ഗണേഷ് കുമാറിന്റേത് കുടുംബമാണ്, കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും; അതില്‍ എടുത്തുചാടി ഇടപെടേണ്ടതില്ല; നാടുനീളെ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു, അവന്റേത് കുടുംബ പ്രശ്‌നമാണോ? അവളോടൊപ്പം ആരായിരുന്നു? ഡീല്‍ വിവാദം വഴിതിരിക്കാന്‍ കടുത്ത വാക്കുകളുമായി പിണറായിയുടെ കടന്നാക്രമണം
ഗണേഷ് കുമാറിന്റേത് കുടുംബമാണ്, കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും
കട്ടപ്പന: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിപിഎം-ബിജെപി ഡീല്‍ ആരോപണം ഉന്നയിച്ചു കോണ്‍ഗ്രസ് കടാന്നാക്രമിക്കുമ്പോള്‍ വിവാദം വഴിതിരിച്ചു വിടാന്‍ കടുത്ത വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ മാങ്കൂട്ടം വിഷയം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയത്. ഗണേഷ് കുമാര്‍ വിവാദത്തെ ന്യായീകരിച്ചു കൊണ്ടാണ് രാഹുല്‍ വിഷയത്തില്‍ കടന്നാക്രമണം നടത്തിയത്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സര്‍ക്കാറിലും നല്‍കിയ പരാതിയില്‍ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്‌നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ആ പ്രശ്‌നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവര്‍ അവരുടേതായ രീതിയില്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്? ഇടപെടേണ്ട കാര്യം വന്നിട്ടില്ല' -പിണറായി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്ന് കട്ടപ്പനയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. എന്നാല്‍, താനും തന്റെ പാര്‍ട്ടിയും അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ, ഗണേഷ് കുമാറിന്റെ വിഷയത്തില്‍ എന്താണ് നിലപാട് എടുത്തതെന്ന് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചു.
ഇതിന് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാന്‍ പറഞ്ഞ അവന്‍ എന്ന കൂട്ടത്തില്‍ ഉള്ളയാളുടെ ഭാര്യയായിരുന്നോ ഇത്? അവന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ടോ? എന്തെങ്കിലും കുടുംബ പ്രശ്‌നമായിരുന്നോ? നാടുമുഴുവന്‍ വ്യഭിചരിക്കാന്‍ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തില്‍ ദുര്‍ബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാന്‍ നില്‍ക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്‌കാരിക കേരളത്തിന് അപമാനമാണത്. അതിന്റെ ഭാഗമാണ് ഇത്തരമൊരു ചോദ്യവും. ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ആ പ്രശ്‌നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവര്‍ അവരുടേതായ രീതിയില്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്. ഇട?പെടേണ്ട കാര്യം വന്നിട്ടില്ല' -പിണറായി പറഞ്ഞു.
'അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ എല്ലാഘട്ടത്തിലും അവളോടൊപ്പം തന്നെയായിരുന്നു. എന്നാല്‍, അവനോടൊപ്പം നിന്നത് ആരാ? പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ അവനെ പവിത്രീകരിക്കാന്‍ വലിയ ശ്രമം നടത്തിയില്ലേ? വലിയ ഇടപെടല്‍ നടത്തി ഇപ്പോഴും സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറയായും സൈബര്‍ സംഘങ്ങള്‍ ഉണ്ടല്ലോ. ആ പടയാകെ ആക്രമണം അഴിച്ചുവിട്ടത് അവള്‍ക്കെതിരെയല്ലേ? ഇപ്പോഴും അത് തന്നെയല്ലേ നടക്കുന്നത്. ഞങ്ങള്‍ അന്നും ഇന്നും അവളോടൊപ്പം തന്നെയാണ്.
'Love you to moon and back' എന്ന് എഴുതിയ കപ്പില്‍ ഞാന്‍ വെള്ളം കുടിച്ചത് യാദൃശ്ചികമാണ്. അത് അവള്‍ അങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു എന്ന് അറിഞ്ഞിട്ടല്ല. ഞാന്‍ ആ കപ്പില്‍ വെള്ളം കുടിക്കുന്നു, അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്തു. അത് തികച്ചും യാദൃശ്ചികമാണ്' -അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫ് നടത്തിയ സത്യാഗ്രഹ സമരവേദിയിലാണ് 'Love you to moon and back' എന്നെഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെയാണ് കപ്പില്‍ രേഖപ്പെടുത്തിയത്. ഇത് വലിയ ചര്‍ച്ചയായിരുന്നു.
