'യൂണിഫോമിനുള്ളിലും ഞാൻ സുരക്ഷിതയല്ലായിരുന്നു'; അച്ഛന്റെ പ്രായമുള്ള സീനിയർ ഓഫീസർ ഡ്രസ്സിൽ പിടിച്ചു വലിച്ചു, 'എനിക്ക് തന്നോട് പ്രേമമാണെന്ന്' പറഞ്ഞ് കൈ പിടിച്ചു ; ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു; ഉയർന്ന കസേരയിൽ ഇരുന്നാലും ചിലർക്ക് കോഴിത്തരം മാറില്ല; മറുനാടൻ സ്പെഷ്യൽ പോഡ്‌കാസ്റ്റിൽ ആർ. ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ ആർ. ശ്രീലേഖ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ ചർച്ചയാകുന്നു. സർവീസിലിരിക്കെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമ ശ്രമങ്ങളും ലിംഗവിവേചനവും നേരിടേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അവർ നടത്തിയത്. മറുനാടൻ സ്പെഷ്യൽ പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് സർവീസിലിരിക്കെ താൻ നേരിട്ട 'നടുക്കുന്ന' അനുഭവങ്ങൾ അവർ തുറന്നുപറഞ്ഞത്.
"എന്തിനാണ് ഈ പെണ്ണ് ഇവിടെ വന്നത്?"
താൻ ആദ്യമായി സർവീസിൽ പ്രവേശിച്ച കാലത്തെക്കുറിച്ച് ശ്രീലേഖ ഓർക്കുന്നു. അന്ന് ഒരു സ്ത്രീ ഐ.പി.എസ് ഓഫീസറായി വരുന്നത് കേരളത്തിന് ഒരത്ഭുതമായിരുന്നു. പക്ഷേ, ആ അത്ഭുതം ബഹുമാനമായല്ല പലരിലും പ്രകടമായത്. "ഞാൻ ആദ്യമായിട്ട് പോലീസിൽ വന്നപ്പോൾ എല്ലാവരും ചോദിച്ചു, എന്തിനാണ് ഈ പെണ്ണ് ഇവിടെ വന്നത് എന്ന്. പലർക്കും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒരു സ്ത്രീ ഐ.പി.എസ് ഓഫീസറായി വരുന്നത് അന്ന് വലിയൊരു അത്ഭുതമായിരുന്നു. പലപ്പോഴും മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടായത്. ചിലർ മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്, ചിലർ എന്നെ ഒതുക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു."
പോലീസിനുള്ളിലെ കടുത്ത പുരുഷാധിപത്യ മനോഭാവമായിരുന്നു അവർ നേരിട്ട ആദ്യ വെല്ലുവിളി. യൂണിഫോമിട്ട ഒരു സ്ത്രീക്ക് കീഴിൽ ജോലി ചെയ്യാൻ പുരുഷന്മാർക്ക് അവരുടെ 'ഈഗോ' അനുവദിച്ചിരുന്നില്ല. കോൺസ്റ്റബിൾ തലം മുതൽ സഹപ്രവർത്തകർ വരെ ഈ വിവേചനം കാട്ടിയിരുന്നു.
യൂണിഫോമിനുള്ളിലെ അരക്ഷിതാവസ്ഥ
ഒരു സാധാരണ സ്ത്രീക്ക് അക്രമം നേരിട്ടാൽ പരാതിപ്പെടാൻ പോലീസുണ്ട്. എന്നാൽ പരാതി കേൾക്കേണ്ട പോലീസ് ഓഫീസർക്ക് തന്നെ അതിക്രമം നേരിട്ടാൽ ആരോട് പറയും? ഈ ചോദ്യമാണ് ശ്രീലേഖ ഉയർത്തുന്നത്. തന്റെ സുപ്പീരിയർ ഓഫീസറിൽ നിന്നുണ്ടായ മോശം അനുഭവം അവർ വിവരിക്കുന്നത് ഇങ്ങനെയാണ്. "എന്റെ മേലുദ്യോഗസ്ഥരിൽ നിന്ന് പോലും വളരെ മോശമായ രീതിയിലുള്ള പെരുമാറ്റം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്നെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിച്ചു വരുത്തി. അവിടെ വെച്ച് അദ്ദേഹം എന്നോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും എന്നെ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ഒരു നിമിഷം ഞാൻ അനുഭവിച്ച മാനസിക വിഷമം വിവരിക്കാൻ കഴിയില്ല. ഒരു പോലീസ് ഓഫീസർക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ ആരോട് പറയും? അന്ന് ഞാൻ അത് ഉള്ളിലൊതുക്കി ജോലി തുടരാൻ നിർബന്ധിതയായി."
കൈയ്യിൽ പിടിച്ചു, 'പ്രേമമാണെന്ന്' പറഞ്ഞു: 26-ാം വയസ്സിലെ നടുക്കം
തനിക്ക് വെറും 26 വയസ്സുള്ളപ്പോൾ, അച്ഛന്റെ പ്രായമുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ അതിക്രമത്തെക്കുറിച്ച് ശ്രീലേഖ വൈകാരികമായാണ് സംസാരിച്ചത്. ഒരു മെമ്മോറാണ്ടം നൽകി മടങ്ങാൻ നേരത്തായിരുന്നു ആ സംഭവം. "അപ്പൊ ഞാൻ ഈ ഒരു മെമ്മോറാണ്ടം ഒക്കെ എഴുതിക്കൊടുത്ത് തിരിച്ച് കാറിൽ കയറാൻ നേരത്ത് ഈ പുള്ളി ഓടിവന്നിട്ട് എന്റെ കൈയ്യിൽ പിടിച്ചു. കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു, 'എനിക്ക് തന്നോട് ഭയങ്കര ഇഷ്ടമാണ്, എനിക്ക് തന്നോട് പ്രേമമാണ്' എന്നൊക്കെ പറഞ്ഞു. എനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്. പുള്ളി ഒരു സീനിയർ ഓഫീസറാണ്. എന്റെ ഡിപ്പാർട്ട്‌മെന്റിൽ ഉള്ള ആളല്ല. ഞാൻ പറഞ്ഞു, 'സാർ ഇതൊന്നും ശരിയല്ല, സാർ കൈ വിടൂ' എന്ന് പറഞ്ഞു. പക്ഷേ അയാൾ വിട്ടില്ല. അയാൾ എന്നെ വല്ലാതെ ഉപദ്രവിക്കാൻ നോക്കി. എന്റെ ഡ്രസ്സിലൊക്കെ പിടിച്ചു. ഞാൻ വല്ലാതെ സ്ട്രഗിൾ ചെയ്തു. എങ്ങനെയൊക്കെയോ ഞാൻ അവിടെ നിന്ന് രക്ഷപ്പെട്ട് കാറിൽ കയറി. ആ രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു."
മറ്റൊരു സംഭവത്തിൽ, ഒരു സുപ്പീരിയർ ഓഫീസർ തന്റെ തോളിൽ കൈവെച്ച് "എന്താ ശ്രീലേഖേ ഇത്ര ഗൗരവം?" എന്ന് ചോദിച്ചുകൊണ്ട് മോശമായി പെരുമാറാൻ ശ്രമിച്ചതും അവർ ഓർത്തെടുത്തു. പുറത്തുപോകാൻ നിർബന്ധിക്കുകയും കൈയ്യിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്ത ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഒരു ഐ.പി.എസ് ഓഫീസർ എന്ന നിലയിൽ തന്നെ മാനസികമായി തളർത്തിയെന്നും അവർ പറയുന്നു.
ഗൂഢാലോചനകളും വ്യക്തിഹത്യയും
ജോലിസ്ഥലത്ത് നേരിട്ടത് കേവലം 'കോഴിത്തരം' മാത്രമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടു കൂടിയുള്ള ഗൂഢാലോചനകളായിരുന്നു എന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. തന്നെ എങ്ങനെയെങ്കിലും പുറത്താക്കുകയോ ഇമേജ് നശിപ്പിക്കുകയോ ചെയ്യുക എന്നതായിരുന്നു ചിലരുടെ ലക്ഷ്യം. "അവിടെ ചെന്നപ്പോൾ എനിക്ക് മനസ്സിലായി ഇതൊരു വലിയ ഗൂഢാലോചനയാണ് എന്ന്. എനിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ പോലും ഇതിൽ ഇൻവോൾവ്ഡ് ആണെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. എന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്ന് പുറത്താക്കുക അല്ലെങ്കിൽ എന്റെ ഇമേജ് നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്റെ ഒരു കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പോലും വളരെ മോശമായ രീതിയിൽ കമന്റ്സ് എഴുതിയ മേലധികാരികൾ ഉണ്ടായിരുന്നു. അതൊന്നും എന്റെ വർക്കിനെ കുറിച്ചായിരുന്നില്ല, പകരം പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങളായിരുന്നു."
സല്യൂട്ടിലെ പുച്ഛവും ഈഗോയും
പോലീസ് സേനയിലെ കീഴ്ജീവനക്കാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നേരിട്ട വിവേചനത്തെക്കുറിച്ചും അവർ വാചാലയായി. "സല്യൂട്ട് അടിക്കുന്നത് പോലും ചിലപ്പോ ഒരു പുച്ഛത്തോടു കൂടിയായിരിക്കും. അല്ലെങ്കിൽ നമ്മൾ ഒരു കാര്യം പറയുമ്പോൾ അത് അനുസരിക്കാൻ ഉള്ള ഒരു വൈമുഖ്യം. 'ഓ... ഇവളാര് പറയാൻ' എന്നുള്ള ഒരു മനോഭാവം. അത് കോൺസ്റ്റബിൾ ലെവലിൽ മാത്രമല്ല, പിയർ ഗ്രൂപ്പിൽ പോലും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജൂനിയേഴ്സ് പോലും എന്നെക്കാളും ഒരു വലിയ സംഭവമാണെന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ടായിരുന്നു."
തുറന്നുപറച്ചിലിന്റെ ലക്ഷ്യം
എന്തിനാണ് ഇപ്പോൾ ഇത്രയും കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ശ്രീലേഖയ്ക്കുണ്ട്. "അതൊക്കെ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. പലപ്പോഴും ജോലി ഉപേക്ഷിച്ചാലോ എന്ന് പോലും ചിന്തിച്ചു പോയിട്ടുണ്ട്. ഞാൻ ഇത് ഇപ്പോൾ തുറന്നു പറയുന്നത് വരാനിരിക്കുന്ന തലമുറയ്ക്കെങ്കിലും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പ്രതികരിക്കാൻ ധൈര്യം ഉണ്ടാകട്ടെ എന്ന് കരുതിയാണ്. നമ്മൾ എത്ര ഉയർന്ന തസ്തികയിൽ ഇരുന്നാലും ഇത്തരം 'കോഴിത്തരം' കാണിക്കുന്നവർ എല്ലായിടത്തും ഉണ്ടാകും. അത് നേരിടുക എന്നത് വലിയൊരു പോരാട്ടം തന്നെയാണ്."
രാഷ്ട്രീയ സ്വാധീനമുള്ള ചില പ്രമുഖ തടവുകാർക്ക് ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ (ഫോൺ ഉപയോഗം, പ്രത്യേക ഭക്ഷണം തുടങ്ങിയവ) നൽകാൻ ഉന്നതതലത്തിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. നടൻ ദിലീപ് ജയിലിലായിരുന്ന സമയത്ത് അദ്ദേഹത്തിന് ലഭിച്ച മോശം പരിഗണനയെക്കുറിച്ച് അവർ സംസാരിക്കുന്നു. ദിലീപിന് അമിതമായ സൗകര്യങ്ങൾ നൽകിയെന്ന ആരോപണം തെറ്റാണെന്നും, എന്നാൽ മാനുഷികമായ പരിഗണന നൽകാൻ താൻ നിർദ്ദേശിച്ചിരുന്നുവെന്നും അവർ പറയുന്നു. ജയിലിൽ വെച്ച് പൾസർ സുനി ദിലീപിന് കത്തെഴുതിയെന്ന് പറയുന്ന സംഭവം വ്യാജമാണെന്ന് അവർ ആരോപിക്കുന്നു.
ജയിലിനുള്ളിൽ നിന്ന് അത്തരമൊരു കത്ത് പുറത്തുപോകാൻ സാധ്യതയില്ലെന്നും, പോലീസുകാർ തന്നെ എഴുതിയുണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും അവർ പറയുന്നു. ജയിൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ തടവുകാരിൽ നിന്നും പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും വധഭീഷണി ഉണ്ടായതായി അവർ വെളിപ്പെടുത്തുന്നു. തന്നെ പദവിയിൽ നിന്ന് നീക്കാൻ ചിലർ ചേർന്ന് ഗൂഢാലോചന നടത്തിയതായും അവർ ആരോപിക്കുന്നു. ജയിലുകൾക്കുള്ളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വെല്ലുവിളികളെക്കുറിച്ചും, ഇതിൽ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെക്കുറിച്ചും അവർ സംസാരിക്കുന്നു.
കേരളാ പോലീസിന്റെ അകത്തളങ്ങളിൽ നടന്ന അടിച്ചമർത്തലുകളുടെയും ലിംഗവിവേചനത്തിന്റെയും നേർച്ചിത്രമാണ് ശ്രീലേഖയുടെ ഈ വാക്കുകൾ. ഒന്നിനും വഴങ്ങിക്കൊടുക്കാതെ, ഒറ്റപ്പെട്ടുപോയിട്ടും തന്റെ ജോലി കൃത്യമായി ചെയ്ത ആ പഴയ കാലമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് അവർ അഭിമാനത്തോടെ പറയുന്നു.
