രാത്രിയെന്നോ പകലെന്നോ ഇല്ല; പ്രധാന റോഡുകള്‍ കൈയടക്കി കാട്ടാന; കൃഷിനാശവും വ്യാപകം; പടക്കം കൊണ്ട് നേരിടാന്‍ ഫോറസ്റ്റുകാര്‍; ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കാന്‍ നാട്ടുകാരും: ചിറ്റാറില്‍ മനുഷ്യ-മൃഗസംഘര്‍ഷം

വനമേഖലയുടെ അതിര്‍ത്തിയായ കക്കാട്ടാറിന്റെ മറുകരയിലുള്ള വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് വനംവകുപ്പിന്റെ ചെലവില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്

Update: 2024-10-07 04:23 GMT

പത്തനംതിട്ട: കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജില്ലയുടെ കിഴക്കന്‍ വനമേഖലയായ ചിറ്റാറിലെ ജനങ്ങള്‍. റോഡിലുടെ മനസമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ല. കൊടുംവളവ് തിരിഞ്ഞ് ചെല്ലുമ്പോഴാകും റോഡിന് നടുവില്‍ കാട്ടാന നില്‍ക്കുന്നത്. ഭയന്ന് പോകുന്ന യാത്രക്കാര്‍ ഒന്നുകില്‍ വാഹനം നിര്‍ത്തിയോടും. ബൈക്കിലാണ് വരുന്നതെങ്കില്‍ മറിഞ്ഞു വീഴുകയും ചെയ്യും. ആന നാട് കാടാക്കി രാപകല്‍ ഭേദമന്യേ റോഡില്‍ വിലസുമ്പോള്‍ വനപാലകര്‍ക്ക് നേരിടാന്‍ കൈയിലുള്ളത് ഓലപ്പടക്കം മാത്രമാണ്.

രാപകല്‍ ഭേദമന്യേ കാട്ടാന ജനവാസ കേന്ദ്രത്തിനും തിരക്കേറിയ റോഡിലും ഇറങ്ങുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മനസമാധാനം നഷ്ടമാകുന്നു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ അള്ളുങ്കല്‍, മൂന്നു കല്ല്, ഊരാമ്പാറ, 86 പള്ളിപ്പടി, എന്നീ സ്ഥലങ്ങളിലാണ് കാട്ടാന നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുന്നത്. കക്കാട്ടാര്‍ നീന്തി വരുന്ന കാട്ടാന പഞ്ചായത്തിലെ മണക്കയം, ചിറ്റാര്‍, ചിറ്റാര്‍ തോട്ടം വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.

ഇതോടെ ജനരോഷം ശക്തമാണ്. കാട്ടാന ഇതുവരെ മനുഷ്യര്‍ക്ക് ഉപദ്രവകാരിയായിട്ടില്ല. പക്ഷേ, കൃഷി നാശം വളരെ വലുതാണ്. ചിറ്റാര്‍-സീതത്തോട് പബ്ലിക് റോഡില്‍ ഊരമ്പാറ ഭാഗത്ത് പുലര്‍ച്ചെ ആന സ്ഥാനം പിടിക്കും. റോഡില്‍ ഇറങ്ങി നില്‍ക്കുകയോ മുറിച്ചു കടന്നു പോവുകയോ ചെയ്യും. ഈ ഭാഗത്ത് റോഡിന് വളവുകള്‍ ഏറെയാണ്. കൂടാതെ കാടും റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്നു. നേരം പുലരും മുന്‍പേയുള്ള ആനയുടെ സഞ്ചാരം യാത്രക്കാര്‍ക്ക് അപകടകരമാണ്. ആന റോഡില്‍ നില്‍ക്കുന്നത് അറിയാതെ വാഹന യാത്രക്കാരും പ്രഭാത സവാരിക്കാരും എത്തുന്നു.

ഇവരൊക്കെ പലപ്പോഴും ആനയുടെ മുന്നില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്. ആനയെ നേരിടാന്‍ പടക്കം പൊട്ടിക്കുക മാത്രമാണത്രേ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയോ മയക്കുവെടി വച്ച് പിടിക്കുകയോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പിന് കര്‍ഷകര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ഇനി പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് നീക്കം. വനമേഖലയുടെ അതിര്‍ത്തിയായ കക്കാട്ടാറിന്റെ മറുകരയിലുള്ള വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് വനംവകുപ്പിന്റെ ചെലവില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കൂടി സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിനിടെ കാട്ടാനയുടെ സഞ്ചാരത്തിന് യാതൊരു കുറവുമില്ല.

Tags:    

Similar News