മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശയവിനിമയങ്ങളില്‍ ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നത് ഗൗരവമായി പരിശോധിക്കപ്പെടും; ജീവനക്കാരുടെ രാഷ്ട്രീയം ആ ഇമെയിലിലെ ചതിയായോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപി സീല്‍; പോലീസും അന്വേഷണത്തില്‍; ചതിയനെ കണ്ടെത്താന്‍ രണ്ടും കല്‍പ്പിച്ച് രത്തന്‍ കേല്‍ക്കര്‍

Update: 2026-03-25 02:09 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി സംസ്ഥാന സമിതിയുടെ സീല്‍ പതിഞ്ഞത് വെറുമൊരു പിശകല്ലെന്നും ബോധപൂര്‍വ്വമായ ചതിയാണെന്നുമുള്ള പ്രാഥമിക വിലയിരുത്തലില്‍ കമ്മീഷന്‍. സംഭവത്തില്‍ അഡീഷണല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ പി.ബി. നൂഹിന് വിശദമായ അന്വേഷണച്ചുമതല നല്‍കി. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്വും സംഘടന പ്രവര്‍ത്തനവും കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍, ജീവനക്കാരെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാന ബിജെപി ഘടകം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം തേടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിനൊപ്പം കമ്മീഷന്റെ തന്നെ 2019-ലെ ഒരു കത്തിന്റെ പകര്‍പ്പും ബിജെപി ഹാജരാക്കി. ഈ പകര്‍പ്പില്‍ ബിജെപി സംസ്ഥാന സമിതിയുടെ സീല്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കമ്മീഷന്‍ ഓഫീസില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മറുപടി അയച്ചപ്പോള്‍ ബിജെപി സീല്‍ പതിപ്പിച്ച ഈ പകര്‍പ്പ് ഔദ്യോഗിക രേഖയായി ഉള്‍പ്പെട്ടതാണ് വിനയായത്. സിപിഎമ്മിന് ലഭിച്ച കത്തില്‍ ബിജെപി സീല്‍ കണ്ടതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ പരാമര്‍ശിച്ചത്. സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഒരു ഉദ്യോഗസ്ഥനെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും, ഇത് കേവലം ഒരാളുടെ മാത്രം പിശകല്ലെന്നും ആസൂത്രിതമായ നീക്കമാണെന്നും കമ്മീഷന്‍ സംശയിക്കുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശയവിനിമയങ്ങളില്‍ ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നത് ഗൗരവമായി പരിശോധിക്കപ്പെടും. വീഴ്ച തെളിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള നിക്ഷ്പക്ഷ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ തങ്ങളുടെ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന പരാതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പണ്ടേയുണ്ട്. കടുത്ത സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരാണ് മിക്കവരും എന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കമ്മീഷനിലെ ജീവനക്കാരുടെ മുന്‍കാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ വിശ്വാസ്യതയെക്കുറിച്ചും ഒരു ഓഡിറ്റിംഗ് നടത്താന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്.

വിവാദ കത്തിന്റെ പകര്‍പ്പ് സിപിഎം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ചതി പുറത്തായത്. എന്നാല്‍ കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ പോസ്റ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിനോട് കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പല മാധ്യമപ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഈ കത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും കേരള പോലീസ് നോട്ടീസ് നല്‍കിയതായാണ് വിവരം.

പിശക് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തല്‍ വരുത്തുകയും രാഷ്ട്രീയ പാര്‍ട്ടികളെ വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് രത്തന്‍ യു. കേല്‍ക്കറുടെ വിശദീകരണം. ഒന്നും മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ഐടി ആക്ട് പ്രകാരമുള്ള പോലീസ് നടപടികളുമായി മുന്നോട്ട് പോകാനാണ് കമ്മീഷന്‍ തീരുമാനം. ബോധപൂര്‍വ്വം തെറ്റായ രേഖകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്‌പെന്‍ഡ് ചെയ്തത് കീഴുദ്യോഗസ്ഥനെ ബലിയാടാക്കാനുള്ള നീക്കമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഉന്നതതലത്തില്‍ കൃത്യമായ പരിശോധന നടക്കാതെ ഇത്തരം കത്തുകള്‍ പുറത്തുപോകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പി.ബി. നൂഹിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് പ്രാധാന്യമേറുന്നത്. കമ്മീഷന്‍ ഓഫീസിലെ ഫയല്‍ നീക്കങ്ങളും ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകളും ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബിനാമികളായി മാറുന്നു എന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാകുന്നത് ജനാധിപത്യത്തിന് അപകടമാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ പതിപ്പിച്ച കത്ത് കമ്മീഷന്‍ ലെറ്റര്‍പാഡില്‍ പുറത്തുപോയത് അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാകാന്‍ സാധ്യതയുള്ള വീഴ്ചയാണ്. അതുകൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിശ്വാസ്യത വീണ്ടെടുക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

സൈബര്‍ ഇടങ്ങളില്‍ കത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവര്‍ത്തിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നതിനെ ചൊല്ലിയും വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

പി.ബി. നൂഹ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഡെപ്യൂട്ടേഷനില്‍ എത്തുന്നവരുടെ രാഷ്ട്രീയം പരിശോധിക്കാനും നിശ്ചിത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും കമ്മീഷന്‍ നിര്‍ബന്ധിതരാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇത്തരം വിവാദങ്ങള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതര്‍.

Tags:    

Similar News