'നേരിട്ടുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല; ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത'; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്; ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളില്‍
ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിയുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന ചര്‍ച്ചകളെയും നയതന്ത്ര നീക്കങ്ങളെയും പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇറാന്‍ രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ വെറും 'ഫേക്ക് ന്യൂസ്' മാത്രമാണെന്ന് ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ, സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ട്രംപിന്റെ ദൂതന്‍ പാകിസ്താനിലെത്തി ചര്‍ച്ചകള്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെ ശക്തമായി നിഷേധിച്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയം, അമേരിക്കയുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇപ്പോള്‍ തയ്യാറല്ലെന്ന് അറിയിച്ചു.
അമേരിക്കയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫാണ് രംഗത്തെത്തിയത്. നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത ആണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയും ഇസ്രയേലും കുടുങ്ങിക്കിടക്കുന്ന ചതുപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, മേഖലയില്‍ ഇസ്രായേല്‍ - ഇറാന്‍ പോരാട്ടം രൂക്ഷമായി തുടരുകയാണ്. മിസൈല്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇറാന്‍ നിലപാട് കടുപ്പിച്ചതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. യുദ്ധം അവസാനിപ്പിക്കുക എന്നത് ട്രംപിന്റെ പ്രധാന ലക്ഷ്യമാണെങ്കിലും ഇറാന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചകള്‍ക്ക് വഴിതുറക്കില്ലെന്ന സൂചനയാണ് ടെഹ്റാനില്‍ നിന്ന് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യതയെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
്
ഇറാനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, യുഎസില്‍നിന്ന് ചില സന്ദേശങ്ങള്‍ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചുവെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇറാന്‍-യുഎസ് സംഘര്‍ഷം ലഘൂകരിക്കുന്നതിനായി തുര്‍ക്കി, ഈജിപ്ത്, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ മാധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. മധ്യസ്ഥര്‍വഴി യുഎസില്‍ നിന്ന് ഞങ്ങള്‍ക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കും കപ്പല്‍ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാനാണ് വിഷയത്തില്‍ ഇടപെട്ട് ഈജിപ്തും തുര്‍ക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയില്‍ ഒരു ഊര്‍ജ്ജ ദുരന്തം ഒഴിവാക്കാന്‍ ഈ ഇടപെടലുകള്‍ സഹായിച്ചതായി നയതന്ത്ര പ്രതിനിധികള്‍ വിലയിരുത്തുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിഡാനുമായി ഫോണില്‍ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ തുര്‍ക്കി മുമ്പ് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നു.
യുഎസും ഇറാനും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയോ എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍, സൗദി അറേബ്യ, പാകിസ്താന്‍, ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെയും യുഎസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനുമായി സന്ദേശങ്ങള്‍ കൈമാറിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ ഓഫീസും അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അയയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വളരെ പുരോഗമനപരമാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള പൂര്‍ണ്ണമായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ചര്‍ച്ചകളുടെ സ്വഭാവം കണക്കിലെടുത്താണ് ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുദ്ധവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഉപദേഷ്ടാവ് ജാരെഡ് കുഷ്നറും ചര്‍ച്ചകള്‍ നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. മിക്കവാറും എല്ലാ കാര്യങ്ങളിലും ധാരണയായെന്നും ഇത് എല്ലാവര്‍ക്കും ഗുണകരമായ ഒരു കരാറായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങള്‍ ആഗോള വിപണിയില്‍ വലിയ ആശ്വാസമാണ് നല്‍കിയത്. ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തി. എന്നാല്‍, ഇറാന്‍ സമാധാന സാധ്യതകളെ തള്ളുന്ന വിധത്തില്‍ പ്രതികരിച്ചതോടെ 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.
ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.
