പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഓര്‍മ്മപ്പിശകിനെ പഴിച്ച് കടകംപള്ളിയുടെ പ്രതിരോധം; വീണ്ടും ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; രാഷ്ട്രീയ ബന്ധങ്ങള്‍ സ്വര്‍ണകൊള്ളയ്ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍ മുന്‍ ദേവസ്വം മന്ത്രിയെ വെട്ടിലാക്കും; ആന്റോ ആന്റണി എംപിയും ചോദ്യമുനയില്‍
പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഓര്‍മ്മപ്പിശകിനെ പഴിച്ച് കടകംപള്ളിയുടെ പ്രതിരോധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് എസ്‌ഐടി വീണ്ടും മുന്‍ ദേവസ്വം മന്ത്രിയിലേക്ക് നീങ്ങുന്നത്. പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നേരത്തെ പറഞ്ഞ പലകാര്യങ്ങളും തള്ളിപ്പറയേണ്ട അവസ്ഥയിലാണ് കടകംപള്ളി. ഇതോടെ ഓര്‍മ്മക്കുറവിനെ കൂട്ടുപിടിച്ചാണ് മന്ത്രിയുടെ പ്രതിരോധംയ.
രാഷ്ട്രീയ ബന്ധങ്ങള്‍ സ്വര്‍ണകൊള്ളയ്ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടകംപള്ളിക്ക് പോറ്റിയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണം. ഇതു കൂടി ഉള്‍പ്പെടുത്തിയാകും കുറ്റപത്രം നല്‍കുക.
ശബരിമലയിലെ സ്പോണ്‍സര്‍ എന്ന പരിചയം മാത്രമേ പോറ്റിയുമായുള്ളൂ എന്നാണ് നേരത്തേ ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളി മൊഴി കൊടുത്തത്. ഒരിക്കല്‍ മാത്രമേ പോറ്റിയുടെ വസതിയില്‍ പോയിട്ടുള്ളൂവെന്നും പറഞ്ഞിരുന്നു. നിരവധി തവണ കടകംപള്ളിയെ പോറ്റിയുടെ പുളിമാത്തുള്ള വസതിയില്‍ കണ്ടിരുന്നതായി അയല്‍വാസിയായ വിക്രമന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇതിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്.
അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം. പോറ്റിയുടെ അമ്മാവന്റെ മകള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. കടകംപള്ളി വീട്ടില്‍വന്ന സമയത്ത് കുട്ടിക്കു സമ്മാനം നല്‍കുന്ന ദൃശ്യമാണ്. പോറ്റിയുടെ വീടുതന്നെയാണെന്ന് വ്യക്തമാണ്. ഒരു കുട്ടിക്ക് മൊമന്റോ നല്‍കുന്ന ചിത്രമാണെന്നും എവിടെവച്ചാണ് സമ്മാനം നല്‍കിയതെന്ന് കുട്ടിയോട് ചോദിക്കണമെന്നാണ് കടകംപള്ളിയുടെ പ്രതികരണം.
ഒരിക്കല്‍ മാത്രം പോയി എന്ന് പറഞ്ഞത് ഓര്‍മപിശകാണെന്നും പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓര്‍ക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്ത് തവണ പോയാലും അത് തുറന്നുപറയാന്‍ മടിയില്ല എന്നും ഗണ്മാന്‍മാരോട് ചോദിച്ചപ്പോള്‍ അവരും ഓര്‍ക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.
ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. മൊമെന്റോ കൊടുക്കല്‍ വലിയ സംഭവമല്ലെന്നും കടകംപള്ള പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തുപോയിയും താന്‍ മൊമെന്റോ കൊടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ത്ഥ ഭക്തന്‍ എന്നാണ് കരുതിയിരുന്നത്. മൊമെന്റോ സ്വീകരിച്ച കുട്ടിയോട് ചോദിച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കടകംപള്ളി എന്തിനാണ് പോറ്റിയുടെ വീട്ടില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടകംപള്ളി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് പോറ്റിയുടെ അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചിരുന്നു. പോറ്റിയുടെ വീട്ടില്‍ കടകംപള്ളി മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. അന്ന് കടകംപള്ളിക്ക് ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനം നല്‍കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
അതിനിടെ പത്തനംതിട്ട എം. പി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനും നീക്കം തുടങ്ങി. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടുര്‍പ്രകാശിനെയും എസ്‌ഐടി ചോദ്യം ചെയതിരുന്നു.
