അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അടിച്ചുമാറ്റി! കോടതി ഉത്തരവിട്ടിട്ടും നയാപൈസ നല്‍കിയില്ല; രജിസ്ട്രേഷന്‍ നമ്പര്‍ ഇളക്കി മാറ്റിയും ടയറൂരി മാറ്റിയും പോലീസിനെ പറ്റിക്കാന്‍ ശ്രമം; ക്രെയിന്‍ വെച്ച് ബസ് പൊക്കി കോടതിയിലെത്തിച്ചു; ആര്‍ടിഒയെയും പോലീസിനെയും വെല്ലുവിളിച്ച കലാഭവന്‍ സോബി ജോര്‍ജ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍; വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ്
കൊച്ചി: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കള്ളപ്പണമിടപാട്, വീസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കലാഭവന്‍ സോബിയെ കോടതിയില്‍ ഹാജരാക്കി. അതേസമയം ഇത് തനിക്കെതിരെ ഉള്ള കള്ള കേസ് ആണെന്നും ബാലഭാസ്‌കറിന്റെ കേസില്‍ സാക്ഷി പറഞ്ഞത് കൊണ്ടുള്ള പ്രതികാരം ആണെന്നും കലാഭവന്‍ സോബി ആരോപിച്ചു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അപകടമരണമല്ലെന്നു മൊഴി നല്‍കിയ ആളാണ് സോബി. ഇതുമായി ബന്ധപ്പെട്ട് സോബിയെ നുണ പരിശോധന നടത്തിയിരുന്നു.
ജോലി തട്ടിപ്പ് കേസില്‍ നഷ്ടപരിഹാരം നല്‍കാനായി കോടതി ഉത്തരവിട്ട ബസ് ജപ്തി ചെയ്യുന്നത് തടയാന്‍ ടയറുകള്‍ ഊരിമാറ്റിയ സോബിയുടെ അസാധാരണ നീക്കം പൊളിച്ച പൊലീസിന്റെ സഹായത്തോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 2013ല്‍ അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്തു കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്ന കേസിലായിരുന്നു ജപ്തി നടപടി. പ്രതിയുടെ നീക്കത്തെ ക്രെയിന്‍ ഉപയോഗിച്ച് മറികടന്ന പൊലീസും ആര്‍ടിഒ ഉദ്യോഗസ്ഥരും ബസ് ജപ്തി ചെയ്ത് കോടതിയിലെത്തിക്കുകയായിരുന്നു.
2013-ല്‍ യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യനില്‍ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലെ ജപ്തി നടപടിയിലായിരുന്നു സോബിയുടെ അസാധാരണ നീക്കം. 2018-ല്‍ കോതമംഗലം മുനിസിഫ് കോടതി സെബാസ്റ്റ്യന് 2.80 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതി സഹകരിക്കാതിരുന്നതോടെയാണ് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. പ്രതിയുടെ ആസ്തികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നഷ്ടപരിഹാര തുകയും പലിശയുമടക്കം 5,51,274 രൂപ ഈടാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി 2025 സെപ്റ്റംബറില്‍ ഉത്തരവിട്ടിരുന്നു. ബസ് കിടക്കുന്നത് കോതമംഗലമായതിനാല്‍ കേസ് കോതമംഗലം കോടതിയിലേക്ക് മാറ്റി. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍സിഫ് കം മജിസ്‌ട്രേട്ട് എം.എ ഗണേഷ് കുമാറാണ് ഉത്തരവിട്ടത്.
ഇതിന്റെ ഭാഗമായി 2026 മാര്‍ച്ച് 17 ചൊവ്വാഴ്ചയാണ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ (SHO) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആര്‍ടിഒയിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തിയത്. എന്നാല്‍ ജപ്തി നടപടികള്‍ക്കായി എത്തിയ കോടതി ജീവനക്കാരെ ഇയാള്‍ വെല്ലു വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജപ്തി നടപടി ഒഴിവാക്കാന്‍ ബസിന്റെ ടയറുകള്‍ മുഴുവന്‍ ഊരിമാറ്റിയ നിലയിലായിരുന്നു. ടയറില്ലാത്ത വണ്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന പ്രതിയുടെ കണക്കുകൂട്ടല്‍ ക്രെയിനുകള്‍ എത്തിച്ചതോടെ അധികൃതര്‍ തകര്‍ത്തു. സാഹസികമായി ബസ് ഉയര്‍ത്തി കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു. കോതമംഗലം കലാഗൃഹം ഡയറക്ടര്‍ കൂടിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിന് ഈ നടപടി വലിയ നാണക്കേടായി മാറിയിരുന്നു.
ജപ്തി ചെയ്യേണ്ട ബസ്സുള്‍പ്പെടെ അവിടെയുണ്ടായിരുന്ന 5 ബസ്സുകളുടെയും ടയറുകളെല്ലാം ഊരിമാറ്റിയ ശേഷം ഗേറ്റ് പൂട്ടി സോബി ജോര്‍ജ്ജ് സ്ഥലം വിടുകയായിരുന്നു ഇതോടെ വീണ്ടും കോടതിയില്‍ നിന്നും പൂട്ട് പൊളിച്ച് കയറി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവ് നല്‍കി. ടയര്‍ ഇല്ലാത്തതിനാല്‍ രണ്ട് ക്രെയിനുകള്‍ എത്തിച്ചു. ബസിന്റെ പിന്നിലേക്ക് രണ്ടു ടയറുകള്‍ പുറമേ നിന്ന് എത്തിച്ചു ഘടിപ്പിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു.
നിയമ പോരാട്ടം നടത്തിയത് അഡ്വ സിസ്റ്റര്‍ മേരി ട്രീസ
2014ല്‍ മണി സ്യൂട്ട് ഫയല്‍ ചെയ്തത് കൊണ്ടാണ് സോബി ജോര്‍ജ്ജ് തട്ടിയെടുത്ത പണം തിരികെ ലഭിക്കാന്‍ ജപ്തി നടപടിയിലേക്ക് പോകാന്‍ കഴിഞ്ഞതെന്ന് അഡ്വ. സിസ്റ്റര്‍ മേരി ട്രീസ പറഞ്ഞു. രണ്ട് തവണ അനുകൂല വിധി ലഭിച്ചെങ്കിലും പ്രതിയുടെ സ്വത്ത് വിവരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ വീടും സ്ഥലവും അമ്മയുടെ പേരിലേക്ക് മുന്‍കൂട്ടി തന്നെ മാറ്റിയതായി കണ്ടെത്തിയത്. ഇതോടെ വാഹനങ്ങളുടെ വിവരങ്ങള്‍ ആര്‍.ടി ഓഫിസില്‍ നിന്നും എടുത്തപ്പോള്‍ ബസുകളും കാറുകളുമായി പതിനഞ്ചോളം വാഹനങ്ങള്‍ പ്രതിയുടെ പേരിലുണ്ടെന്ന് കണ്ടെത്തി. അങ്ങനെയാണ് 32 ലക്ഷം രൂപ വിലയുള്ള ബസ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം ബസ് ജപ്തി ചെയ്യനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ എല്ലാം രജിസ്‌ട്രേഷന്‍ നമ്പര്‍ ഇളക്കി മാറ്റിയിരുന്നു. പിന്നീട് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ചെയ്‌സസ് നമ്പര്‍ കണ്ടെത്തിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജപ്തി നടപടികള്‍ക്കായി വലിയൊരു തുക തന്നെ അഡ്വ സിസ്റ്റര്‍ മേരീ ട്രീസയ്ക്ക് ചിലവായി. പരാതിക്കാരന് ആ തുക മുടക്കാനുള്ള കഴിവില്ലായിരുന്നു. ഈ ചിലവുകളും ചേര്‍ത്ത് അടുത്ത ആഴ്ച ബസ് ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം. സീനിയര്‍ അഡ്വ. പി.എഫ് റോസിയും നിയമ പോരാട്ടത്തില്‍ അഡ്വ സിസ്റ്റര്‍ മേരി ട്രിസയ്ക്ക് പിന്‍തുണയുമായി ഉണ്ടായിരുന്നു.
