'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല; എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ല; മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ല; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി

'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്,

Update: 2026-03-25 04:52 GMT

ഇടുക്കി: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി. മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി പറഞ്ഞു. തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നതെന്നും പാര്‍ട്ടിക്കെതിരെ റിബലായി മത്സരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന്‍ നല്ല പ്രവര്‍ത്തകനും നേതാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ആകെ ഷുഗര്‍ മാത്രമാണുളളതെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴും യുവാവിന്റെ മനസാണ്. അടിച്ചാല്‍ തിരിച്ചടിക്കും. അടി കിട്ടിയിട്ട് പ്രതിഷേധിച്ചിട്ട് മാത്രം കാര്യമില്ല. ഒന്നും ഇല്ലെങ്കിലും കടിച്ചെങ്കിലും പറിക്കണം. വിവാദങ്ങളില്‍ നിന്നാണ് ഇന്നത്തെ എംഎം മണി ഉയര്‍ന്നുവന്നത്. കേസ് വന്നാല്‍ നേരിടും. പോടാ പുല്ലെ എന്ന് പറയും': എം എം മണി പറഞ്ഞു.

അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തനിക്ക് 87 വയസാകുമെന്നും അന്ന് പാര്‍ട്ടി പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എം എം മണി പറഞ്ഞു. സഖാക്കളെ തല്ലിയാല്‍ തിരിച്ചു തല്ലിക്കുമെന്നും ഇന്നുവരെ അങ്ങനെ ചെയ്തിട്ടുണ്ട്, നാളെയും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സിനിമയിലെ കഥാപാത്രമാക്കുന്നതിനോട് എതിര്‍പ്പില്ലെന്നും സിനിമ ഇഷ്ടമാണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ യുഡിഎഫ് കൂടുതല്‍ സീറ്റ് നേടും എന്നു പറയുന്നത് പട്ടിയുടെ സ്വപ്‌നം പോലെയാണെന്നും മണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം സര്‍ക്കാര്‍ കേരളത്തില്‍ വരുമെന്ന കാര്യം ഉറപ്പാണ്. അതില്‍ തന്നെ ഇടുക്കി ജില്ലയില്‍ നിന്നുള്ള സംഭാവനയും ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇടുക്കിയില്‍ 5 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും. കഴിഞ്ഞ 10 വര്‍ഷം ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഉണ്ടായത് ചരിത്രത്തില്‍ ഇല്ലാത്ത വികസനമാണ്.1000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇടുക്കി ജില്ലയിലുള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ നടന്നിട്ടുള്ളതെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമര്‍ശനവുമായി ജി. സുധാകരന്‍ രംഗത്തുവന്നു. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്നു പേരിട്ടു. ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ തുടരണോ- ഇക്കാര്യം ജനം ചിന്തിക്കണം. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാല്‍ പ്രശ്‌നമാണെന്നും ജി. സുധാകരന്‍ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു.

എത്രപേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോണ്‍ഗ്രസില്‍ ആള് കൂടുന്നത് നല്ല പ്രവൃത്തികൊണ്ട് മാത്രമാണ്. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും നല്ല നേതാക്കളില്ല. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‌യുക്കാര്‍ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്‌ഐയിലില്ല. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു.

പാര്‍ട്ടിക്കാര്‍ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കില്‍ തനിക്കെതിരേ പോസ്റ്റിടുന്നു. ഭാവിയില്‍ ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ആളില്ലാതെ വരുമെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി. സുധാകരന്‍ പറഞ്ഞു.

Tags:    

Similar News