വിമാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഖത്തര്‍ എയര്‍വേയ്‌സ്; എയര്‍ബസുകള്‍ ഇനി സ്പെയിനില്‍ സുരക്ഷിതം; തിരികെ എത്താന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം? ഹമദ് വിമാനത്താവളം നിശ്ചലമാകുമോ?

Update: 2026-03-25 03:51 GMT

ശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ 20 വിമാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഖത്തറില്‍ നിന്ന് 3,000 മൈലിലധികം അകലെയുള്ള സ്പെയിനിലെ ടെറുവല്‍ വിമാനത്താവളത്തിലേക്കാണ് ഇവ മാറ്റിയത്. വിമാനങ്ങളുടെ വിനോദസഞ്ചാര കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടം യൂറോപ്പിലെ ഏറ്റവും വലിയ വിമാന പരിപാലന-സംഭരണ കേന്ദ്രങ്ങളിലൊന്നാണ്.

മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങള്‍ കാരണം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് വിമാനങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചത്. ഇത് താത്കാലികമായ ഒരു നടപടിയാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതോടെ വിമാനങ്ങള്‍ തിരികെ സര്‍വീസില്‍ എത്തിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

വിമാനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലോകപ്രശസ്തമാണ് സ്പെയിനിലെ ഈ വിമാനത്താവളം. ഇതിനു പിന്നിലെ പ്രധാന കാരണങ്ങള്‍ നിരവധിയാണ്. ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത ഉണങ്ങിയ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മറ്റൊന്ന് ഇതിന്റെ വിസ്തൃതിയാണ്. ഒരേസമയം നൂറുകണക്കിന് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

കോവിഡ് കാലത്ത് 140-ഓളം വിമാനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. വാലന്‍സിയയ്ക്കും മാഡ്രിഡിനും ഇടയിലുള്ള ഈ പ്രദേശം വിമാനങ്ങള്‍ സൂക്ഷിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടമായി ഇവിടം കണക്കാക്കപ്പെടുന്നു. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. 2026 മാര്‍ച്ച് 29 മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഖത്തറിന്റെ വ്യോമപാത ഔദ്യോഗികമായി തുറക്കുന്നതോടെ മാത്രമേ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂ. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായും സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി.

Similar News