ഹിറ്റ്ലറെ ഞെട്ടിച്ച അമേരിക്കയുടെ 'കില്ലര്‍' പട! 18 മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും പറന്നിറങ്ങും; അതിസാഹസികരായ യുഎസ് പാരാട്രൂപ്പര്‍മാര്‍ വീണ്ടും യുദ്ധക്കളത്തിലേക്കോ? ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഗതിമാറ്റാന്‍ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുമോ? ആരാണ് ഈ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍! ഡി-ഡേ ആവര്‍ത്തിക്കുമോ?
ആര്‍ളിംഗ്ടണ്‍: ഇറാനുമായി ചര്‍ച്ച നടത്തുകയാണെന്ന് അവകാശപ്പെടുമ്പോഴും ട്രംപ് കരയുദ്ധത്തിന് ലക്ഷ്യംവെക്കുന്നുണ്ടോ എന്ന സംശയം തള്ളിക്കളയാനാകില്ല. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും യുദ്ധസജ്ജമായ സൈനിക വിന്യാസം മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യയിലേക്ക് അമേരിക്ക രണ്ടായിരം കരസൈനികരെ കൂടി അയക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് ആശങ്കക്ക് കാരണം. അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗമായ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 2,000 മുതല്‍ 3,000 വരെ സൈനികരെ അധികമായി വിന്യസിക്കാനാണ് നീക്കം. ഇതോടെ, ചര്‍ച്ചകള്‍ക്കപ്പുറം ഒരു വന്‍ സൈനിക നീക്കത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അമേരിക്കന്‍ സൈന്യത്തിലെ അതിവേഗ പ്രതികരണ വിഭാഗമായ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാരാട്രൂപ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള റാപ്പിഡ് റെസ്പോണ്‍സ് വിഭാഗത്തെ ഉടന്‍ തന്നെ അവിടേക്ക് അയച്ചേക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സൈന്യത്തിലെ ഇമിഡിയിറ്റ് റെസ്‌പോണ്‍സ് ഫോഴ്‌സ് (IRF) വിഭാഗത്തില്‍പ്പെട്ട ഒരു ബറ്റാലിയന്‍ സൈനികരും ഡിവിഷന്‍ സ്റ്റാഫുമാണ് ആദ്യഘട്ടത്തില്‍ പുറപ്പെടുന്നത്. 18 മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരാന്‍ ശേഷിയുള്ളവരാണ് ഇവര്‍. ഏകദേശം 3,000 സൈനികരടങ്ങുന്ന അതീവ ജാഗ്രത പുലര്‍ത്തുന്ന ഒരു ബ്രിഗേഡാണ് IRF.. ഡിവിഷന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബ്രാന്‍ഡന്‍ ആര്‍. ടെഗ്റ്റ്‌മെയറിന്റെ നേതൃത്വത്തിലാണ് സൈന്യം പുറപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇതേ ബ്രിഗേഡില്‍ നിന്ന് കൂടുതല്‍ സൈനികരെ അയച്ചേക്കാമെന്നാണ് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
82-ാം എയര്‍ബോണ്‍ ഡിവിഷനിലെ പാരാട്രൂപ്പര്‍മാര്‍ക്ക് വെറും 18 മണിക്കൂര്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാല്‍ എവിടെയും വിന്യസിക്കപ്പെടാന്‍ സാധിക്കും. ശത്രുരാജ്യത്തിന്റെ ഭൂപ്രദേശങ്ങളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങി വിമാനത്താവളങ്ങള്‍, പാലങ്ങള്‍ അല്ലെങ്കില്‍ സമാനമായ തന്ത്രപ്രധാനമായ ഇടങ്ങള്‍ പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് മറീനുകളെ പിന്തുണയ്ക്കാനും, ഇറാന്റെ ഖാര്‍ഗ് ദ്വീപ് പോലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കാനും ഈ സൈനികരെ ഉപയോഗിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'ലൈറ്റ് ഇന്‍ഫന്‍ട്രി' വിഭാഗത്തില്‍പ്പെട്ടവരാണ് 82-ാം ഡിവിഷനിലെ സൈനികര്‍. അതായത്, ഇവര്‍ക്ക് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെങ്കിലും തുടക്കത്തില്‍ വലിയ യുദ്ധടാങ്കുകളോ കനത്ത ആയുധശേഖരമോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. പകരം വേഗത്തിലുള്ള, ശത്രുവിനെ ഞെട്ടിക്കുന്ന നീക്കങ്ങളിലൂടെയും, പിന്നാലെ എത്തുന്ന മറ്റു സൈനിക വ്യൂഹങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ഇവര്‍ യുദ്ധം ചെയ്യുന്നത്. ഇറാന്‍-ഇസ്രായേല്‍-അമേരിക്ക യുദ്ധത്തില്‍ ഇവരുടെ വിന്യാസം വലിയൊരു വഴിത്തിരിവായേക്കാം. ഇതോടൊപ്പം തന്നെ, രണ്ടായിരത്തിലധികം സൈനികരടങ്ങുന്ന '31-st മറൈന്‍ എക്‌സ്പെഡിഷണറി യൂണിറ്റി'നെ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളും ഒരേസമയം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. മറൈന്‍ സൈനികര്‍ ആദ്യഘട്ട ആക്രമണങ്ങള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ പിടിച്ചെടുക്കുന്നതിനോ നേതൃത്വം നല്‍കുമ്പോള്‍, 82-ാം ഡിവിഷനിലെ പാരാട്രൂപ്പര്‍മാര്‍ ആ പ്രദേശം സുരക്ഷിതമാക്കുകയും നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യും.
അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും മികച്ചതും (Elite) യുദ്ധസജ്ജവുമായ വിഭാഗങ്ങളില്‍ ഒന്നാണ് 82-ാം എയര്‍ബോണ്‍ ഡിവിഷന്‍. ഇവരെ 'ഓള്‍-അമേരിക്കന്‍' (All American) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.1917ല്‍ രൂപീകൃതമായ ഈ ഡിവിഷന്‍, ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഐതിഹാസികമായ പോരാട്ടങ്ങള്‍ കാഴ്ചവെച്ചവരാണ്. ലോകത്തെവിടെയും ഉണ്ടാകുന്ന പ്രതിസന്ധികളില്‍ അതിവേഗം ഇടപെടാനും വ്യോമമാര്‍ഗ്ഗമുള്ള കാലാള്‍പ്പട നീക്കങ്ങള്‍ (Airborne infantry operations) നടത്താനുമുള്ള വൈദഗ്ധ്യമാണ് ഇവരുടെ പ്രത്യേകത. ഈ ഡിവിഷന് കീഴില്‍ ഒന്നിലധികം ബ്രിഗേഡ് കോംബാറ്റ് ടീമുകള്‍, ഏവിയേഷന്‍ സപ്പോര്‍ട്ട്, ആര്‍ട്ടിലറി (പീരങ്കിപ്പട), ലോജിസ്റ്റിക്‌സ് യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്തെ ഡി-ഡേ (D-Day) വിന്യാസമാണ് ഇവര്‍ക്ക് ഏറ്റവും വലിയ ഖ്യാതി നേടിക്കൊടുത്തത്. 1944 ജൂണ്‍ 6-ന് പുലര്‍ച്ചെ, 'ഓപ്പറേഷന്‍ ഓവര്‍ലോഡ്' (Operation Overlord) എന്ന ദൗത്യത്തിന്റെ ഭാഗമായി നോര്‍മണ്ടിയിലെ ജര്‍മ്മന്‍ സൈന്യത്തിന്റെ പിന്‍നിരയിലേക്ക് ഈ ഡിവിഷനിലെ ഏകദേശം 6,400 പാരാട്രൂപ്പര്‍മാര്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി. ഈ അതിസാഹസികമായ നീക്കത്തിനിടെ ഡിവിഷന് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും, ചിതറിപ്പോയ ചെറിയ സൈനിക ഗ്രൂപ്പുകള്‍ വീണ്ടും ഒന്നിക്കുകയും സൈന്റ്-മേരെ-എഗ്ലിസ് (Sainte-Mère-Église) പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയും ജര്‍മ്മന്‍ സൈന്യത്തിന്റെ തിരിച്ചടികളെ തടയുകയും ചെയ്തു. നോര്‍മണ്ടിയില്‍ യാതൊരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി 33 ദിവസമാണ് 82-ാം ഡിവിഷന്‍ പോരാടിയത്.
രണ്ടാം ലോകമഹായുദ്ധത്തിലെ 'ഓപ്പറേഷന്‍ മാര്‍ക്കറ്റ് ഗാര്‍ഡന്‍', 'ബാറ്റില്‍ ഓഫ് ദി ബള്‍ജ്' തുടങ്ങിയ പ്രധാന പോരാട്ടങ്ങളിലും ഇവര്‍ പങ്കെടുത്തു. യൂറോപ്പിലെ യുദ്ധത്തിന്റെ ഗതി മാറ്റാന്‍ സഹായിച്ച ഇവര്‍ക്ക് പിന്നീട് 'പ്രസിഡന്‍ഷ്യല്‍ യൂണിറ്റ് സൈറ്റേഷന്‍' (Presidential Unit Citation) ബഹുമതി ലഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൊറിയ, വിയറ്റ്‌നാം, ഗള്‍ഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ഇവര്‍ സേവനമനുഷ്ഠിച്ചു.
പെന്റഗണ്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി മൗനം പാലിക്കുമ്പോഴും, 82-ാം എയര്‍ബോണ്‍ ഡിവിഷന്റെ വിന്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. സമാധാന ശ്രമങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോകുമ്പോഴും, ഈ യുദ്ധത്തെ അമേരിക്ക എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഇടവേള ഇത്തരത്തിലുള്ള സൈനിക വിന്യാസങ്ങള്‍ക്കുള്ള സാവകാശമാകാം; ഇറാനെതിരെയുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗവുമാകാം ഇത്.
