ശാരീരിക ബുദ്ധിമുട്ട്; സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലെത്തി
സോണിയാ ഗാന്ധിയെ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആരോഗ്യപ്രശ്‌നത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല. മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ സോണിയക്കൊപ്പമുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ വഷളായതാണ് ആരോഗ്യനില മോശമാകാന്‍ കാരണമായതെന്ന് അന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. പരിശോധനയില്‍ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വര്‍ധനവുണ്ടായതായി കണ്ടെത്തിയെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. 2025 ജൂണിലും ഫെബ്രുവരിയിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 79-കാരിയായ സോണിയ ഗാന്ധി നിലവില്‍ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ എംപിയായി സേവനമനുഷ്ഠിക്കുകയാണ്.