എട്ടു പ്രസിദ്ധ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ കാമ്പസ് തുടങ്ങി; അബര്‍ഡീന്‍, ബ്രിസ്റ്റള്‍, കവന്‍ട്രി, ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റികള്‍ അഡ്മിഷന്‍ എടുത്ത് മുന്‍പോട്ട്; യുകെയില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ഇനി ഇന്ത്യയില്‍ തന്നെ പഠിക്കുമോ? വിശദാംശങ്ങള്‍ അറിയാം
മുംബൈ നഗരത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ് പവായ് തടകക്കരയിലായി പ്രവര്‍ത്തനമാരംഭിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 2026 - 27 അധ്യായന വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇതിനോടകം തന്നെ യൂണിവേഴ്‌സിറ്റി ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിക്കും. ആദ്യവര്‍ഷം 270 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക എന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കിക്കഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തി പ്രതിവര്‍ഷം 3000 മുതല്‍ 4000 വിദ്യാര്‍ത്ഥികള്‍ക്ക് വരെ പ്രവേശനം അനുവദിക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ക്യാമ്പസ് ആരംഭിച്ച എട്ട് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക്. കഴിഞ്ഞ തവണ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ക്ക് അന്തിമരൂപം നല്‍കിയത്. അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, ക്യൂന്‍സ്, ബെല്‍ഫാസ്റ്റ് ആന്‍ഡ് കവന്‍ട്രി യൂണിവേഴ്‌സിറ്റികളാണ് ഇന്ത്യയില്‍ ക്യാമ്പസ് തുറന്ന മറ്റ് യൂണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണ്‍ ഇതിനോടകം തന്നെ ഡല്‍ഹിയില്‍ ക്യാമ്പസ്സ് തുറന്നിട്ടുണ്ട്.
2020 -ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളുമൊക്കെ തന്നെ 2023 ഓടെ പുറത്തിറക്കുകയും ചെയ്തു. സ്വന്തം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് ഇത് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. എന്നാല്‍, പ്രവര്‍ത്തന മേഖല വിപുലീകരിക്കുക എന്നത് പ്രായോഗികമായി ഏറെ ക്ലേശകരമായ ഒന്നാണെന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 40 ദശലക്ഷം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണുള്ളത്. വരുന്ന ഒരു പതിറ്റാണ്ടിനിടയില്‍ ചുരുങ്ങിയത് 70 മില്യന്‍ യൂണിവേഴ്‌സിറ്റി സീറ്റുകളെങ്കിലും ആവശ്യമായി വരും. ഇത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് വന്‍ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി പ്രതിവര്‍ഷം 12 ലക്ഷം രൂപയോളം ചെലവഴിക്കാന്‍ കഴിവുള്ള 40 മുതല്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ വരെ ഇന്ത്യയിലുണ്ടെന്ന് വണ്‍സ്റ്റെപ് ഗ്ലോബലിലെ ആരിത്ര ഘോഷല്‍ പറയുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹം കൂടുതല്‍ വളരുന്നതിനാല്‍ ഭാവിയില്‍ ഇവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും.
എന്നാല്‍, യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍, അവരുടെ യു കെ ക്യാമ്പസ്സില്‍ ഈടാക്കുന്നതിന്റെ പകുതി ഫീസ് മാത്രമായിരിക്കും ഇന്ത്യന്‍ ക്യാമ്പസ്സില്‍ ഈടാക്കുക എന്ന് കേഡ്‌സ് പറയുന്നു. ഇന്ത്യയിലെ മറ്റ് പല പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതിനേക്കാള്‍ ഇത് കൂടുതലായിരിക്കുമെങ്കിലും, വിദ്യാഭ്യാസ ഗുണനിലവാരം അതിനെ സാധൂകരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോള നിലവാരമുള്ള സിലബസ്സായിരിക്കും യോര്‍ക്ക് യൂണിവേഴ്‌സിറ്റി ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുക. മാത്രമല്ല, തൊഴില്‍ വൈവിധ്യവും, തൊഴില്‍ സാധ്യതയും പരിഗണിച്ചുകൊണ്ടുള്ളതുമായിരിക്കും കോഴ്‌സുകള്‍ എല്ലാം തന്നെ. അതോടൊപ്പം പ്രമുഖ വ്യവസായശാലകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
നിലവില്‍ ഇന്ത്യയില്‍ നിന്നും വിദേശ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഉന്നം വയ്ക്കുന്നത് വിദേശത്ത് ഒരു തൊഴില്‍ നേടുക എന്നതാണ്. കാനഡയും, ബ്രിട്ടനും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ അതിനുള്ള സാധ്യത വളരെ കുറഞ്ഞിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജനിച്ചു വളര്‍ന്ന സാംസ്‌കാരിക പശ്ചാത്തലത്തില്‍ തന്നെ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭിക്കുന്നതിന് പ്രാധാന്യമര്‍ഹിക്കുന്നത്.
