപാടും ആ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. ഭക്തർക്ക് വഴിപാടുകൾ തിരികെ നൽകാൻ ഭരണസംവിധാനത്തെ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്തർക്ക് നഷ്‌ടപരിഹാരം നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പക്ഷെ, ഇത് ആദ്യമായല്ല തമിഴ്‌നാട്ടിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. ഇത് ഒരുതരം 'ക്ഷേത്ര സ്‌കാം' എന്ന് തന്നെ പറയാം. ഭഗവാനെ മറയാക്കി ക്ഷേത്ര അധികൃതർ തന്നെ നടത്തുന്ന തട്ടിപ്പ്?. അത് പറയാൻ കാരണം. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നെത്തിയ സംഗീത എന്ന ഭക്തയുടെ ഒന്നര പവന്റെ സ്വർണമാലയാണ് ഭണ്ഡാരത്തിലേക്ക് പോയത്.
പഴനിയിലെ പ്രശസ്‌തമായ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലായിരുന്നു ഈ സംഭവം നടന്നത്. വഴിപാട് നടത്താനായി കഴുത്തിലെ തുളസിമാല അഴിക്കുന്നതിനിടെയാണ് സ്വർണമാല ഭണ്ഡാരത്തിലേക്ക് വീണുപോയത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ക്ഷേത്ര അധികൃതർ മാല അബദ്ധത്തിൽ വീണതാണെന്ന് കണ്ടെത്തി. തുടർന്ന്, ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ ക്ഷേത്രം ഭരണസമിതി ചെയർമാൻ തന്റെ സ്വന്തം ചെലവിൽ അതേമൂല്യമുള്ള മറ്റൊരു സ്വർണമാല അവർക്ക് വാങ്ങിനൽകുകയും ചെയ്തിരുന്നു. എന്തായാലും തമിഴ്‌നാട്ടിൽ നടക്കുന്ന ഈ സ്ഥിരം സംഭവത്തിൽ അധികൃതർ ഒരു നടപടി സ്വീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.