ലോകം കീഴടക്കാന്‍ സ്പെയിനിലെ കുന്നിന്‍ചെരിവുകള്‍; ടൈം ഔട്ട് പട്ടികയില്‍ ഒന്നാമനായി പിക്കോസ് ഡി യൂറോപ്പ്; ഡ്രാഗണുകളുടെ നാടും വൈന്‍ താഴ്വരകളും ആദ്യ അഞ്ചില്‍; അന്താരാഷ്ട്ര പട്ടികയില്‍ തലയുയര്‍ത്തി ഇന്ത്യയും; വിസ്മയക്കാഴ്ചകളുമായി ജയ്പൂര്‍ ആദ്യ അന്‍പതില്‍

Update: 2026-03-25 05:46 GMT

ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ആകാംക്ഷയോടെ കാത്തിരുന്ന 'ടൈം ഔട്ട്' മാഗസിന്റെ 2026-ലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറങ്ങി. പ്രകൃതിരമണീയമായ കുന്നിന്‍ചെരിവുകള്‍ മുതല്‍ ചരിത്രമുറങ്ങുന്ന നഗരങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സ്പെയിനിലെ 'പിക്കോസ് ഡി യൂറോപ്പ'യാണ് ഒന്നാമതെത്തിയിരിക്കുന്നത്. ആദ്യ 20 സ്ഥാനങ്ങളില്‍ യു.കെയില്‍ നിന്നുള്ള മൂന്ന് മനോഹരമായ ഇടങ്ങള്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്.

സ്പെയിനിലെ കാന്റാബ്രിയയിലുള്ള പിക്കോസ് ഡി യൂറോപ്പ നാഷണല്‍ പാര്‍ക്കാണ് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത്. ബിസ്‌കെ ഉള്‍ക്കടലിന്റെ അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ മലനിരകള്‍ ട്രെക്കിംഗ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ 'കാബ്രാലെസ്' എന്ന ബ്ലൂ ചീസ് നിര്‍മ്മിക്കുന്നത് ഇവിടുത്തെ ഗുഹകളിലാണെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്തോനേഷ്യയിലെ കോമോഡോ നാഷണല്‍ പാര്‍ക്കാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ പാര്‍ക്ക് ഭീമാകാരമായ കോമോഡോ ഡ്രാഗണുകളുടെ ആവാസകേന്ദ്രമാണ്.

പിങ്ക് നിറത്തിലുള്ള മണല്‍ത്തരികള്‍ നിറഞ്ഞ കടല്‍തീരവും ആയിരത്തിലധികം ഇനം മത്സ്യങ്ങളുള്ള ഇവിടുത്തെ കടലിനടിയിലെ കാഴ്ചകളും വിസ്മയിപ്പിക്കുന്നതാണ്. ന്യൂയോര്‍ക്കിലെ മോര്‍ഗന്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇറ്റാലിയന്‍ നവോത്ഥാന ശൈലിയില്‍ നിര്‍മ്മിച്ച ഈ മന്ദിരം അമേരിക്കയുടെ പ്രൗഢിയുടെ പ്രതീകമാണ്. പുരാതനമായ കൈയെഴുത്തുപ്രതികളും അപൂര്‍വ്വ പുസ്തകങ്ങളും സൂക്ഷിച്ചിരിക്കുന്ന ഈ ഗ്രന്ഥശാല കലയുടെയും ചരിത്രത്തിന്റെയും സംഗമഭൂമിയാണ്. വൈന്‍ പ്രേമികളുടെ സ്വര്‍ഗ്ഗമായ പോര്‍ച്ചുഗലിലെ ഡൂറോ വാലി നാലാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വൈന്‍ നിര്‍മ്മാണ മേഖലകളിലൊന്നായ ഇവിടം പച്ചപ്പും പുഴകളും നിറഞ്ഞ പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്.

അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരത്തുള്ള 'ബിഗ് സര്‍' ആണ് അഞ്ചാം സ്ഥാനത്തുള്ളത്. സമുദ്രത്തിലേക്കിറങ്ങി നില്‍ക്കുന്ന മലനിരകളും ആഡംബര ഹോട്ടലുകളും ഇവിടുത്തെ പ്രത്യേകതയാണ്. ബ്രിട്ടനില്‍ നിന്നുള്ള സ്ഥലങ്ങളില്‍ ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്റ്റിലുള്ള 'അള്‍സ്വാട്ടര്‍' ആറാം സ്ഥാനം നേടി കരുത്തറിയിച്ചു. കുന്നുകളും തടാകങ്ങളും ചേര്‍ന്നുള്ള ഇവിടുത്തെ ദൃശ്യവിരുന്നിന് അഞ്ച് നക്ഷത്ര പദവിയാണ് സഞ്ചാരികള്‍ നല്‍കുന്നത്. ഇറ്റലിയിലെ ബൊലോഗ്നയിലെ ഓള്‍ഡ് ടൗണും സാര്‍ഡിനിയയിലെ കപ്പോ ടെസ്റ്റയും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി. ലോകപ്രശസ്തമായ വിക്ടോറിയ വെള്ളച്ചാട്ടം ഒമ്പതാം സ്ഥാനത്തും ഭൂട്ടാനിലെ പുനാഖ വാലി പത്താം സ്ഥാനത്തുമാണ്.

വടക്കന്‍ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. നെല്‍കൃഷിക്കും കോട്ടകള്‍ക്കും പേരുകേട്ട ഇടമാണ് ഭൂട്ടാനിലെ പുനാഖ. മാള്‍ട്ടയിലെ സെന്റ് ജോണ്‍സ് കോ-കത്തീഡ്രല്‍, ഗ്രീന്‍ലാന്‍ഡിലെ ഡിസ്‌കോ ഐലന്‍ഡ് എന്നിവയും ആദ്യ പന്ത്രണ്ടിലുണ്ട്. ഇതിനു പിന്നാലെയാണ് ബ്രിട്ടനിലെ രണ്ടാമത്തെ മികച്ച ഇടമായി വെയ്ല്‍സിലെ ബ്രെക്കോണ്‍ ബീക്കണ്‍സ് പതിമൂന്നാം സ്ഥാനത്തെത്തുന്നത്. പ്രകൃതി സ്നേഹികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഈ പ്രദേശം.

പതിനാലാം സ്ഥാനത്ത് കൊളറാഡോയിലെ റെഡ് റോക്സ് ആംഫി തിയേറ്ററും പതിനഞ്ചാം സ്ഥാനത്ത് പെറുവിലെ ഇന്‍കാന്‍ ചരിത്രഭൂമിയായ ചോക്യുകിറാവുവും ഇടംപിടിച്ചു. ബ്രിട്ടനില്‍ നിന്നുള്ള മൂന്നാമത്തെ ഇടമായ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്ക് പതിനാറാം സ്ഥാനത്താണ്. കാട്ടുപ്പതിരുകളും പുരാതന വനങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. പട്ടികയിലെ അവസാന സ്ഥാനങ്ങളില്‍ വിയറ്റ്നാമിലെ ഹാ ഗിയാങ്, ഫിന്‍ലാന്‍ഡിലെ ലേക്ലാന്‍ഡ്, ഹംഗറിയിലെ ലില്ലാഫ്യുറെഡ് എന്നിവ ഉള്‍പ്പെടുന്നു. അയര്‍ലന്‍ഡിലെ വെസ്റ്റ് കോര്‍ക്ക് ആണ് ഇരുപതാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും മനോഹരമായ 51 ഇടങ്ങളുടെ പട്ടികയാണ് ടൈം ഔട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാല്‍പ്പത്തി ഒമ്പതാം സ്ഥാനമാണ് ജയ്പ്പൂരിന് ഉള്ളത്.

Tags:    

Similar News