പിഞ്ചുകുഞ്ഞുങ്ങള്‍ ചോരയില്‍ കുളിച്ചു; സ്‌കൂളില്‍ മിസൈല്‍ വീണ് പൊലിഞ്ഞത് 51 പെണ്‍കുട്ടികളുടെ ജീവന്‍; ട്രംപിന്റെ തനിനിറം പുറത്തുവന്നെന്ന് റഷ്യ; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിക്കണം; ആക്രമണം ഉടന്‍ നിര്‍ത്തണം; ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും മുന്നറിയിപ്പ്
മോസ്‌കോ: ഇറാന് മേല്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യ. ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും റഷ്യ ആവശ്യപ്പെട്ടു.
നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാര്‍ഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പ്രതികരിച്ചു. ചര്‍ച്ചകളില്‍ ആര്‍ക്കും യഥാര്‍ഥത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ് ദിമിത്രി മെദ്വദെവ്. ഇറാന് മേലുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ രാഷ്ട്രീയപരമായും നയതന്ത്രപരമായും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളില്‍ സമാധാനപരമായി പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. അടുത്തിടെ ഇറാനുമായി അത്യാധുനിക മിസൈലുകള്‍ കൈമാറുന്നതടക്കമുള്ള വലിയ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വഴി വ്യക്തമാക്കുന്നത്. അടുത്തിടെ ഇറാനുമായി മിസൈല്‍ കൈമാറ്റമടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളില്‍ റഷ്യ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ എല്ലാ സഹകരണവും നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച റഷ്യ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കി.
എങ്ങും കണ്ണീര്‍ കാഴ്ചകള്‍
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് കടന്നതോടെ എങ്ങും കണ്ണീര്‍ കാഴ്ച. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ തെക്കന്‍ ഇറാനിലെ മിനാബ് മേഖലയിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്‌കൂളിലെ മിസൈലാക്രമണത്തില്‍ 51 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ നല്‍കുന്ന വിവരം. ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികള്‍ക്കായുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയില്‍ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതെന്ന് ഇറാന്‍ വിമര്‍ശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇസ്രയേല്‍ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തില്‍ ഇടപെടണമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച ഇറാന്‍, തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ചു. അബുദാബി, റിയാദ്, മനാമ, ദോഹ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് ഇറാന്റെ തിരിച്ചടി.
