ഓടിക്കൊണ്ടിരിക്കെ കാറിന്റെ സ്റ്റിയറിങ് ഒന്ന് തിരിച്ചു; 'എസ് യു വി'യുടെ കൺട്രോൾ മുഴുവൻ നഷ്ടമായി; എട്ട് തവണ കരണം മറിഞ്ഞ് ഡ്രിഫ്റ്റായി തെന്നിമാറി മതിലില്‍ ഇടിച്ചുകയറി; കണ്ടുനിന്നവർ കണ്ണ് പൊത്തി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്; പരസ്പരം തൊട്ട് നോക്കി യുവാക്കൾ; ഇന്ന് നിന്റെ ജന്മദിനമാടാ..എന്ന് ചിലർ; നാഗൗറിലെ ഹൈവേയിൽ നടന്നത്!

Update: 2024-12-21 11:47 GMT

ജയ്പൂര്‍: റോഡുകളിൽ ഇപ്പോൾ അപകടങ്ങൾ പതിവ് സംഭവമായിരിക്കുകയാണ്. അതിൽ ഭൂരിഭാഗവും ഡ്രൈവിങിലെ അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും അപകട വാർത്തകൾ കുറയുന്നില്ല. അതിൽ ചില അപകടങ്ങളിൽ ജീവൻ നഷ്ട്ടമായവരും ഉൾപ്പെടും.

പക്ഷെ വേറെ ചിലർ വളരെ അത്ഭുതകരമായി രക്ഷപ്പെടാറുമുണ്ട്. അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന അപകടമാണ് രാജസ്ഥാനിൽ നടന്നിരിക്കുന്നത്. ആ വാഹനത്തിൽ സഞ്ചരിച്ച മുഴുവൻ യാത്രക്കാർക്കും ഇപ്പോൾ പുനർജന്മമാണ്. സംഭവം ഇങ്ങനെ...

രാജസ്ഥാനിലെ നാഗൗറിലെ ഹൈവേയിൽ കാർ 'എട്ട്' തവണ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ പോലുമില്ലെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് പേര്‍ യാത്ര ചെയ്ത എസ് യു വി വാഹനം ഹൈവേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. നാഗൗറിൽ നിന്ന് ബിക്കാനീറിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാർ. അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഹൈവേയിലൂടെ എസ് യു വി കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് സ്റ്റിയറിങ് തിരിച്ചപ്പോഴാണ് കാറിന് നിയന്ത്രണം നഷ്ടമായത്. നിമിഷങ്ങൾക്കുള്ളിൽ വാഹനം കുറഞ്ഞത് എട്ട് തവണ മറിഞ്ഞ് ഒരു കാർ ഷോറൂമിന് മുന്നിൽ തലകീഴായി മറിഞ്ഞ് പൂര്‍ണമായും നിലത്ത് പതിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാര്‍ ഷോറൂമിന്റെ മതിലും ഗേറ്റും തകര്‍ന്നു വീണിട്ടുണ്ട്. പക്ഷെ ഇത്രയും വലിയ അപകടമുണ്ടായിട്ടും യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകളില്ല. അതാണ് എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചത്. ചിലർ ഇവർക്ക് ജന്മദിന ആശംസകളും നേർന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകർന്നു.

അധികൃതർ പറയുന്നത് കാർ മറിയുന്നതിനിടെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്നാണ്. ഷോറൂമിന് മുന്നിൽ കാർ ഇടിച്ചു നിര്‍ത്തിയ ശേഷമാണ് ബാക്കിയുള്ള നാല് യാത്രക്കാർ പുറത്തിറങ്ങിയത്. അതേ സമയം, അപകട സമയത്ത് അതൊരു തമാശയായി ചിത്രീകരിക്കാനായി യാത്രക്കാരിലൊരാള്‍ ഷോറൂമിനുള്ളിലേക്ക് കയറി 'ഞങ്ങൾക്ക് ചായ തരൂ' എന്ന് ചോദിച്ചുവെന്നും പറയുന്നു. അപകടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News