തിരു കൊച്ചിയിലും കേരള നിയമസഭയിലും അംഗമായ തോപ്പില്‍ ഭാസി; ജയിച്ചിട്ടും എംഎല്‍എ ആകാന്‍ കഴിയാത്ത രാമു കാര്യാട്ട് മുതല്‍ ഏറ്റവും കൂടുതല്‍ നിയമസഭ കണ്ട ഗണേഷ് കുമാര്‍ വരെ; 2021 ല്‍ പോരിനിറങ്ങിയത് എട്ടു താരങ്ങള്‍;'കോമാളി' പ്രയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരള തെരഞ്ഞെടുപ്പ് ഗോദയിലെ താര ചരിത്രങ്ങള്‍
'കോമാളി' പ്രയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരള തെരഞ്ഞെടുപ്പ് ഗോദയിലെ താര ചരിത്രങ്ങള്‍
തിരുവനന്തപുരം: ക്ഷമ പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും രമേഷ് പിഷാരടിക്കെതിരായ തോമസ് ഐസക്കിന്റെ കോമാളി പ്രയോഗം ഉണ്ടാക്കുന്ന സ്വാധീനം ഈ തെരഞ്ഞെടുപ്പില്‍ ചെറുതായിരിക്കില്ല.അതിന്റെ തെളിവാണ് മറ്റ് മണ്ഡലങ്ങളില്‍പ്പോലും ഈ വിഷയം ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ദിവസം നടന്‍ സലീംകുമാര്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം സിപിഎം മത്സരിപ്പിച്ച സിനിമാ താരങ്ങളും ഇത്തരത്തില്‍ കോമാളികള്‍ ആയിരുന്നോ? ആരെയും അങ്ങിനെ വിളിക്കാന്‍ പാടില്ല എന്നായിരുന്നു.അതേസമയം പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ ഈ വിഷയത്തില്‍ സംസാരിച്ചപ്പോള്‍ രമേഷ് പിഷാരടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് ചോദ്യം ചെയ്തത്.പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന് എന്ത് പരിചയമാണുള്ളതെന്നും എന്നാല്‍ തങ്ങളൊന്നും അങ്ങിനെയല്ലെന്നും വര്‍ഷങ്ങളായി ഈ ജനങ്ങളോട് ഇടപഴകുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇങ്ങനെ എല്ലാമണ്ഡലങ്ങളിലും ചര്‍ച്ചയാവുകയാണ് തോമസ് ഐസക്കിന്റെ കോമാളി പ്രോയഗവും രമേഷ് പിഷാരടയുടെ മറുപടിയും.ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലുള്‍പ്പടെ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വ്യക്തികളെക്കുറിച്ചും അവരുടെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.സിനിമ രംഗത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിലേക്ക് സാധ്യത ആദ്യമായി തുറന്നിട്ടതും ഇടതുപക്ഷമാണെന്നു പറയേണ്ടി വരും.തോപ്പില്‍ ഭാസിയില്‍ തുടങ്ങുന്ന തെരഞ്ഞെടുപ്പ് ഗോദയിലെ താരത്തിളക്കത്തിന്റെ ചരിത്രം കേരള നിയമസഭയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ളത്.ഏറ്റവും കൂടുതല്‍ സിനിമാ താരങ്ങള്‍ പോരിനിറങ്ങുന്ന തെരഞ്ഞെടുപ്പ് എന്ന ഖ്യാതി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിന് കൈ വന്നേക്കും.
കേരളത്തിന് പറയാന്‍ സാഹിത്യകാരന്മാരുടെയും സിനിമാക്കാരുടെയും തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലുകളുടെ ദീര്‍ഘകാല ചരിത്രമുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളം രൂപീകരിക്കുന്നതിന് മുമ്പ് തുടങ്ങും ആ ചരിത്രം.സിനിമാ, സാഹിത്യ, കായിക മേഖലയില്‍ നിന്നുള്ളവരും ഒരു കൈ പയറ്റി നോക്കിയിട്ടുണ്ട്. ചിലരെല്ലാം വിജയപീഠത്തിലേക്ക് കയറിയപ്പോള്‍ മറ്റ് ചിലര്‍ പരാജയത്തിന്റെ കയ്പും രുചിച്ചു. പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായും അവരുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായും ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത സമ്പൂര്‍ണ്ണ സ്വതന്ത്രരായും അവര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുണ്ട്.
ഒരുപക്ഷേ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ താരങ്ങളിറങ്ങുന്നതിന് മുമ്പ് തന്നെ കേരളക്കരയില്‍ തെരഞ്ഞെടുപ്പില്‍ ഈ മേഖലകളിലെ പ്രതിഭകള്‍ തങ്ങളുടെ മാറ്റുരച്ച് നോക്കിയിട്ടുണ്ട്. ജ്ഞാനപീഠ ജേതാവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയയാളും മികച്ച നടനുള്ള അവാര്‍ഡ് നേടിയ പ്രതിഭയും പ്രശസ്ത എഴുത്തുകാരിയുമൊക്കെ മലയാളക്കരയില്‍ അവരുടെ രാഷ്ട്രീയ പരീക്ഷണം നടത്തിയിട്ടുണ്ട്.രണ്ട് കാലഘട്ടത്തില്‍ മത്സരിച്ച തോപ്പില്‍ ഭാസിയില്‍ തുടങ്ങു ജയിച്ചിട്ടും എംഎല്‍എയാകാത്ത രാമൂകാര്യാട്ടിലൂടെ ഏറ്റവും കൂടുതല്‍ തവണ നിയമസഭയിലെത്തിയ കെ ബി ഗണേഷ് കുമാറില്‍ വരെ നീളുന്നതാണ് ഈ ചരിത്രം.
തിരു കൊച്ചയിലും കേരള നിയമസഭയിലും അംഗമായ തോപ്പില്‍ ഭാസി
പഞ്ചായത്തിലും, തിരു കൊച്ചി നിയമസഭയിലും കേരളാ നിയമസഭയിലും അംഗമായിരുന്ന ഏക വ്യക്തി ഒരു പക്ഷേ, നാടകകൃത്തും സംവിധായകനും,സിനിമാ തിരക്കഥാകൃത്തും സംവിധായകുമൊക്കെയായ തോപ്പില്‍ ഭാസിയാണ്.കേരളത്തിലെ പ്രൊഫഷണല്‍, രാഷ്ട്രീയ നാടകവേദിയുടെ അമരക്കാരിലൊരാളായ തോപ്പില്‍ഭാസി 1953ല്‍ വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പിന്നീട് 1954ല്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. 1957ല്‍ ആദ്യ കേരള നിയമസഭയില്‍ പഴയ പത്തനംതിട്ട മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
ജയിച്ചിട്ടും എംഎല്‍എ ആകാത്ത രാമൂ കാര്യാട്ട്
1965ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കേരളം സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വിജയിയെ കണ്ടത്.എന്നാല്‍, വിജയിച്ച സ്ഥാനാര്‍ത്ഥി ഒരിക്കലും എംഎല്‍എ ആയിട്ടില്ല എന്നതും ചരിത്രമാണ്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടാണ് ആ വിജയി. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനായില്ല.അതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടു.1967-ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
1965ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് 67 സീറ്റുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍ സിപിഎമ്മിന് 40 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് 36 സീറ്റുകള്‍ നേടി. ഒരു വര്‍ഷം മുമ്പ് പിളര്‍ന്ന കേരള കോണ്‍ഗ്രസ് 26 സീറ്റുകള്‍ നേടിയതോടെ, കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. നിയമസഭയിലേക്ക് വിജയിച്ച രാമു കാര്യാട്ട് ഒരു പാര്‍ട്ടിക്കാരനുമായല്ല, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്.
തൃശൂര്‍ മണ്ഡലത്തിലെ നാട്ടിക മണ്ഡലത്തില്‍ നിന്നാണ് രാമു കാര്യാട്ട് നിയമസഭയിലെത്തിയത്. പ്രശസ്ത സിനിമ ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലാണ്. 1965 ആയപ്പോഴേക്കും രാമു കാര്യാട്ട് അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചെമ്മീന്‍ രാമു കാര്യാട്ടിന് ദേശീയ പ്രശംസ നേടിക്കൊടുത്തിരുന്നു.
ഒ എന്‍ വി കുറുപ്പ്
മാധവിക്കുട്ടിയുടെ പരാജയത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടുമൊരു സിനിമാ സാഹിത്യ പ്രതിഭ ജനവിധി തേടിയിറങ്ങി.1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ. എന്‍ വി കുറപ്പായിരുന്നു എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചത്.തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ എ. ചാള്‍സിനോട് പരാജയപ്പെട്ടു.
രണ്ട് തവണയും വിജയം തൊടാത്ത ലെനിന്‍ രാജേന്ദ്രന്‍
ഒ എന്‍ വി തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ മറ്റൊരു സിനിമാ സംവിധായകനും ലോക്‌സഭയിലേക്ക് മത്സരിച്ചു.ഒറ്റപ്പാലത്ത് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. കെ. ആര്‍ നാരായണനോട് അദ്ദേഹം തോറ്റു. 1991ലും കെ ആര്‍ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തില്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി.രണ്ട് തവണയും വിജയം അദ്ദേഹത്തിനൊപ്പമുണ്ടായില്ല. അതിന് ശേഷം അദ്ദേഹവും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നില്ല.
വിഎം സുധീരനോട് പൊരുതി വീണ മുരളി
തിരഞ്ഞെടുപ്പില്‍ വീണ്ടുമൊരു താരത്തിളക്കം ഉണ്ടായത് 1999ലാണ്.ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ഭരത് അവാര്‍ഡ് ജേതാവായ നടന്‍ മുരളിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.വി.എം. സുധീരനെതിരായി മത്സരത്തില്‍ മുരളിക്ക് വിജയിക്കാനായില്ല.പിന്നീട് മുരളിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വന്നില്ല
ഉപതെരഞ്ഞടുപ്പിലെ താരമായ പി ടി കുഞ്ഞിമുഹമ്മദ്
ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുത്ത സിനിമാക്കാരനുമുണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തില്‍. 1994 ല്‍ ഉപതിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നും ജയിച്ചാണ് പി ടി കുഞ്ഞിമുഹമ്മദ് എന്ന ചലച്ചിത്രകാരന്‍ നിയമസഭയിലേക്ക് എത്തുന്നത്. സി പി എം സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1996 ല്‍ അദ്ദേഹം വീണ്ടും നിയമസഭാംഗമായി. 1994ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് പി ടി കുഞ്ഞിമുഹമ്മദിലൂടെ എല്‍ ഡി എഫ് പിടിച്ചെടുത്തത്.
നിര്‍മ്മാതാവില്‍ നിന്ന് മന്ത്രി പദത്തിലേക്കെത്തിയ മഞ്ഞളാംകുഴി അലി
രാഷ്ട്രീയത്തിലിറങ്ങിയ സിനിമാ നിര്‍മ്മാതാവാണ് മഞ്ഞാളാം കുഴി അലി.1988 ല്‍ ധ്വനി എന്ന മലയാളചിത്രം നിര്‍മ്മിച്ച് ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന വ്യവസായിയാണ് മഞ്ഞളാം കുഴി അലി. 25 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ആദ്യ ചിത്ര നിര്‍മ്മിച്ച് എട്ട് വര്‍ഷം പിന്നിടുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സിച്ചത്. കന്നിയങ്കത്തില്‍ പരാജയമായിരുന്നു മാക് അലി എന്ന് അറിയപ്പെടുന്ന മഞ്ഞളാംകുഴി അലിയെ കാത്തിരുന്നത്. 1054 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ കെ പി എ മജീദിനോട് മഞ്ഞളാം കുഴി അലി തോറ്റു.
അന്ന് സി പി എം സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്. 2001 ലെ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ കെ പി മജീദിനെ 3058 വോട്ടിന് തോല്‍പ്പിച്ച് സി പി എം സ്ഥാനാര്‍ത്ഥിയായി അലി നിയമസഭയിലേക്ക് എത്തി. 2006 ല്‍ അദ്ദേഹം തകര്‍പ്പന്‍ ജയമാണ് നേടിയത്. മുസ്ലിം ലീഗിലെ കരുത്തനും മന്ത്രിയുമായിരുന്ന എം കെ മുനീറിനെ തോല്‍പ്പിച്ചാണ് വീണ്ടും നിയമസഭയിലേക്ക് പോയത്.ഇത്തവണ അലി സ്വന്തം ഭൂരിപക്ഷം അയ്യായിരമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ സി പി എമ്മിനോട് വിയോജിച്ച് 2010 ഒക്ടോബറില്‍ നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗില്‍ ചേര്‍ന്നു.പാര്‍ട്ടി മാറിയതിനൊപ്പം 2011 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മണ്ഡലവും മാറി.സി പി എമ്മില്‍ നിന്നും ലീഗിലേക്കും മങ്കട നിന്നും പെരിന്തല്‍മണ്ണയിലേക്ക് ആയിരുന്നു ആ മാറ്റം.
പാര്‍ട്ടിയും മണ്ഡലവും മാറിയെങ്കിലും വിജയം മഞ്ഞളാംകുഴി അലിക്കൊപ്പമായിരുന്നു.സി പി എമ്മിലെ വി.ശശികുമാറിനെ തോല്‍പ്പിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2012 ഏപ്രിലില്‍ മന്ത്രിയുമായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദം എന്ന് അറിയപ്പെട്ട വിവാദത്തിലെ മന്ത്രിസ്ഥാനമാണ് അലിയെ തേടിയെത്തിയത്. 2016 ലും ശശികുമാറിനെ തോല്‍പ്പിച്ച് അലി നിയമസഭയിലെത്തി.വീണ്ടും മങ്കടയിലേക്ക് തിരികെയത്തിയാണ് മഞ്ഞളാം കുഴി ജയിച്ചത്. നാലാംതവണയാണ് മങ്കടയില്‍ അലി മത്സരിച്ചത് യു ഡി എഫിന് വേണ്ടിയായിരുന്നു. നേരത്തെ മൂന്ന് തവണയും മത്സരിച്ചത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു.
ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധിയായ കെ ബി ഗണേഷ് കുമാര്‍
സിനിമാമേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധിയായി എന്ന റെക്കോര്‍ഡ് കെ.ബി ഗണേശ് കുമാറിനാണ്.ഇരുമുന്നണികളുടെയും ഭാഗമായി മത്സരിച്ച ജയിക്കുകയും ഇരുമുന്നിയുടെ ഭാഗമായി മന്ത്രിയാവുകയും ചെയ്ത സിനിമാക്കാരനും അദ്ദേഹമാണ്.2001 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്.യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും ഭാഗമായി അദ്ദേഹം മത്സരിച്ചു ജയിച്ചു.മൂന്ന് തവണ മന്ത്രിയും ആയി.
ഗണേശ് കുമാര്‍ മത്സരിച്ച പത്തനാപുരം മണ്ഡലത്തില്‍ മറ്റൊരു പ്രത്യേകത കൂടി 2016ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായി.2016 ലെ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും വേണ്ടി ഏറ്റുമുട്ടിയ മൂന്ന് സ്ഥാനാര്‍ത്ഥികളും സിനിമാ നടന്മാരായിരുന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് (ബി)യുടെ സിറ്റിങ് എം എല്‍ എ കെ. ബി. ഗണേശ് കുമാര്‍.യു ഡി എഫിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി ജഗദീഷ് കുമാര്‍ എന്ന നടന്‍ ജഗദീഷും ബി ജെ പി സ്ഥാനാര്‍ത്ഥിയായി രഘു ദാമോദരന്‍ എന്ന നടന്‍ ഭീമന്‍ രഘുവുമാണ് രംഗത്തിറങ്ങിയത്.പത്താനപുരത്തുകാര്‍ ഈ നൂറ്റാണ്ടിലെ തുടക്കത്തിലാരംഭിച്ച പതിവ് തെറ്റിക്കാത്തതുകൊണ്ട് ഗണേശ് കുമാര്‍ നിയമസഭയിലേക്ക് പോയി.
മൂന്നാം തവണയില്‍ വിജയം കണ്ട സുരേഷ് ഗോപി
രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് രാജ്യസഭാംഗമായ നടനാണ് സുരേഷ് ഗോപി. 1997 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ നടനാണ് അദ്ദേഹം. 2016ല്‍ രാജ്യസഭാ അംഗമായ അദ്ദേഹം 2019ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും തോല്‍വിയായിരുന്നു ഫലം. തൃശൂരെടുക്കാനിറങ്ങിയ സുരേഷ് ഗോപി അന്ന് വെറുംകൈയ്യോടെ രാജ്യസഭയിലേക്ക് മടങ്ങി. പിന്നീട് 2021ല്‍ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു തോറ്റു. 2023 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്ന് ജയിച്ചു. കേന്ദ്ര സഹമന്ത്രിയായി.
ഇന്നസെന്റ്
ലോകസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നുമുള്ള പ്രതിഭകള്‍ മത്സരിച്ചത് 2014ലാണ്. ചാലക്കുടിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റ് ലോക്‌സഭയിലേക്ക് ജയിച്ചു.കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.2019ല്‍ ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിച്ചുവെങ്കിലും തോല്‍വിയായിരുന്നു ഫലം.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ ദേവന്‍
കേരളത്തില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ച ഏക നടന്‍ ദേവനാണ്. 2004 ല്‍ കേരളാ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചാണ് ദേവന്‍ മത്സരരംഗത്ത് എത്തിയത്. എന്നാല്‍, ഒരിടത്തും ജയിക്കാനായില്ല. പിന്നീട് പാര്‍ട്ടിയുടെ പേര് നവകേരളാ പീപ്പിള്‍സ് പാര്‍ട്ടി എന്നാക്കി. നിലവില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിച്ചു എന്നാണ് അദ്ദേഹം അറിയിച്ചത്.തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത സംവിധായകന്‍ രാമുകാര്യാട്ടിന്റെ ബന്ധുകൂടിയാണ് നടന്‍ ദേവന്‍.
കൊല്ലത്ത് രണ്ട് തവണ നേട്ടം കൊയ്ത മുകേഷ്
2016-21 എന്നീ രണ്ട് ടേമുകളിലാണ് മുകേഷ് കൊല്ലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.2016ല്‍ 17,611 ഭൂരിപക്ഷമുണ്ടായിരുന്ന മുകേഷിന് പക്ഷെ രണ്ടാം തവണ വന്‍തിരിച്ചടിയാണ് നേരിട്ടത്.ജയിച്ചെങ്കിലും ഭൂരിപക്ഷം നന്നേക്കുറഞ്ഞു.2021ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്. 2072 വോട്ടിന്.അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയാണ് കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയത്.
എട്ടു സിനിമാ താരങ്ങള്‍ ഗോദയിലിറങ്ങിയ 2021
കഴിഞ്ഞ കേരളാ നിയമസഭയിലേക്ക് മത്സരിച്ചവരില്‍ എട്ട് പേരാണ് സിനിമാക്കാര്‍.ഏഴു പേര്‍ നടന്മാരാണ്.അതിലൊരാള്‍ നിര്‍മ്മാതാവും അഭിനേതാവും സംവിധായകനുമാണ്.മറ്റൊരാള്‍ നിര്‍മാതാവും. ഇതില്‍ രണ്ട് പേര്‍ എല്‍ ഡി എഫിലും മൂന്ന് പേര്‍ വീതം യു ഡി എഫിനും എന്‍ ഡി എയ്ക്കും വേണ്ടി മത്സരിച്ചു.എല്‍ ഡി എഫില്‍ നിന്നും യു ഡി എഫിലേക്ക് മാറിയാണ് നിര്‍മാതാവും അഭിനേതാവും സംവിധായകനുമായ മാണി സി. കാപ്പന്‍ സ്ഥിരം മണ്ഡലമായ പാലയില്‍ മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ ഡി എഫ് എം എല്‍ എയാണ് കാപ്പന്‍. മലയാളം, ആസാമീസ് ഭാഷകളില്‍ സിനിമാ നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നി മേഖലകളിലും മാണി സി. കാപ്പന്‍ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെങ്കിലും തോല്‍വിയായിരുന്നു ഫലം. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പന്‍ ആദ്യമായി വിജയിച്ചത്.ജോസ് കെ. മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മാണി സി കാപ്പന്‍ പാര്‍ട്ടിയും മുന്നണിയും വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫില്‍ ചേര്‍ന്ന്, പാലയില്‍ മത്സരിച്ച് ജയിച്ചത്.തോല്‍പ്പിച്ചത് ജോസ് കെ മാണിയെയും.ബോള്‍ഗാട്ടിയില്‍ നിന്ന് ബാലുശേരിയിലെത്തി ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിച്ചത്. മിമിക്രി താരവും, അഭിനതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധര്‍മ്മജന്റെ കന്നി മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം.
തിരുവനന്തപുരം സെന്‍ട്രല്‍ എന്ന മണ്ഡലത്തില്‍ ക്രിക്കറ്ററെ ഇറക്കി തോറ്റ ബി ജെ പി സിനിമാ,സീരിയല്‍ നടനായ കൃഷ്ണകുമാര്‍ ജി യാണ് മത്സരിപ്പിച്ചത്.കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി സീരിയല്‍ നടനെ മത്സരിപ്പിക്കുന്നതും ബി ജെ പിയായിരിക്കും.ചവറയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ച വിവേക് ഗോപന്‍ സിനിമാ- സീരിയില്‍ നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ്.സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമാതാരങ്ങളുടെ സെലിബ്രിറ്റിക്രിക്കറ്റ് ടീം അംഗവുമാണ്.
