'ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം; കൂടുതല്‍ കപ്പലുകള്‍ വരുന്നു; ഇന്ധനലഭ്യതയില്‍ ആശങ്ക വേണ്ട'; സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ഖാര്‍ഗെ

Update: 2026-03-25 14:56 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിദേശകാര്യം, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിലവിലെ സാഹചര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. രാജ്യത്ത് ഇന്ധനക്ഷാമമോ ഊര്‍ജ്ജ പ്രതിസന്ധിയോ ഇല്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ ഇന്ത്യയിലെത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് വിശദീകരണം നല്‍കി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളില്‍ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എല്‍പിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അതേസമയം വിഷയത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നതിന് പകരം ലോക്‌സഭയിലും രാജ്യസഭയിലും ഔദ്യോഗികമായി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെങ്കില്‍, എണ്ണ ശേഖരം, എല്‍പിജി ലഭ്യത, ഗാര്‍ഹിക ഊര്‍ജ്ജ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ എന്തൊക്കെ സജ്ജീകരണങ്ങള്‍ നടത്തി എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കണമെന്ന് നിരവധി പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിന്റെ രീതിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. വിഷയത്തില്‍ പാര്‍ലമെന്ററി തലത്തിലുള്ള ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തില്ല.

ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നതെന്നും ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയും വിതരണ പദ്ധതികളിലൂടെയും കൈകാര്യം ചെയ്യുന്നുവെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍, ഇന്ധനം, വളങ്ങള്‍, വിതരണ ശൃംഖലകള്‍, ലൊജിസ്റ്റിക്‌സ്, വ്യാപാരം എന്നിവ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏഴ് സമിതികളെ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തേ പ്രധാനമന്ത്രി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

പ്രതിസന്ധിയുടെ വിവിധ വശങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ധനം, വളം, വിതരണ ശൃംഖല, വ്യാപാരം തുടങ്ങിയ മേഖലകളിലായി ഏഴ് പ്രത്യേക സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പൂര്‍ണ്ണ സംതൃപ്തരല്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി വ്യക്തമായ ഒരു ചിത്രം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍വകക്ഷി യോഗത്തിന് പകരം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഔദ്യോഗികമായി ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആഗോള വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര തീരുമാനം.

Similar News