ഒന്നിച്ചു ജീവിക്കാൻ താല്പര്യമില്ലെന്ന് കോടതിയിൽ പറഞ്ഞു; ശബരിമല ഡ്യൂട്ടിക്ക് പോകാനിരുന്ന വനിതാ പോലീസിനെ വെട്ടിനുറുക്കി; തടയാൻ വന്ന അച്ഛനും വെട്ടേറ്റു; കേരളത്തെ നടുക്കിയ കരിവെള്ളൂർ ദിവ്യശ്രീ വധക്കേസിൽ വിധി 28ന്

Update: 2026-03-25 04:47 GMT

തലശ്ശേരി: ശബരിമല ഡ്യൂട്ടിക്ക് പോകാനിരിക്കെ നാടിനെ നടുക്കിക്കൊണ്ട് കരിവെള്ളൂരിൽ വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയെ (38) ഭർത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഈ മാസം 28-ന് വിധി പറയും. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെ കേസിന്റെ വാദം പൂർത്തിയായി. ദിവ്യശ്രീയെ കൊലപ്പെടുത്തുകയും, ഇത് തടയാനെത്തിയ അച്ഛനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിലാണ് വിധി വരുന്നത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാറാണ് ഹാജരായത്. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിമുറിയിൽ പ്രദർശിപ്പിച്ചത് വിചാരണയിൽ നിർണായകമായി. ഇത്തരം ദൃശ്യങ്ങൾ തെളിവായി കോടതിയിൽ പ്രദർശിപ്പിക്കുന്നത് അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങുന്നതിന്റെയും പിന്നീട് കണ്ടെത്തിയതിന്റെയും ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനുപുറമെ 102 രേഖകളും 51 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ആകെ 92 സാക്ഷികളുള്ള കേസിൽ 65 പേരെയാണ് വിസ്തരിച്ചത്.

കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീയെ 2024 നവംബർ 21-ന് വൈകുന്നേരമാണ് കരിവെള്ളൂർ പലിയേരികൊവ്വലിലെ സ്വന്തം വീട്ടിൽ വെച്ച് ഭർത്താവായ കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷ് (41) കൊലപ്പെടുത്തിയത്. അന്ന് രാത്രി ശബരിമലയിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് പോകാനിരിക്കെയായിരുന്നു ദാരുണാന്ത്യം. ഇരുവരും നാളുകളായി അകന്നുകഴിയുകയായിരുന്നു. കണ്ണൂർ കുടുംബ കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുകയായിരുന്നു. കൊലപാതകം നടക്കുന്നതിന്റെ അന്ന് രാവിലെയും ദിവ്യശ്രീ കോടതിയിൽ ഹാജരായി രാജേഷിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ ഫാമിലി കൗൺസിലറെയും കോടതി വിസ്തരിച്ചിരുന്നു. മുൻപും പ്രതിക്കെതിരെ രണ്ട് കേസുകൾ ഉണ്ടായിരുന്നു.

ബൈക്കിൽ ദിവ്യശ്രീയുടെ വീട്ടിലെത്തിയ പ്രതി കൊടുവാൾ ഉപയോഗിച്ച് ആദ്യം വീടിന്റെ ഗ്രിൽസ് വെട്ടിപ്പൊളിച്ചു. തുടർന്ന് വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം വീട്ടുവരാന്തയിൽ നിന്ന് പിടിച്ചിറക്കി മുറ്റത്തിട്ട് ദിവ്യശ്രീയെ തുരുതുരാ വെട്ടുകയായിരുന്നു. ജീവരക്ഷാർത്ഥം ഓടിയ ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് വെട്ടി വീഴ്ത്തി. തടയാൻ ശ്രമിച്ച അച്ഛൻ കെ. വാസുവിനും വെട്ടേറ്റു. അക്രമത്തിൽ പരിക്കേറ്റ അച്ഛൻ വാസു കോടതിയിൽ നൽകിയ ഈ മൊഴി കേസിൽ നിർണായകമായി.

കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച ശേഷം വളപട്ടണത്തെ ഒരു ബാറിലെത്തി മദ്യപിച്ചു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിചാരണ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. തുടർന്ന് മനോരോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിൽ ഒരു മാസം പ്രവേശിപ്പിച്ചു. എന്നാൽ പരിശോധനകളിൽ പ്രതിക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

Similar News