ഇനി സ്റ്റെന്റുകള്‍ ശരീരത്തില്‍ അലിഞ്ഞുചേരും; കേരളത്തില്‍ ആദ്യമായി ക്ഷയരോഗികള്‍ക്ക് ആശ്വാസമായി ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്; ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ അമൃത ആശുപത്രിയില്‍ ചരിത്രനേട്ടം
കേരളത്തില്‍ ആദ്യമായി ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്
കൊച്ചി: ശ്വാസകോശ ചികിത്സാ രംഗത്ത് നിര്‍ണ്ണായക നേട്ടവുമായി കൊച്ചി അമൃത ആശുപത്രി. കേരളത്തില്‍ ആദ്യമായി 'ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്' (Biodegradable Airway Stenting) വിജയകരമായി നിര്‍വ്വഹിച്ചു. ഇതോടെ, ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളിയിലെ തടസ്സങ്ങള്‍ (Post-TB Bronchial Stenosis) പരിഹരിക്കാന്‍ ഈ നൂതന മാര്‍ഗ്ഗം സ്വീകരിക്കുന്ന കേരളത്തിലെ ആദ്യത്തെയും, ഇന്ത്യയിലെ മൂന്നാമത്തെയും കേന്ദ്രമായി അമൃത ആശുപത്രി മാറി.
അമൃതയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ആന്‍ഡ് കോംപ്ലക്‌സ് എയര്‍വേ ഡിസോര്‍ഡേഴ്‌സ് വിഭാഗമാണ് ഈ നേട്ടത്തിന് പിന്നില്‍. ശ്വാസനാളിയില്‍ കടുത്ത തടസ്സമുണ്ടായിരുന്ന രണ്ട് യുവതികളിലാണ് എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ ശ്വസനപ്രക്രിയ സുഗമമാക്കിയത്. ശ്വാസനാളിയിലെ തടസ്സം നീക്കിയ ശേഷം സ്ഥാപിക്കുന്ന ഈ പ്രത്യേക സ്റ്റെന്റുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ശരീരത്തില്‍ തന്നെ അലിഞ്ഞുചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് രോഗികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
അത്യാധുനിക സാങ്കേതിക വിദ്യയുടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെ ഏകോപനത്തിന്റെയും ഫലമായാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാനായതെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മൊണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ശസ്ത്രക്രിയയില്‍ ഡോ. ഡോണ്‍ ജോസ്, ഡോ. ശ്രീരാജ് നായര്‍ തുടങ്ങിയവരും പങ്കാളികളായി. ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളി ചുരുങ്ങല്‍, വിട്ടു മാറാത്ത ചുമ, കഫക്കെട്ട്, ശ്വാസം മുട്ടല്‍, കൂടാതെ ശ്വാസനാളിയിലെ മറ്റു തടസ്സങ്ങള്‍ക്കും ഇത്തരത്തിലുള്ള ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നും ഡോ. ടിങ്കു ജോസഫ് കൂട്ടി ചേര്‍ത്തു.
