ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ഇഡി സമന്‍സ് വെറും നടപടിക്രമം; ഒരു തെളിവും കണ്ഠരര് രാജീവര്‍ക്കെതിരെ ഇല്ലെന്ന കോടതി നിരീക്ഷണം ഇഡി മൊഴി എടുക്കലിലും നിര്‍ണ്ണായകമാകും. തെളിവുകളുടെ ബലത്തില്‍ സ്വാഭാവിക ജാമ്യ കാലം വരെ ജയിലില്‍ കിടന്ന എന്‍. വാസു കുടുങ്ങാനും സാധ്യത; ഇഡിയും അന്വേഷണത്തിന്റെ പുതിയ ഘട്ടത്തിലേക്ക്

Update: 2026-02-21 05:09 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. മാര്‍ച്ച് ആദ്യവാരം ഹാജരാകാനാണ് ഇരുവര്‍ക്കും ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇഡിയുടെ ഈ നടപടി. എന്നാല്‍ ഇഡിയുടെ ഈ സമന്‍സ് തന്ത്രി കണ്ഠര് രാജീവര്‍ക്ക് വലിയ പ്രശ്‌നമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്കെതിരെ ഒരു തുമ്പു തെളിവും ഇല്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ തന്ത്രിയെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന വാദവും ശക്തമായി. തന്ത്രി കേസിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി വിശദീകരിക്കുകയും ചെയ്തിരുന്നു.

തന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഇഡി നേരത്തെയും അത്ര ഗൗരവത്തില്‍ കണ്ടിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി തന്ത്രിയുടെ വീട്ടില്‍ ഇഡി ഇതുവരെ റെയ്ഡ് നടത്തിയിട്ടുമില്ല. കേസില്‍ പ്രഥമദൃഷ്ട്യാ തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകളില്ലെന്ന കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, ഇഡിക്ക് മുന്നില്‍ മൊഴി നല്‍കുന്നത് തന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല. തനിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്നും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് താനല്ലെന്നുമുള്ള തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചിരുന്നു.

ബെംഗളൂരുവിലെ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചെങ്കിലും, അത് പൊളിക്കുന്ന കൃത്യമായ രേഖകള്‍ തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്ന കാലത്ത് താനല്ല അവിടെ തന്ത്രിയെന്നും, താന്‍ ചുമതലയേല്‍ക്കുമ്പോഴേക്കും പോറ്റി അവിടം വിട്ടിരുന്നുവെന്നും രേഖാമൂലം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ തെളിവുകളെ പ്രതിരോധിക്കാന്‍ എസ്ഐടിക്ക് കഴിയാതെ വന്നതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

2018-ലെ ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തതിന്റെ പേരില്‍ സര്‍ക്കാര്‍ തീര്‍ത്ത പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രിയുടെ പ്രധാന വാദം. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാടെടുത്തതിലുള്ള വിരോധം സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണപക്ഷത്തെ ചിലര്‍ക്കും ഉണ്ടായിരുന്നു. ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതും തന്ത്രിയുടെ വാദങ്ങള്‍ക്ക് കരുത്തേകുന്നു.

എന്നാല്‍ തന്ത്രിയുടെ അവസ്ഥയിലല്ല എന്‍ വാസു. സ്വര്‍ണ്ണ കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുകൂടിയായ എന്‍ വാസുവിന് കോടതിയില്‍ നിന്ന് ലഭിച്ചത് സ്വാഭാവിക ജാമ്യമാണ്. കേസില്‍ വാസുവിനെതിരെ കൃത്യമായ പ്രത്യക്ഷ തെളിവുകളുമുണ്ട്. അതുകൊണ്ട് തന്നെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്‍ വാസു വിയര്‍ക്കാനാണ് സാധ്യത കൂടുതല്‍. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. കേസില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം കടുപ്പിക്കുമ്പോള്‍, സ്വാഭാവിക ജാമ്യത്തില്‍ മാത്രം പുറത്തിറങ്ങിയവര്‍ക്ക് വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരും.

തന്ത്രിക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത് സ്വാഭാവിക ജാമ്യമായിരുന്നില്ല, മറിച്ച് തെളിവുകളുടെ അഭാവം ബോധ്യപ്പെട്ടതിനാലായിരുന്നു. തന്ത്രിക്ക് കേവലം താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്ന വാദം കോടതി അംഗീകരിച്ചു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. പോറ്റിയെ ശബരിമലയില്‍ കയറ്റിയത് താനല്ലെന്ന് കോടതിയില്‍ രേഖാമൂലം തെളിയിക്കാന്‍ തന്ത്രിക്ക് കഴിഞ്ഞിരുന്നു. മുന്‍പ് തന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഇഡി ഗൗരവത്തില്‍ എടുത്തിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇഡിക്ക് മുന്നില്‍ മൊഴി നല്‍കുന്നത് തന്ത്രിക്ക് യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം, തന്റെ അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും പ്രതികാരമാണെന്ന ഗുരുതരമായ വെളിപ്പെടുത്തലുകള്‍ തന്ത്രി കണ്ഠര് രാജീവര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. 2018-ലെ ശബരിമല യുവതീപ്രവേശന സമയത്ത് ആചാരലംഘനം പാടില്ലെന്ന കര്‍ശന നിലപാടെടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണപക്ഷത്തെ ചില ഉന്നതര്‍ക്കും ഈ നിലപാടിനോട് കടുത്ത രോഷമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ചേര്‍ന്ന് കഥ മെനഞ്ഞതെന്നും ജാമ്യഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നതും പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വാസുവിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടെന്നാണ് സൂചന. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലുമായിരുന്നു. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എന്‍. വാസു പാടുപെടും. എസ്ഐടിയുടെ കണ്ടെത്തലുകള്‍ക്ക് പുറമെ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ തേടിയാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.

Tags:    

Similar News