കരുനാഗപ്പള്ളിയിലെ സി ആര്‍ മഹേഷ് മോഡല്‍ കണ്ട് അത്ഭുതം കൂറിയ നേതാക്കള്‍; തോറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പറഞ്ഞതോടെ 5 വര്‍ഷം മണ്ഡലങ്ങളില്‍ തുടര്‍ന്ന റിയാസ് മുക്കോളിയും ബി എസ് അനൂപും; ആ അധ്വാനം കണ്ടില്ലെന്ന് നടിച്ച് സീറ്റ് നല്‍കാതെ പാര്‍ട്ടി; നിറകണ്ണുമായി പാര്‍ട്ടിക്കൊപ്പം നിന്ന് റിയാസ്; അര്‍ഹിക്കുന്ന അംഗീകാരമായി വി എസ് ജോയിക്കും അഭിജിത്തിനും സീറ്റ്; കോണ്‍ഗ്രസ് സ്ഥാനാര്‍തി നിര്‍ണായത്തിലെ നെല്ലും പതിരും
കോണ്‍ഗ്രസ് സ്ഥാനാര്‍തി നിര്‍ണായത്തിലെ നെല്ലും പതിരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചിത്രം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോട അന്തിമചിത്രം തെളിയും. പത്ത് വര്‍ഷമായി അകന്നു നിന്ന ഭരണം തിരികെ പിടിക്കുക എന്നതാണ് യുഡിഎഫിന്‍രെ ലക്ഷ്യം. അതിനായി കോണ്‍ഗ്രസ് ഉജ്ജ്വല പ്രകടനം കാഴ്ച്ചവെക്കേണ്ട അവസ്ഥയാണ്. എന്നാല്‍, പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടിക കൊണ്ട് അതിന് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. ഇക്കാരയ്ത്തില്‍ പല കേന്ദ്രങ്ങളും സംശയങ്ങള്‍ രേഖപ്പെടുത്തിയിണ്ട്. കോണ്‍ഗ്രസ് സ്ഥാാര്‍ഥി നിര്‍ണായത്തില്‍ ചിലര്‍ തഴയപ്പെട്ടപ്പോള്‍ ചിലര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന് വേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലങ്ങളില്‍ രാപ്പകല്‍ കഷ്ടപ്പെട്ടവര്‍ പുറത്തും, ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഇടംപിടിച്ചവര്‍ അകത്തും എന്ന പതിവ് രീതി ഇത്തവണയും ആവര്‍ത്തിച്ചു. കരുനാഗപ്പള്ളിയില്‍ സി.ആര്‍. മഹേഷ് കാണിച്ചുതന്ന ആ 'അതിജീവന മാതൃക' പിന്തുടരാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച റിയാസ് മുക്കോളിയെ പോലുള്ളവര്‍ ഒടുവില്‍ തഴയപ്പെട്ടത് അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ച സി ആര്‍ മഹേഷ് പരാജയപ്പെട്ടിരുന്നു. എന്നാല്‍, അടുത്തതവണ മണ്ഡലം തിരിച്ചു പിടക്കാന്‍ ലക്ഷ്യമാക്കി അദ്ദേഹം 5 വര്‍ഷം മണ്ഡലത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു. ഈ അധ്വാനം 2021ല്‍ ഫലം കണ്ടു. മഹേഷ് ആ മണ്ഡലത്തില്‍ നിന്നും പിടിച്ചു കയറി. ഈ വിജയം കോണ്‍ഗ്രസിന്റെ പ്ലീനം വേദികളില്‍ അടക്കം ചര്‍ച്ചയായി. മഹേഷ് മോഡല്‍ മാതൃകയാക്കി പ്രവര്‍ത്തനം നടത്താന്‍ യുവാക്കളായ നേതാക്കളോട് പാര്‍ട്ടി നിര്‍ദേശിച്ചു. നേതാക്കളുടെ വാക്കുവിശ്വസിച്ചു മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിവര്‍ക്ക് കാലം കഴിഞ്ഞപ്പോള്‍ പണികിട്ടി.
കോണ്‍ഗ്രസിലെ അധികാര സമവാക്യങ്ങള്‍ മാറിയതോടെ ഇങ്ങനെ അധ്വാനിച്ചവര്‍ക്ക് സീറ്റ് ലഭിക്കാതെ പോയത്. പട്ടാമ്പി കേന്ദ്രമാക്കി പ്രവര്‍ത്തിച്ച റിയാസ് മുക്കോളിയെ പോലുള്ളവര്‍ക്ക് സീറ്റ് ലഭിക്്കാതെ പോയത് അണികള്‍ക്കും നഷ്ടമായി. മഹേഷ് മോഡല്‍ മാതൃകയാക്കാന്‍ കെ.പി.സി.സി നേതൃത്വം തന്നെയായിരുന്നു റിയാസ് മുക്കോളിയോടും ബി.എസ്. അനൂപിനോടും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ബി എസ് അനുപ് സീറ്റ് നിഷേധിച്ചതോടെ ബിജെപിയില്‍ചേര്‍ന്നു
വിങ്ങിപ്പൊട്ടി പാര്‍്ട്ടിക്കൊപ്പം നിന്ന് റിയാസ് മുക്കോളി
പട്ടാമ്പിയില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം ആ മണ്ഡലത്തിലെ ഓരോ വീടുകളിലും റിയാസ് എത്തിയിരുന്നു. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമായി മാറിയ റിയാസിനെ ഇത്തവണ കൈവിട്ടത് പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കിയവരെ ഞെട്ടിച്ചിരുന്നു. ഇവിടെ വി പി ഷാജിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. സീറ്റ് നിഷേധിച്ചതോടെ മറ്റുപാര്‍ട്ടികളില്‍ നിന്നടക്കം റിയാസിന് ഓഫറുകള്‍ എത്തി എന്നാല്‍ റിയാസ് താനെങ്ങും പോകാനില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.
അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും റിയാസ് മുക്കോളി വ്യക്തമാക്കി. 'പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും വിളിച്ചിരുന്നു. സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം അപ്പോള്‍ തന്നെ നിരസിച്ചതാണ്. ഞാന്‍ ഒരിക്കലും അത്തരം ഒരു തീരുമാനം എടുക്കില്ല. യുഡിഎഫ് പറയുന്ന ഏതൊരു മണ്ഡലത്തിലും പ്രചാരണത്തിന് പോകും. 140 മണ്ഡലത്തിലും പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹം.'
കിട്ടാത്തതിനെ സംബന്ധിച്ച് വേദനിക്കുകയല്ല വേണ്ടത്, കിട്ടിയതിനെ കുറിച്ച് സന്തോഷിക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണ മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നു. കഴിഞ്ഞ തവണ പട്ടാമ്പി മത്സരിച്ചപ്പോള്‍ തോറ്റാലും അവിടെ ഉള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചു. പട്ടാമ്പിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചു. പട്ടാമ്പിയില്‍ പ്രത്യേക സാഹചര്യത്തിലാണ് ഷാഫി പട്ടാമ്പി വിമതനായത്. ഷാഫി പട്ടാമ്പിയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. സിപിഎമ്മിന് സ്ഥാനാര്‍ഥി ക്ഷാമമാണ്. ഇത് യുഡിഎഫിന്റെ സുനിശ്ചിത വിജയമാണ് സൂചിപ്പിക്കുന്നതെന്നും റിയാസ് മുക്കോളി പറഞ്ഞത് ഇങ്ങനെയാണ്.
റിയാസിന്റെ അധ്വാനം അടുത്തറിയുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
റിയാസ് മുക്കോളിയെ പരിചയപ്പെടുന്നത് 2014 ല്‍ ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ആയി മലപ്പുറത്ത് എത്തിയ കാലത്ത് ആണ് ..സമര വേദികളില്‍ , അതി തീവ്രമായി ഉള്ള പ്രക്ഷോഭ ഇടങ്ങളില്‍ ആണ് റിയാസിനെ അധികവും കണ്ടിട്ടുള്ളത്. ലാത്തി കണ്ടാല്‍ തിരിഞ്ഞോടുന്ന , ജല പീരങ്കി ഉണ്ടെങ്കില്‍ മാത്രം സമരത്തിന് ഇറങ്ങുന്ന , വെള്ള ലിനന്‍ കുപ്പായത്തില്‍ ചളി പറ്റിക്കാത്ത ഒരുപാട് പേരുള്ള കൂട്ടത്തില്‍ റിയാസ് മുക്കോളി എല്ലാ അര്‍ത്ഥത്തിലും വേറിട്ട ആളായിരുന്നു...മേല്‍ വേദനിക്കാന്‍ ഭയമില്ലാത്ത ചോര കണ്ടാല്‍ തല കറങ്ങാത്ത പോരാളി...ആശയ സമ്പന്നമായിരുന്നു പല സമരങ്ങളും സമയോചിതം ആയിരുന്നു എല്ലാം...എല്ലാവരും പുറത്തിറങ്ങാന്‍ മടിച്ച കോവിഡ് കാലത്തും പരിധികള്‍ പാലിച്ച് കളം നിറഞ്ഞു...സമരമാണ് ജീവിതമെന്ന് സ്വയം തെളിയിച്ചുകൊണ്ടിരുന്നു മുക്കോളി...2021 ല്‍ തന്നെ തോല്‍പ്പിച്ച പട്ടാമ്പിക്കാര്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ അയാള്‍ കഴിഞ്ഞ അഞ്ച് കൊല്ലം അവിടെ തന്നെ തുടര്‍ന്നു..ജനം അയാള്‍ക്കൊപ്പം ആണോ അല്ലയോ എന്ന് അറിയില്ലെങ്കിലും പാര്‍ട്ടി അയാള്‍ക്ക് ഒപ്പം ആയില്ല...ഈ തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും ക്രൂരമായ തഴയല്‍ റിയാസ് മുക്കോളിയുടെ ആണെന്ന് നിസംശയം പറയാം..ഒരുപക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് എടുത്ത ഏറ്റവും മോശം തീരുമാനം..ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തവര്‍ക്ക് അവഗണന പതിവ് എന്ന ക്ലീഷേ ഇവിടെയും ആവര്‍ത്തിക്കാം.. ഇന്നയാളെ കണ്ടു , തൊണ്ടയിടറി ഉരുണ്ടുകൂടിയ കണ്ണീര്‍ തുള്ളികള്‍ താഴേക്ക് വീഴാതിരിക്കാന്‍ പാട് പെട്ട് അയാള് സംസാരിച്ചു..ഒപ്പം ചേരാന്‍ വിളിച്ച ഇടത് പക്ഷത്തിന്റെ കൂടെ പോകാതെ ഞാന്‍ പാര്‍ട്ടിക്ക് ഒപ്പം തന്നെ തുടരുമെന്ന് പറഞ്ഞു....പാര്‍ട്ടിക്ക് വേണ്ടി നടത്തിയ സമരങ്ങളുടെ അടയാളങ്ങള്‍ ശരീരം നിറയെ ഉണ്ട് റിയാസിന്, കോടതികള്‍ നിറയെ കേസുകളും..അതിനേക്കാള്‍ ഒക്കെ ഈ യുവാവിനെ വേദനിപ്പിക്കുന്നതും വേട്ടയാടുന്നതും പാര്‍ട്ടിയുടെ തിരസ്‌കരണം ആകും... ഒന്ന് മാത്രമേ പറയാന്‍ ഉള്ളൂ അതി ജീവിക്കൂ സുഹൃത്തെ ഈ അതി കഠിനമായ സമര കാലവും... If the winter comes shall the spring be far behind....
തല്ലുകൊളളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര്‍ ലൈന്‍ അംഗീകരിക്കാതെ ബിഎസ് അനൂപ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു ബി എസ് അനൂപ്. പാര്‍ട്ടി നിര്‍ദേശിച്ചതോടെ മണ്ഡലത്തില്‍ സജീവമായിരുന്നു അനൂപ്. സി.ആര്‍. മഹേഷിനെപ്പോലെ മണ്ഡലത്തില്‍ വേരോട്ടമുണ്ടാക്കാന്‍ അനൂപ് ശ്രമിച്ചു. എന്നാല്‍ സീറ്റ് വിഭജനം വന്നപ്പോള്‍ ഈ അധ്വാനമൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് മറുകണ്ടം ചാടിയത്.
അനൂപിനൊപ്പം മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവായ ആര്‍ എസ് അരുണ്‍രാജും ബിജെപി അംഗത്വം സ്വീകരിച്ചു. അരുണ്‍രാജും ബിജെപിയുടെ സ്ഥാനാര്‍ഥിയാണ്. മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നവര്‍ക്ക് മാത്രമേ ഇന്ന് കോണ്‍ഗ്രസില്‍ നിലനില്‍പ്പുള്ളൂ എന്ന് ബി എസ് അനൂപ് ആരോപിച്ചു. ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇത്തവണ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ ശക്തമായ പോരാട്ടം കാഴ്ചവെച്ച നേതാവ് തന്നെ പാര്‍ട്ടി വിട്ടത് യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
സഞ്ജയ് ഖാനും വിജയ് ഇന്ദുചൂഡനും
പുനലൂര്‍ മുസ്ലിംലീഗിന് കൊടുത്തപ്പോള്‍ ഇവിടെ അധ്വാനിച്ച സഞ്ജയ് ഖാനും സീറ്റില്ലാത്ത അവസ്ഥയായി. ആറന്‍മുള ഉന്നമിട്ട വിജയ് ഇന്ദൂചൂഡനും സീറ്റ് നഷ്ടമായിയിരുന്നു. ഇരുവരെയും ആശ്വസിപ്പിക്കാന്‍ ഇടപെട്ടത് കെ സി വേണുഗോപാല് ആയിരുന്നു. പുനലൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തുനിഞ്ഞ സഞ്ജയ് ഖാനെ അടൂരില്‍ വെച്ച് നേരില്‍ കണ്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
'നീ പാര്‍ട്ടിയുടെ സ്വത്താണ്, നിന്റെ ത്യാഗത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കും' എന്ന് സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പുനലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ സഞ്ജയ് ഖാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കെ.സി. വേണുഗോപാല്‍ നേരിട്ട് ഇടപെട്ടത്.
ആറന്മുള മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ചത് കെ സി വേണുഗോപാല് ആയിരുന്നു. നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു' എന്ന് പറഞ്ഞ് തലയില്‍ തലോടി ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ് വിജയ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
'എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ, അമ്മയോട് പറയണം കേട്ടോ' എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിട്ടു പോകും എന്ന പ്രചാരണത്തിനെതിരെ വിജയ് ഇന്ദുചൂഡന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താന്‍ പാര്‍ട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഡന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങള്‍ കൊണ്ടോ പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കില്ലെന്നും വിജയ് കുറിപ്പില്‍ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാല്‍ അബിന്‍ വര്‍ക്കിയെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ആവേശമായി ജോയിയും അഭിജിത്തും
പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന റിയാസ് മുക്കോളിയുടെ നിലപാട് നേതൃത്വത്തിന് ആശ്വാസമായെങ്കിലും അണികള്‍ അമര്‍ഷത്തിലാണ്. 'അര്‍ഹതപ്പെട്ടത് കിട്ടാതെ പോയി' എന്ന വികാരമാണ് പട്ടാമ്പിയില്‍ ഉയരുന്നത്. അതേസമയം, സംഘടനാ രംഗത്തെ മികവിന് അംഗീകാരമെന്നോണം വി.എസ്. ജോയിക്കും അഭിജിത്തിനും സീറ്റ് നല്‍കിയത് പട്ടികയിലെ ശുഭസൂചനയാണ് പ്രവര്‍ത്തകര്‍ കാണുന്നു. യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പാരമ്പര്യമുള്ള യുവരക്തങ്ങളെ കളത്തിലിറക്കിയത് ശുഭസൂചനായാണ്. അഭിജിത്ത് നാദാപുരത്തും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയി തവനൂരുമാണ് സ്ഥാനാര്‍ഥിയായത്. ഇവരുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസുകാര്‍ക്ക് ആവേശമായി മാറി.
