പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്! മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി; ലീഗ് കൈമാറുന്ന വീടുകള്‍ക്ക് 3 കിടപ്പുമുറികളുള്ള വീടുകള്‍; ആവശ്യമെങ്കില്‍ വീട് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തറബലം; ആവശ്യമായ വീട്ടുപകരണങ്ങളും നല്‍കും; ആയിരങ്ങളെത്തിയ ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും
പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്! മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി
കല്‍പറ്റ: കേരള ജനതയോടെ പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്. മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി. ആയിരങ്ങള്‍ അണിനിറന്ന പരിപാടിയില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സംബന്ധിച്ചു. ആദ്യഘട്ടത്തിലാണ് 51 വീടുകള്‍ നിര്‍മ്മിച്ചു കൈമാറിയത്. നറുക്കെടുപ്പിലൂടെയാണ് വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറിയത്.
ചടങ്ങില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വീടുകളുടെ താക്കോല്‍ കൈമാറി. മുഖ്യാതിഥിയായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. മുസ്ലിം ലീഗിന്റെ ദേശീയ-സംസ്ഥാനതല നേതാക്കളും യുഡിഎഫ് നേതാക്കളും ചടങ്ങില്‍ സന്നിഹിതരായി. വയനാട് ജില്ലയിലെ കല്‍പറ്റയ്ക്കടുത്ത്, മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കര്‍ സ്ഥലത്താണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്.
8 സെന്റില്‍ 1060 ചതുരശ്ര അടിയില്‍ 3 കിടപ്പുമുറികള്‍, 2 ശുചിമുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുന്‍വശത്ത് 7 മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് വീടുകള്‍ കൈമാറുന്നത്.
സിറ്റൗട്ടില്‍ നിന്ന് നേരെ ലിവിങ് റൂമിലേക്കാണു പ്രവേശനം. ഒരു കിടപ്പുമുറിക്കൊപ്പം തന്നെ ശുചിമുറി സൗകര്യമുണ്ട്. മറ്റു രണ്ടു കിടപ്പുമുറികള്‍ക്ക് പൊതുശുചിമുറിയാണ്. 3 വശവും കല്ലുകൊണ്ടു കെട്ടിയ ചുറ്റുമതിലുണ്ട്. വീടുകള്‍ക്കെല്ലാം ഗെയ്റ്റും സ്ഥാപിച്ചു. വീട്ടുമുറ്റത്ത് പൂന്തോട്ടം നിര്‍മിക്കാനും സൗകര്യമുണ്ടാകും.
5 മീറ്റര്‍ വീതിയിലുള്ള ഇടറോഡുകളും പദ്ധതി പ്രദേശത്തുണ്ട്. ഗുണമേന്മയുള്ള ചെങ്കല്ല് ഉപയോഗിച്ചാണു വീടുനിര്‍മാണം. ടൈലുകള്‍, ബാത്റൂം ഫിറ്റിങ്‌സുകള്‍, വാതില്‍ജനല്‍പ്പാളികള്‍, മേല്‍ക്കൂരയിലെ ഓടുകള്‍ എന്നിവയെല്ലാം ഗുണനിലവാരമുള്ളതാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കൊപ്പം ഫര്‍ണിച്ചറും മുസ്ലിം ലീഗ് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ മുകളിലേക്ക് വീട് ഉയര്‍ത്താന്‍ ആവശ്യമായ തറബലത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സര്‍ക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലുണ്ടായിട്ടും കല്‍പറ്റയിലെ മാതൃകാ ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് അപേക്ഷ നല്‍കിയവരെയാണു ഗുണഭോക്താക്കളായി പരിഗണിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. മുസ്ലിം ലീഗ് നല്‍കുന്ന 105 വീടുകളില്‍ ആദ്യഘട്ടത്തില്‍ കൈമാറുന്നത് 51 എണ്ണമാണ്. മേപ്പാടി പഞ്ചായത്തില്‍ മുട്ടില്‍മേപ്പാടി സംസ്ഥാനപാതയോടു ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോട് ആണു മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയൊരുങ്ങുന്നത്.
കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഭവന സമുച്ചയത്തില്‍ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യന്‍ പള്ളിയും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ട്. മേപ്പാടിയില്‍നിന്ന് 5 കിലോമീറ്ററും മുട്ടില്‍ ടൗണില്‍നിന്ന് 4 കിലോമീറ്ററും സഞ്ചരിച്ചാല്‍ പദ്ധതിപ്രദേശത്തെത്താം. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണു വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കര്‍ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്ലിം ലീഗ് വാങ്ങിയത്.
പദ്ധതി പ്രദേശത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ സിബിഎസ്ഇ സ്‌കൂള്‍ അടക്കം 3 ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ട് ഹൈസ്‌കൂളുകളുമുണ്ട്. 10 കിലോമീറ്റര്‍ പരിധിയിലാണ് വിനോദസഞ്ചാര കേന്ദ്രമായ കാരാപ്പുഴ ഡാം. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്.
വീട് ലഭ്യമാകുന്നവര്‍ക്കായി വീട്ടുപകരണങ്ങളും എത്തിച്ചു നല്‍കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് വീട് കൈമാറുന്ന ചടങ്ങ് നടന്നത്.
