യുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും ട്രംപ് താല്‍പര്യം അറിയിച്ചതായി നെതന്യാഹു; മുന്നോട്ട് വെക്കുക യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുക എന്നീ നിബന്ധനകള്‍; സുപ്രധാന വിഷയങ്ങളില്‍ ധാരണയായെന്ന വാദം തള്ളി ഇറാന്‍; മധ്യസ്ഥ ചര്‍ച്ചക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കും
മധ്യസ്ഥ ചര്‍ച്ചക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കും
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ - യുഎസ് ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നതായി സ്ഥിരീകരിച്ചു ഇസ്രായേലും. പാക്കിസ്താനിലെ ഇസ്‌ലാമാബാദ് ചര്‍ച്ചക്ക് വേദിയായേക്കുമെന്നാണ് പുരത്തുവരുന്ന വിവരം. ഇറാനുമായി കരാറിലെത്താന്‍ യുഎസ് പ്രസിഡന്റ് താല്‍പര്യമറിയിച്ചുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവാണ് വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും യുഎസ് പ്രസിഡന്റ് താല്‍പര്യമറിയിച്ചതായാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഇറാനുമായുള്ള ഏത് കരാറും ഇസ്രായേലിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിബന്ധനകള്‍ തയാറാക്കിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍. എന്നാല്‍, ഈ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഹോര്‍മൂസ് നിയന്ത്രണം, നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍പ്പെടെ ഇറാനും മുന്നോട്ട് വെക്കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇറാന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇറാനുമായി സുപ്രധാന വിഷയങ്ങളില്‍ ധാരണയായെന്ന വാദം ഇറാന്‍ തള്ളി. മാത്രമല്ല കരയുദ്ധം നടത്തിയാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വ്യാപകമായി മൈനുകള്‍ വിതയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതു സംഭവിച്ചാല്‍ ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോള്‍ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാല്‍, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേല്‍ നിലപാട്.
ലബനനില്‍ സ്ഥിതി ചെയ്യുന്ന യുഎന്‍ സമാധാനസേനയുടെ ഓഫിസില്‍ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലില്‍ ഇന്നലെ ഇറാനിയന്‍ മിസൈലുകള്‍ എത്തിയെങ്കിലും അവ തകര്‍ത്തു. മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഇസ്രയേലിലെ ആഷ്‌കെലോണില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി.
നയതന്ത്ര നീക്കം സജീവം
പശ്ചിമേഷ്യയില്‍ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നയതന്ത്ര നീക്കം.
പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഇരുപക്ഷത്തെയും ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ഇതിനോടകം ധാരണയിലെത്തിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്രായേല്‍ ഈ നീക്കങ്ങളില്‍ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ധാരണകളിലെത്തിയെന്ന ട്രംപിന്റെ പ്രസ്താവന പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ചു. റമദാന്‍, ഈദ് വേളകളിലായി ഇരുവരും പലതവണ ആശയവിനിമയം നടത്തുകയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്ര്‍റെ അനിവാര്യത ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും ഇറാന്‍ പ്രസിഡന്റുമായും ട്രംപുമായും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.
അതേസമയം, നയതന്ത്ര നീക്കങ്ങള്‍ സജീവമാണെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ക്കായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ട്രംപ്, ഇറാന്‍ ചര്‍ച്ചയ്ക്കായി തന്നെ സമീപിച്ചുവെന്നും അവകാശപ്പെട്ടു. എന്നാല്‍ കഴിഞ്ഞ 24 ദിവസമായി അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.
