എം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്! 49 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഫോണില്‍ വിളിച്ചു സംസാരിച്ചതിന് പിന്നാലെ അതിവേഗ നീക്കം; ലീഗിന്റെ അക്കൗണ്ടില്‍ നിന്നും കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണമടച്ച് ഇടപാട് തീര്‍ത്തു!

എം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്!

Update: 2026-03-25 08:43 GMT

കോഴിക്കോട്: മുതിര്‍ന്ന നേതാവ് എം കെ മുനീറിനെ വിഷമഘട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തി മുസ്ലിംലീഗ്. മുനീറിന്റെ വീട് ജപ്തിയിലേക്ക് പോകുന്ന വിധത്തില്‍ കടബാധ്യത എത്തിയതോടെ അതിവേഗത്തില്‍ തന്നെ ലീഗ് ഇടപെടല്‍ നടത്തി. മുസ്ലിംലീഗിന്റെ അക്കൗണ്ടില്‍ നിന്നും പണമെടുത്ത് മുനീറിന്റെ കടബാധ്യത തീര്‍ക്കുകയായിരുന്നു. 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാം എന്ന് മുനീറിന് ഉറപ്പു നല്‍കി. ഇതിന് പിന്നാലെയാണ് അതിവേഗ് കാര്യങ്ങള്‍ നീങ്ങിയത്. പണം അടച്ചതോടെ എം.കെ മുനീറിന് വീട് നഷ്ടമാവില്ല.

'പാര്‍ട്ടി നേതാക്കള്‍ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടുണ്ട്. ഇതുവരെ അവരോട് ഞാന്‍ ഒന്നും പറഞ്ഞില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് പറയാതിരുന്നതാണ്. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്. എംഎല്‍എ എന്ന നിലയ്ക്കും മന്ത്രി എന്ന നിലയ്ക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. എന്റെ പിതാവിന് ശേഷം എന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണ്'' മുനീര്‍ നേരത്തെ പറഞ്ഞിരുന്നു.

വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. നിലവില്‍ വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 49 ലക്ഷമായി കുറച്ചു.

മുനീറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച വീടാണ് ജപ്തി ഭീഷണിയില്‍ ആയത്. സി.എച്ച്. മുഹമ്മദ് കോയ നിര്‍മിച്ച വീട് ഒരു കാലത്ത് കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഇടമാണ്. ഏകദേശം 10 വര്‍ഷം മുന്‍പാണ് ക്രസന്റ് ഹൗസിന്റെ നവീകരണത്തിനായി മുനീര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. പലതവണയായി തിരിച്ചടയ്ക്കുകയും പുതുക്കുകയും ചെയ്‌തെങ്കിലും 2024ല്‍ അദ്ദേഹത്തിന് 58 ലക്ഷത്തോളം രൂപ കുടിശിക വന്നു.

മന്ത്രിയായിരുന്നപ്പോഴും എംഎല്‍എയായിരുന്നപ്പോഴും കിട്ടിയ തുക വീട്ടുചെലവിനും നിത്യചെലവിനും വേണ്ടി ഉപയോഗിച്ചതായി മുനീര്‍ പറഞ്ഞിരുന്നു. പുസ്തക പ്രസാധനവും വളാഞ്ചേരിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉള്‍പ്പെടെയുളള വ്യാപാരങ്ങളൊന്നും വരുമാന സ്രോതസ്സായിട്ടില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിക്കാത്ത തനിക്ക് എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയാണുള്ളത്. സംഭവമറിഞ്ഞ് പാര്‍ട്ടി നേതൃത്വം വിളിച്ചെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വ്യക്തികളുടെ ബാധ്യത പരിഹരിക്കാന്‍ നിന്നാല്‍ പാര്‍ട്ടി പ്രശ്‌നത്തിലാകും. തന്റെ പിതാവും പാര്‍ട്ടിക്കു വേണ്ടിയാണ് ജീവിച്ചത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തും വീട് ബാങ്കിലായിരുന്നുവെന്നും മുനീര്‍ പറഞ്ഞു.

വീടിനുവേണ്ടി മുനീര്‍ എടുത്ത രണ്ടു വായ്പകളില്‍ ഒരെണ്ണം അടച്ചു തീര്‍ത്തു. 85 ലക്ഷം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഒരു കോടിയോളം എത്തിയിരുന്നു. നഗരമധ്യത്തിലുള്ള ജാഫര്‍ഖാന്‍ കോളനിയില്‍ എട്ടു സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട് വിറ്റാണ് വായ്പയുടെ ഒരു ഭാഗം മുനീര്‍ അടച്ചത്. നിരവധി തവണ എംഎല്‍എ, മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, സംസ്ഥാന പൊതുമരാമത്ത് മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച മുനീര്‍ അടുത്തിടെ അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

സി.എച്ച്.മുഹമ്മദ് കോയയുടെ കാലത്തും നടക്കാവിലെ വീടിന് ജപ്തിഭീഷണി നേരിട്ടിരുന്നു. സാമൂഹിക സേവനത്തിന്റെ മാതൃകയായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ പേരിലുണ്ടായിരുന്ന കടങ്ങള്‍ പില്‍ക്കാലത്ത് പാര്‍ട്ടിയും മക്കളും ചേര്‍ന്ന് അടച്ചു തീര്‍ക്കുകയായിരുന്നു. അതേസമയം, എം.കെ .മുനീറിന്റെ വീട് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കുമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഫൈസല്‍ ബാബു പ്രതികരിച്ചിരുന്നു.

Tags:    

Similar News