തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ഉഷാറാകട്ടെ..! പ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഓഫറുമായി മുസ്ലിംലീഗ് നേതാവ്; തവനൂരില്‍ വി.എസ്.ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസം വിദേശത്ത് ഉല്ലാസയാത്ര; യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബംപര്‍ പ്രഖ്യാപനം നടത്തി സി.പി. ബാവ ഹാജി!

തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ഉഷാറാകട്ടെ..! പ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഓഫറുമായി മുസ്ലിംലീഗ് നേതാവ്

Update: 2026-03-25 07:33 GMT

മലപ്പുറം: മലപ്പുറത്തെ ഇടതു കോട്ടയായ തവനൂരില്‍ ഇത്തവണ പൂരത്തിന് മുന്‍പേ വെടിക്കെട്ട് തുടങ്ങിയിരിക്കുകയാണ്. എല്‍.ഡി.എഫ് കരുത്തന്‍ കെ.ടി. ജലീലിനെ വീഴ്ത്താന്‍ കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. എന്നാല്‍ വെറും പോരാട്ടം പോരാ, പ്രവര്‍ത്തകര്‍ക്ക് ഒരു 'എക്‌സ്ട്രാ ഡോസ്' ആവേശം കൂടി വേണമെന്ന ചിന്തയിലാണ് മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്തെത്തിയിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനായ ഉജ്ജ്വല ഓഫറുമായാണ് സി പി ബാവ ഹാജി എത്തിയിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ജോയിക്ക് സ്വന്തം ബൂത്തില്‍ ലീഡ് ഉണ്ടാക്കി കൊടുക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് ലഭിക്കാന്‍ പോകുന്നത് സ്വപ്നതുല്യമായ സമ്മാനമാണ്. 15 ദിവസത്തെ വിദേശയാത്രയാണ് ബാവ ഹാജി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള ആഡംബര പര്യടനത്തിന് അവസരം ഒരുക്കുമെന്നാണ് പ്രഖ്യാപനം. തവനൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനം ഉണ്ടായത്.

തവനൂരില്‍ ഇത്തവണ കളി മാറും?

കഴിഞ്ഞ മൂന്ന് തവണയും ജലീല്‍ പിടിച്ചടക്കിയ മണ്ഡലമാണ് തവനൂര്‍. എന്നാല്‍ ഇത്തവണ ചിത്രം മാറിയിരിക്കുന്നു. നിലവില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം യു.ഡി.എഫിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കിയാല്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്.

അതേസമയം, നാലാം അങ്കത്തിന് ഇറങ്ങുന്ന കെ.ടി. ജലീലിന് പഴയത്ര സുഖകരമല്ല കാര്യങ്ങള്‍. എല്‍.ഡി.എഫിനുള്ളില്‍ തന്നെ ജലീലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പുകച്ചിലുകള്‍ ഉണ്ടായിരുന്നുവെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് പാര്‍ട്ടി വീണ്ടും കൈവിടുകയായിരുന്നു. ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ തവണ വെറും രണ്ടായിരത്തോളം വോട്ടുകള്‍ക്ക് തോറ്റ മണ്ഡലത്തില്‍ ജോയിയുടെ വ്യക്തിപ്രഭാവവും യു.ഡി.എഫ് ഐക്യവും ജലീലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

യു.ഡി.എഫാകട്ടെ 'ജലീല്‍കോട്ട' തകര്‍ക്കാനായി പല മാര്‍ഗങ്ങളും പരിഗണിച്ചശേഷമാണ് വി.എസ്. ജോയിയിലേക്കെത്തിയത്. മണ്ഡലത്തിലെയും താലൂക്കിലെയും യുവാക്കളെയും സന്ദീപ് വാരിയരടക്കമുള്ളവരെയും പരിഗണിച്ചു. മുസ്ലിം ലീഗില്‍നിന്നുള്ള വോട്ടു ചോര്‍ച്ച തടയാനായി തിരുവമ്പാടിയുമായിവെച്ചുമാറി മണ്ഡലം ലീഗിന് നല്‍കാനും ആലോചന നടന്നു. ഒടുവില്‍ ഏവര്‍ക്കും സ്വീകാര്യനായ വി.എസ്. ജോയിയെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫിന്റെ ട്രംപ് കാര്‍ഡായി ജോയി ഇവിടെ മാറിയിരിക്കുകയാണ്.

അപ്രവചനീയമായി മാറിയ തവനൂരിലെ പോരാട്ടത്തില്‍ എന്‍.ഡി.എ.യും ഇക്കുറി നിര്‍ണായകമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9,914 വോട്ടുമാത്രമുണ്ടായിരുന്ന എന്‍.ഡി.എ.യ്ക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍നിന്ന് 19,041 വോട്ട് ലഭിച്ചു. മണ്ഡലത്തില്‍ പരിചിതനായ രവി തേലത്തിലൂടെ ഇത് ഇനിയും വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവരും.

ബി.ജെ.പി കൂടി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടെ തവനൂരിലെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നത് പ്രവചനാതീതമാണ്. എന്തായാലും ബാവ ഹാജിയുടെ ഓഫര്‍ വന്നതോടെ യു.ഡി.എഫ് ക്യാമ്പുകള്‍ ഉഷാറായിട്ടുണ്ട്. ഏതായാലും ഈ ഗള്‍ഫ് യാത്ര ആര്‍ക്കൊക്കെ അടിക്കുമെന്ന് അറിയാന്‍ വോട്ടെണ്ണല്‍ ദിവസം വരെ കാത്തിരിക്കണം.

Tags:    

Similar News