'പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു; 'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി; നേരിട്ട് പരിചയമില്ലാത്തവര്‍ പോലും സഹായം നീട്ടി; നന്ദി അറിയിച്ചു എം കെ മുനീര്‍
'പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു
കോഴിക്കോട്: ലോണടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തിഭീഷണിയിലായ വീടിന്റെ കടബാധ്യത തീര്‍ത്ത പാര്‍ട്ടിക്കും സുമനസ്സുകള്‍ക്കും വാക്കുകള്‍ക്കതീതമായ നന്ദി പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍. 'പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാന്‍ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്‌നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ വായിച്ചിരിക്കുന്നു, അനുഭവത്തിലൂടെ. സ്‌നേഹം മാത്രം..' -ഫേസ്ബുക് കുറിപ്പില്‍ മുനീര്‍ വ്യക്തമാക്കി.
'എനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ച എന്റെ പാര്‍ട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാന്‍ കടപ്പെട്ടിരിക്കുന്നു. കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളിലേക്ക് സ്‌നേഹം ചൊരിഞ്ഞു.
''നന്ദി'' എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം. എല്ലാവരും സ്‌നേഹവാക്കുകളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു' -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
വാക്കുകള്‍ക്കതീതം....
'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി.
എനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ച എന്റെ പാര്‍ട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളിലേക്ക് സ്‌നേഹം ചൊരിഞ്ഞു. ''നന്ദി'' എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം.
എന്റെ സഹപാഠികള്‍, എന്റെ ഉറ്റ മിത്രങ്ങള്‍, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍, എന്നെ ഏറെ ഇഷ്ടപ്പെടുന്നവര്‍, കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശത്തുള്ളവര്‍, സ്വദേശത്തുള്ളവര്‍ എല്ലാവരും സ്‌നേഹവാക്കുകളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്.
നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേര്‍ത്തുവെക്കലായി ഞാന്‍ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു.
വാര്‍ത്താ മാധ്യമങ്ങള്‍ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകള്‍ക്കും നന്ദി.
പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാന്‍ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്‌നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.
സ്‌നേഹം മാത്രം..
ഡോ. എം. കെ. മുനീര്‍
കോഴിക്കോട് കിഴക്കേ നടക്കാവിലെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. വീട് നവീകരണത്തിനായി കോഴിക്കോട് ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒടുവില്‍ 49 ലക്ഷം രൂപ അടച്ചാല്‍ ബാധ്യത ഒഴിവാക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതാണ് മുസ്‌ലിം ലീഗ് നേതൃത്വം അടച്ചുതീര്‍ത്തത്. ഇതോടെ ജപ്തി ഭീഷണി ഒഴിവായി.
വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി മുനീര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളില്‍നിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 'കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്.
പാര്‍ട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്' -മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീര്‍ പറഞ്ഞു.
