പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ കെ കെ ശൈലജ; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു? മട്ടന്നൂരില്‍ വി കെ സനോജ്; തളിപ്പറമ്പില്‍ പി കെ ശ്യാമള; തലശ്ശേരിയില്‍ ഷംസീറിന് പകരം കാരായി രാജന്‍? കണ്ണൂര്‍ ജില്ലയില്‍ നിര്‍ണായക നീക്കങ്ങളുമായി സിപിഎം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെ കണ്ണൂര്‍ ജില്ലയില്‍ നിര്‍ണായക നീക്കവുമായി പാര്‍ട്ടി നേതൃത്വം. ഇത്തവണ മത്സര രംഗത്ത് നിന്നും മാറ്റിനിര്‍ത്തിയേക്കുമെന്ന് കരുതിയ മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന വനിതാ നേതാവുമായ കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ചേക്കും. മത്സരിക്കാന്‍ കെകെ ശൈലജ സന്നദ്ധത അറിയിച്ചുവെന്നാണ് പുതിയ വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് താത്പര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തില്ലെന്ന വിവരമാണ് സിപിഎമ്മില്‍ നിന്ന് പുറത്തുവരുന്നത്.
മട്ടന്നൂരില്‍ വി കെ സനോജ് സ്ഥാനാര്‍ഥിയാകും. തളിപ്പറമ്പില്‍ പി കെ ശ്യാമളയും മത്സരിക്കും. എം വി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. എന്നാല്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനും പി കെ ബിജുവിനും സീറ്റില്ല. തലശ്ശേരിയില്‍ കാരായി രാജന്‍ സ്ഥാനാര്‍ത്ഥിയാകും. തോമസ് ഐസക്, പി ജയരാജന്‍ എന്നിവര്‍ക്കും സീറ്റില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എം സ്വരാജ് മത്സരിക്കാനാണ് സാധ്യത. പൊന്നാനിയിലെ പട്ടികയില്‍ എം സ്വരാജിന്റെ പേരുണ്ട്. തിരുവനന്തപുരത്ത് സിപിഎം മത്സരിക്കുന്ന 10 സീറ്റുകളില്‍ 9 ഇടത്തും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും. വര്‍ക്കലയില്‍ വി ജോയിയുടെ കാര്യത്തില്‍ തീരുമാനം നാളെ എടുക്കും. നാളെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ചചെയ്യും.
കണ്ണൂരില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകും. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവില്‍ മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം, തലശ്ശേരിയില്‍ സിറ്റിംഗ് എം എല്‍ എയും സ്പീക്കറുമായ എ എന്‍ ഷംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ല. പകരം കാരായി രാജനെ തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. തളിപ്പറമ്പില്‍ പികെ ശ്യാമളയും പൊന്നാനിയില്‍ എം കെ സക്കീറുമാണ് പരിഗണനയിലുള്ളത്. പി എസ് സി മുന്‍ ചെയര്‍മാനാണ് സക്കീര്‍.
നിയമസഭ തെരഞ്ഞെടുപ്പ് മട്ടന്നൂര്‍ മണ്ഡലം ഇല്ലെങ്കില്‍ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ നേതൃത്വത്തെ അറിയിച്ചിരുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 'ഉറച്ച സീറ്റെങ്കില്‍ ടേം വ്യവസ്ഥ പാലിക്കണം' ആ ഒരൊറ്റ മാനദണ്ഡം വച്ചാണ് മട്ടന്നൂരില്‍ നിന്ന് കെകെ ശൈലജ തെറിച്ചത്. തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ തലപൊക്കിയ വനിതാ മുഖ്യമന്ത്രി ചര്‍ച്ചകളും ജനകീയ നേതാവ് പരിവേഷവും ഒന്നും കണക്കിലെടുക്കേണ്ടതില്ലെന്നായിരുന്നു കെ കെ ശൈലജയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ 2011 മുതല്‍ സണ്ണി ജോസഫ് ജയിച്ച് വരുന്ന മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്ന വിലയിരുത്തലില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
