സി.എച്ചിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന 'ക്രസന്റ് ഹൗസ്' ലേലത്തിന്; മുനീറിനൊപ്പം ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി; ബാധ്യത 49 ലക്ഷം രൂപ.. ഈ മാസം 31-നകം തുക അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലേക്ക്; മുനീറിന്റെ സങ്കടം നമ്മുടേതാണ്, അന്തസ്സോടെ സംരക്ഷിക്കുമെന്ന് ഫൈസല്‍ ബാബു; മുനീറിന് സംരക്ഷിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ 'ക്രസന്റ് ഹൗസ്' ജപ്തി ഭീഷണിയിലായ സംഭവത്തില്‍ അടിയന്തര ഇടപെടലുമായി മുസ്ലിം ലീഗ് നേതൃത്വം. കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തറവാട് വീട് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുനീര്‍ സാഹിബിന്റെ സങ്കടം കേവലം ഒരു വ്യക്തിയുടേതല്ലെന്നും അത് ലക്ഷക്കണക്കിന് വരുന്ന ലീഗ് അണികളുടേതാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഫൈസല്‍ ബാബു പറഞ്ഞു. മുനീര്‍ നേരിടുന്ന ഈ അഗ്‌നിപരീക്ഷയില്‍ പാര്‍ട്ടിയും അണികളും അദ്ദേഹത്തിനൊപ്പം കോട്ടപോലെ കാവലുണ്ടാകുമെന്ന ഉറപ്പാണ് നേതൃത്വം നല്‍കുന്നത്.
കാലിക്കട്ട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടര്‍ന്നാണ് നടക്കാവിലെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചത്. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. ഈ മാസം 31-നകം തുക അടച്ചുതീര്‍ക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. എന്നാല്‍, 'ക്രസന്റ് ഹൗസ്' എന്നത് എം.കെ. മുനീറിന്റെ മാത്രം വീടല്ലെന്നും അത് ഓരോ ലീഗ് പ്രവര്‍ത്തകന്റെയും വികാരമാണെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ഉള്‍പ്പെടുന്ന നേതൃത്വം മുനീറിനെയും കുടുംബത്തെയും അന്തസ്സോടെ സംരക്ഷിക്കുമെന്നും വീട് നഷ്ടപ്പെടുമെന്ന ചര്‍ച്ചയ്ക്ക് പോലും ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിലേറെ സജീവ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന മുനീര്‍ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതകളും കാരണം ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ ശൂന്യതയ്ക്ക് പുറമെയാണ് ഇപ്പോള്‍ കിടപ്പാടം പോലും ലേലത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. മുന്‍പ് ജാഫര്‍ ഖാന്‍ കോളനിയിലെ വീടും സമാനമായ ബാധ്യതയെത്തുടര്‍ന്ന് വില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ സി.എച്ചിന്റെ തറവാട് വീടിന് മുകളില്‍ ജപ്തി നോട്ടീസ് പതിഞ്ഞത് അണികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ആദര്‍ശ രാഷ്ട്രീയത്തിന് വലിയ വില നല്‍കേണ്ടി വരുന്ന ഒരു നേതാവിന്റെ നേര്‍ചിത്രമാണ് മുനീറിലൂടെ കേരളം കാണുന്നത്. പലതവണ മന്ത്രിയും എം.എല്‍.എയുമായിരുന്നിട്ടും സ്വന്തം വീട് നവീകരണത്തിനായി എടുത്ത വായ്പ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി ബാധ്യത കുറച്ചു നല്‍കിയിട്ടും അത് അടച്ചുതീര്‍ക്കാന്‍ മുന്‍ മന്ത്രിക്കായില്ല എന്നത് രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ പോലും മുനീറിന്റെ സത്യസന്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
കോഴിക്കോട്ടെ മുസ്ലിം ലീഗിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്തിരുന്ന കേന്ദ്രമായിരുന്നു 'ക്രസന്റ് ഹൗസ്'. അത്തരമൊരു തറവാട് കൈവിട്ടുപോകുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു വൈകാരിക ആഘാതമായിരിക്കും. മുനീറിനെ രാജ്യസഭയിലേക്ക് അയക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണെങ്കിലും, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്നതാണ് ലീഗ് നേതൃത്വത്തിന് മുന്നിലുള്ള പ്രഥമ കടമ. മുനീറിനെ സഹായിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തന്നെ രംഗത്തിറങ്ങുന്നതോടെ ജപ്തി ഭീഷണി ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
സി.എച്ചിന്റെ മകന് ഇത്തരമൊരു ദുരവസ്ഥ വന്നത് ലീഗ് നേതൃത്വത്തിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണം സമാഹരിച്ച് ബാധ്യത തീര്‍ക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. മുനീര്‍ സാഹിബിന്റെ അഭിമാനം കാക്കാന്‍ ഏതറ്റം വരെയും പോകാന്‍ പാര്‍ട്ടി തയ്യാറാണെന്ന സന്ദേശമാണ് ഫൈസല്‍ ബാബുവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. അഗ്‌നിപരീക്ഷകള്‍ക്കൊടുവില്‍ മുനീര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അണികള്‍.
