സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയും

സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍

Update: 2026-03-25 13:24 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സര രംഗത്തുള്ളത്.

ആകെ 2,125 നാമനിര്‍ദേശ പത്രികകളാണ് ഇത്തവണ ലഭിച്ചത്. ഇവയില്‍ 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 എണ്ണം തള്ളുകയും ചെയ്തു. കൂടാതെ, 11 പത്രികകള്‍ ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്, ഇവിടെ 17 പേര്‍ ജനവിധി തേടും. തിരുവനന്തപുരം മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളും മഞ്ചേശ്വരത്ത് 14 സ്ഥാനാര്‍ഥികളുമുണ്ട്. അതേസമയം, മാനന്തവാടി, നാട്ടിക മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്, ഈ മണ്ഡലങ്ങളില്‍ മൂന്നു പേര്‍ വീതമാണ് മത്സരിക്കുന്നത്.

ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥി കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരത്ത് 115, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട്ടില്‍ 22, കണ്ണൂരില്‍ 88, കാസര്‍കോട്ട് 37 എന്നിങ്ങനെയാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.

വിവിധ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം താഴെ പറയുന്നവയാണ്:

* തിരുവനന്തപുരം: 115

* കൊല്ലം: 68

* പത്തനംതിട്ട: 25

* ആലപ്പുഴ: 53

* കോട്ടയം: 62

* ഇടുക്കി: 32

* എറണാകുളം: 93

* തൃശൂര്‍: 83

* പാലക്കാട്: 83

* മലപ്പുറം: 112

* കോഴിക്കോട്: 112

* വയനാട്: 22

* കണ്ണൂര്‍: 88

* കാസര്‍ഗോഡ്: 37

നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികളിലെ വിമത സ്ഥാനാര്‍ത്ഥികള്‍ നിലവില്‍ മത്സരരംഗത്തുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നണികളുടെയും നേതാക്കളുടെയും ഭാഗത്തുനിന്ന് സജീവമാണ്. നാളെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ, കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം കൂടുതല്‍ തെളിവോടെ പുറത്തുവരും.

Tags:    

Similar News