ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണമെന്ന് ഒരേ സ്വരത്തില്‍ ഇരുവരും; ഹോര്‍മുസിലെ തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ് മോദി; യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാനമന്ത്രി; നയതന്ത്ര നീക്കങ്ങള്‍ സജീവം

നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്

Update: 2026-03-24 14:42 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ഇരുനേതാക്കളും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ (X) കുറിച്ചതിങ്ങനെ: 'പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്ക് തുറന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ചര്‍ച്ച ചെയ്തു'.

യുഎസ് പ്രസിഡന്റുമായി താന്‍ 'ഉപയോഗപ്രദമായ സംഭാഷണം' നടത്തിയെന്ന് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുന്നുവെന്ന് എക്‌സിലെ (X) കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ആഗോള സ്ഥിരതയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭാഷണം നടന്നത്. യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് ദിനപത്രമായ 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ 'അംഗീകരിക്കാനാവില്ലെന്ന്' പ്രധാനമന്ത്രി മോദി

ഹോര്‍മുസ് കടലിടുക്കിലെ ഏതൊരു തടസ്സവും 'അംഗീകരിക്കാനാവില്ലെന്ന്' പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ വ്യക്തമാക്കി. വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും ആഗോള കപ്പല്‍ ഗതാഗത പാതയിലെ തടസ്സങ്ങളിലും ലോക്സഭയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

'വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലെ തടസ്സങ്ങളും അംഗീകരിക്കാനാവില്ല. ഈ യുദ്ധസാഹചര്യത്തിലും നയതന്ത്രത്തിലൂടെ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യ നിരന്തരം പരിശ്രമിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഇടുങ്ങിയ പാതയായ ഹോര്‍മുസ് കടലിടുക്ക് ലോകത്തെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ആഗോള ഊര്‍ജ്ജ സ്ഥിരതയ്ക്ക് ഈ പാത അതീവ നിര്‍ണ്ണായകമാണ്. ഈ ഇടനാഴിയിലൂടെയുള്ള ഗതാഗതത്തിനുണ്ടായ സമീപകാല തടസ്സങ്ങള്‍ ഒരു ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് തന്നെ കാരണമായിട്ടുണ്ട്.

രാജ്യസഭയെ അഭിസംബോധന ചെയ്യവെ, നിലവിലെ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചിരിക്കുകയാണെന്നും ഇതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുക്കുമെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നല്‍കി.

'ഈ യുദ്ധം ലോകത്ത് ഗുരുതരമായ ഇന്ധനപ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. യുദ്ധം നമ്മുടെ വ്യാപാര പാതകളെ ബാധിച്ചു. ഇതോടെ പെട്രോള്‍, ഡീസല്‍, ഗ്യാസ്, വളങ്ങള്‍ എന്നിവയുടെ പതിവ് വിതരണത്തെ ഇത് ബാധിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

എങ്കിലും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയിലുണ്ടാവുന്ന ആഘാതം കുറയ്ക്കുന്നതിന് തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ചര്‍ച്ചകളില്‍ പുരോഗതിയെന്ന് യുഎസ്; പച്ചക്കള്ളമെന്ന് തള്ളി ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണം അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായും, ടെഹ്റാനുമായി 'ഫലപ്രദമായ' ചര്‍ച്ചകള്‍ നടന്നതായും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.

എന്നാല്‍ അമേരിക്കയുടെ ഈ അവകാശവാദങ്ങളെ ഇറാന്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ടെഹ്റാനില്‍ നിന്നുള്ള 'ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന്' മാത്രമാണ് ട്രംപ് പിന്മാറിയതെന്ന് ഇറാന്‍ വ്യക്തമാക്കി. സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനും യുഎസിനും ഇസ്രായേലിനും ഏറ്റ തിരിച്ചടികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ട്രംപിന്റെ ശ്രമം വെറും 'വ്യാജവാര്‍ത്ത' മാത്രമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് വിശേഷിപ്പിച്ചു.

എക്‌സിലെ (X) കുറിപ്പില്‍ ഖാലിബാഫ് പറഞ്ഞതിങ്ങനെ: 'അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. സാമ്പത്തിക, എണ്ണ വിപണികളില്‍ കൃത്രിമം കാണിക്കാനും അമേരിക്കയും ഇസ്രായേലും അകപ്പെട്ടിരിക്കുന്ന ചതുപ്പില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.'

Tags:    

Similar News