വര്‍ഷം മുഴുവന്‍ ഭക്തര്‍ എത്തുന്ന തിരുപ്പതി; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് മാത്രം സജീവമായ ശബരിമല; സ്‌പോട്ട് ബുക്കിംഗ് ഇല്ലാത്താക്കുന്നത് തീര്‍ത്ഥാടനത്തെ അട്ടിമറിക്കുമോ? ശബരിമലയിലെ നിയന്ത്രണം വിവാദത്തിലേക്ക്

പത്ത് ശതമാനം പേരെ സ്പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്നാണ് ഉയരുന്ന ആവശ്യം

Update: 2024-10-07 03:14 GMT

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ഇത്തവണയും വിവാദമാകുമോ? മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത്, വെര്‍ച്വല്‍ക്യൂ വഴി ബുക്കു ചെയ്യുന്നവര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അയ്യപ്പ സേവാ സംഘത്തെ ശബരിമലയില്‍ നിന്നും മാറ്റുന്നതും ശബരിമലയിലെ ശൂചീകരണത്തെ താളം തെറ്റിച്ചേക്കും. പകരം 5000 പേരെ നിയമിക്കുന്നത് സാമ്പത്തിക നഷ്ടവുമാകും. ഈ വിവാദത്തിനിടെ വെര്‍ച്വല്‍ ക്യൂ ബു്ക്കിംഗിന് 10 രൂപ ഈടാക്കാനുള്ള നീക്കം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചു. എന്നാല്‍ വെര്‍ച്വല്‍ക്യൂവിലെ പ്രശ്‌നം അതിരൂക്ഷമാകാനാണ് സാധ്യത. നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെയുണ്ടായിരുന്ന സ്പോട്ട് ബുക്കിങ് നിര്‍ത്തുന്നത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമാകും.

ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്നാണ് ഉയരുന്ന ആവശ്യം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ശബരിമല അതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ദര്‍ശനം ഉള്ളതെന്നാണ് വസ്തുത. ഇത് ദേവസ്വം ബോര്‍ഡും തിരിച്ചറിയുന്നില്ല.

ശബരിമലയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവസം 80,000 പേര്‍ക്കുമാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് എത്തിയത്. പതിനെട്ടാംപടി കയറ്റുന്നതിലെ പ്രശ്‌നമാണ് കഴിഞ്ഞ തവണ പ്രതിസന്ധിയായി മാറിയത്. ഈ പ്രശ്നം പരിഹരിക്കുന്നതിനു പകരം തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ദിവസവും 80,000 ഓണ്‍ലൈന്‍ ബുക്കിങ്ങും 20,000 സ്പോട്ട് ബുക്കിങ്ങുമാണ് ഉണ്ടായിരുന്നത്. പിന്നീട് സ്പോട്ട് ബുക്കിങ് ദിവസം 10,000 ആക്കി. ഇത്തവണ ദിവസം 10,000 വെച്ച് കണക്കാക്കിയാലും മണ്ഡല, മകരവിളക്ക് കാലത്തെ 64 ദിവസത്തിനുള്ളില്‍ 6,40,000 പേര്‍ക്ക് ദര്‍ശനം കിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് വരുന്ന ഭക്തര്‍ക്ക് കംപ്യൂട്ടര്‍വഴി ഓണ്‍ലൈന്‍ ബുക്കിങ് ബുദ്ധിമുട്ടായിരിക്കും. അവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാകില്ല. മുമ്പ് ഇവര്‍ നിലയ്ക്കലോ പമ്പയിലോ വന്ന് സ്പോട്ട് ബുക്കിങ് നടത്തുമായിരുന്നു. ബുക്ക് ചയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനമെന്ന് അറിയാതെ വരുന്നവരും വെട്ടിലാകും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരായിരിക്കും ഇതിലേറെ. ദര്‍ശനം നടത്താതെ മടങ്ങുക എന്നത് ഏറെ പ്രയാസമുണ്ടാകും. ഇതെല്ലാം ശബരിമലയില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കും. അതിനാല്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള അവസരം ഒരുക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

അതിവേഗം തീരുമാനിച്ച് ആര്‍ക്കും ശബരിമലയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. പരമ്പരാഗത കാനനപാതയായ എരുമേലിവഴി വരുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ബുക്കിങ് സമയം പാലിക്കാന്‍ കഴിയാതെ വരും. ഓണ്‍ലൈന്‍വഴി മാത്രമാണ് ബുക്കിങ് എങ്കില്‍ വെബ്‌സെറ്റില്‍ ഇതിന് അവസരം നല്‍കുമ്പോള്‍ തന്നെ മുഴുവന്‍ ബുക്കിങ്ങും പൂര്‍ണമാകാന്‍ സാധ്യതയുണ്ട്. ഇതില്‍ പലരും എത്തുകയുമില്ല. ബുക്കുചെയ്തവര്‍ ദര്‍ശനത്തിന് വന്നില്ലെങ്കില്‍ ആ ഒഴിവില്‍ മറ്റാര്‍ക്കും അവസരം ലഭിക്കില്ല. ഇത് തീര്‍ത്ഥാടനത്തെ പ്രതിസന്ധിയിലാക്കും.

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ ഒരുദിവസം പരമാവധി 80,000 പേര്‍ക്കുമാത്രം ദര്‍ശനം പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലെടുത്ത തീരുമാനം, തീര്‍ഥാടനം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനവക്താവ് ഇ.എസ്.ബിജു ആരോപിച്ചു. തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും വിളിച്ചുചേര്‍ത്ത അവലോകനയോഗം, അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാര്‍സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്. ശബരിമലയില്‍ ചെന്ന ഭക്തര്‍ക്ക്, ദര്‍ശനം ലഭിക്കാതെ തിരിച്ചുപോകേണ്ടിവരുന്നത് ആചാരലംഘനമാണ്. അവലോകനസമിതി തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം കൊടുക്കുമെന്നും ഇ.എസ്.ബിജു അറിയിച്ചു.

Tags:    

Similar News