മുറിയിൽ കയറി ഫോട്ടോ എടുക്കുന്ന ഭർതൃപിതാവ്, ദമ്പതികളുടെ നടുവിൽ കിടന്നുറങ്ങുന്ന അമ്മ; അടുക്കാൻ വിമുഖത കാട്ടിയ ഭർത്താവ്; ഒളിപ്പിച്ചു വെച്ച ഫയൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന സത്യം; ഒന്നുകിൽ വൃക്ക കൊടുക്കണം, അല്ലെങ്കിൽ 30 ലക്ഷം നൽകണം; നവവധുവിനോട് ഭർതൃ വീട്ടുകാരുടെ ക്രൂരത

Update: 2026-04-07 09:50 GMT

കാൺപൂർ: വിവാഹത്തിന് പിന്നാലെ ഭർതൃ വീട്ടിൽ യുവതിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരതകൾ. ഭർത്താവിന്റെ തകരാറിലായ വൃക്കകൾക്ക് പകരം സ്വന്തം വൃക്ക നൽകണമെന്നും അല്ലെങ്കിൽ 30 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നും ആവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് മനുഷ്യസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

2023 ജൂൺ 22-നായിരുന്നു ലഖ്‌നൗ സ്വദേശിയായ നിശാന്ത് കുമാറും കാൺപൂർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. എട്ടുലക്ഷം രൂപയും സ്വർണാഭരണങ്ങളും മഹീന്ദ്ര ഥാർ എസ്‌യുവിയും സ്ത്രീധനമായി നൽകിയാണ് യുവതിയുടെ വീട്ടുകാർ വിവാഹം നടത്തിയത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ദുരൂഹമായ സാഹചര്യങ്ങളായിരുന്നു.

ഭർത്താവ് താനുമായി അടുപ്പം കാണിക്കാൻ വിമുഖത കാട്ടിയിരുന്നതായും പലപ്പോഴും ഇവർക്കിടയിൽ ഭർതൃമാതാവ് കിടന്നുറങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നതായും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർതൃപിതാവ് അനുവാദമില്ലാതെ മുറിയിൽ കയറുന്നതും യുവതിയുടെ ചിത്രങ്ങൾ പകർത്തുന്നതും പതിവായിരുന്നു. ബന്ധം വേർപെടുത്തി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ നിശാന്ത് തന്നെ പ്രേരിപ്പിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി.

നിശാന്ത് ദിവസവും പത്തോളം ഗുളികകൾ കഴിക്കുന്നത് കണ്ട യുവതി അന്വേഷിച്ചപ്പോൾ രക്തസമ്മർദ്ദത്തിനുള്ള മരുന്നാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ 2024 ഏപ്രിലിൽ നിശാന്തിന്റെ സഹോദരിയുടെ ഇടപെടലിന് ശേഷം ഇവർ തമ്മിൽ ശാരീരിക ബന്ധമുണ്ടായി. ഇതിനിടെ ഒരു മെഡിക്കൽ ഫയൽ ഒളിപ്പിക്കാൻ സഹോദരി മാതാവിനോട് ആവശ്യപ്പെടുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു.

രഹസ്യമായി യുവതി ആ ഫയൽ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന സത്യം പുറത്തുവന്നത്. 2022 മുതൽ നിശാന്തിന്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണെന്നും അയാൾ ഡയാലിസിസിന് വിധേയനാണെന്നും ഫയലിലുണ്ടായിരുന്നു. ലഹരി ഉപയോഗം മൂലമാണ് വൃക്കകൾ തകരാറിലായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ നിശാന്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യവും യുവതി ഇതിനിടെ തിരിച്ചറിഞ്ഞു.

രോഗവിവരം അറിഞ്ഞതോടെ യുവതിയും വീട്ടുകാരും നിശാന്തിന്റെ കുടുംബത്തോട് വിശദീകരണം തേടി. ഇതോടെയാണ് ഭർതൃവീട്ടുകാർ തനിനിറം പുറത്തെടുത്തത്. "ഒന്നുകിൽ ഭർത്താവിനായി നിന്റെ ഒരു വൃക്ക നൽകുക, അല്ലെങ്കിൽ ചികിത്സാച്ചെലവിനായി വീട്ടിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങി നൽകുക." ഈ ക്രൂരമായ ഉപാധികളാണ് അവർ മുന്നോട്ടുവെച്ചത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെ 2024 ഒക്ടോബർ 11-ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.

സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ തട്ടിയെടുത്തതായും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ നിശാന്ത് കുമാറിനും കുടുംബത്തിനുമെതിരെ വഞ്ചന, സ്ത്രീധന പീഡനം, ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചക്കേരി പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സീനിയർ പോലീസ് ഓഫീസർ അഭിഷേക് പാണ്ഡെ അറിയിച്ചു.

Tags:    

Similar News