ഉപതെരഞ്ഞെടുപ്പുകളിലെ 'ക്ലീന്‍ സ്വീപ്പ്' നിയമസഭയിലും ആവര്‍ത്തിക്കുമോ? വി.ഡി. സതീശന്‍ എന്ന ഇലക്ഷന്‍ മാസ്റ്റര്‍ മൈന്‍ഡ്! വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന നേതാവിന്റെ ചങ്കൂറ്റം; വി.ഡി.സതീശന്റെ നേതൃത്വത്തില്‍ 100 ലധികം സീറ്റുകളുമായി യു.ഡി.എഫ് തിരിച്ചു വരുമോ? സജില്‍ ശ്രീധര്‍ എഴുതുന്നു

Update: 2026-04-07 07:47 GMT

ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മോഹിപ്പിക്കുന്ന വിജയം സമ്മാനിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വി.ഡി.സതീശന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമോ?

കേരളത്തില്‍ 2016 ലും 2021 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്‍തളളപ്പെട്ട സന്ദര്‍ഭത്തിലാണ് അവിചാരിതമായി വി.ഡി. സതീശന്‍ യു.ഡി.എഫ് സാരഥിയായി എത്തുന്നത്. കഴിവും പ്രാഗത്ഭ്യവും അനുഭവ പരിചയവും കൊണ്ട് ആരുടെയും പിന്നിലായിരുന്നില്ല അദ്ദേഹം. എന്നിട്ടും കാലാകാലങ്ങളായി അധികാര ശ്രേണികളില്‍ പൊതുസമൂഹത്തിന് അജ്ഞാതമായ ഏതൊക്കെയോ കാരണങ്ങളാല്‍ അദ്ദേഹം പാര്‍ശ്വവത്കരിക്കപ്പെട്ടു. പല പ്രധാന പദവികളും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗത്വം ലഭിക്കുമെന്ന് അവസാന നിമിഷം വരെ വിശ്വസിക്കപ്പെട്ടിരുന്ന സാഹചര്യത്തില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡണ്ട് പദത്തിലേക്കും അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട ശേഷം ആ പേര് മായ്ക്കപ്പെട്ടു.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവിക്ക് ഒരു മാറ്റം അനിവാര്യമെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്‍ഡ് തക്ക സമയത്ത് വി.ഡി.സതീശനെ മുന്നില്‍ നിര്‍ത്തിയതിന്റെ ഫലം നാം കണ്ടു.

വളരെ ഉന്മേഷപൂര്‍ണ്ണമായ മുന്നേറ്റമാണ് അണികള്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും സൃഷ്ടിക്കാന്‍ കഴിഞ്ഞത്. യുവാക്കള്‍ ഒന്നടങ്കം സതീശന്റെ നേതൃത്വം ഏറ്റെടുത്തു. ഒരു സമുദായ നേതാവ് ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് പടക്കുതിരയായി മാറി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിന് കേരളത്തില്‍ വലിയ ഭാവിയുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഈ നേതൃത്വവൈഭവം നിര്‍ണ്ണായക പങ്ക് വഹിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തിരിച്ചടികള്‍ നേരിടുകയും കേരളത്തില്‍ കഴിഞ്ഞ ഒരു ദശകമായി പ്രതിപക്ഷത്തിരിക്കുകയും അതോടൊപ്പം ബി.ജെ.പി വോട്ട്ഷെയര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്നിട്ട നാല് ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിലും അഭിമാനകരമായ വിജയത്തിലേക്ക് നയിച്ചതിന് ചുക്കാന്‍ പിടിച്ച വ്യക്തി എന്ന നിലയില്‍ സതീശന് അഭിമാനിക്കാം.

ഇലക്ഷന്‍ മാനേജ്മെന്റിലെ സതീശന്‍ ഇഫക്ട്

ഇലക്ഷന്‍ മാനേജ്മെന്റില്‍ ഇന്ന് വി.ഡി.സതീശനെ മറികടക്കാന്‍ കഴിയുന്ന ഒരു നേതാവും മൂന്ന് മുന്നണികളിലുമില്ല. പുതുപ്പളളി മണ്ഡലത്തിലെ വിജയം മാത്രം എടുക്കാം. അത് അന്തരിച്ച ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച വോട്ടുകളാണെന്ന് പറഞ്ഞ് ലഘൂകരിക്കുന്നവരുണ്ടാകാം. അവര്‍ തിരിച്ചറിയാത്ത ചിലതുണ്ട്. ഒന്ന് അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ സഹതാപ തരംഗം വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചുവെന്ന് വേണമെങ്കില്‍ വാദിക്കാം. അവിടെയും മറ്റ് ചില ഘടകങ്ങള്‍ അവശേഷിക്കുന്നു. ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മണിക്കുറുകള്‍ക്കുളളില്‍ പുതുപ്പളളി മണ്ഡലത്തില്‍ എത്തിയ സതീശനും സംഘവും മാസങ്ങളോളം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് രാപ്പകലില്ലാതെ അശ്രാന്ത പരിശ്രമം നടത്തിയതിന്റെ കൂടി അനന്തര ഫലമാണ് ചാണ്ടിയുടെ മിന്നും വിജയം.

അതുപോലെ തൊട്ടുമുന്‍പ് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ഭരണവിരുദ്ധ വികാരം ഇന്നത്തെ അത്ര രൂക്ഷമായിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സകല മന്ത്രിമാരും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കാടിളക്കി പ്രചരണം നടത്തി ഉമാ തോമസിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും സതീശന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് അഹോരാത്രം പരിശ്രമിക്കുകയും മുഴുവന്‍ നേതാക്കളെയും ഒരു കുടക്കീഴില്‍ അണിനിരത്തി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. അതില്‍ പി.ടി.തോമസിനോടുളള ജനങ്ങളുടെ മമത അടക്കം നിരവധി ഘടകങ്ങളുണ്ടെന്ന് വാദിച്ചാലും സതീശന്റ സംഭാവനകള്‍ ലഘൂകരിക്കാന്‍ സാധിക്കില്ല. ചിട്ടയായ പ്രവര്‍ത്തനവും അത്യദ്ധ്വാനവും ഒപ്പം വിവിധ ജനുസില്‍ പെട്ടവരെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച പക്വതയുമെല്ലാം പ്രസക്ത ഘടകങ്ങളാണ്.

പാലക്കാട്ട് എത്തുമ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുന്നു. ഈ മണ്ഡലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരിക്കലും ഈസി വാക്ക് ഓവറല്ലെന്നത് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുളള മണ്ഡലത്തില്‍ ഒരേ സമയം രണ്ട് പ്രതിയോഗികളെയാണ് യു.ഡി.എഫിന് നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് അഭിമാനകരമായ ഭൂരിപക്ഷത്തോടെയാണ് അവിടെ വിജയിച്ചത്. ഇത് തന്റെ മാത്രം നേട്ടമല്ലെന്നും ടീം വര്‍ക്കിന്റെ ഫലമാണെന്നും സതീശന്‍ തന്നെ പറയുമ്പോളും അദ്ദേഹത്തിന്റെ നേതൃപാടവം അതില്‍ എത്രത്തോളം പ്രസക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കറിയാം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും സ്ഥിതി വിഭിന്നമല്ല. എം.സ്വരാജിന്റെ വിജയത്തിനായി ഭരണസംവിധാനം പൂര്‍ണ്ണമായി വിനിയോഗിച്ച് എല്‍.ഡി.എഫ് പരിശ്രമിച്ചിട്ടും. പി.വി.അന്‍വറിന്റെ പിന്‍തുണ ഇല്ലാതിരുന്നിട്ടും യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. മൂന്‍കാലങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് നില്‍ക്കുകയും പരസ്പരം പാലം വലിക്കുകയും ചെയ്യുന്ന രീതിക്കെല്ലാം മാറ്റം സംഭവിച്ചത് സതീശന്റ നയപരവും കര്‍ശനവുമായ നിലപാടുകള്‍ മൂലമാണ്. സുശക്തമായ സംഘടനാ സംവിധാനങ്ങളുളള സി.പി.എം എന്ന കേഡര്‍ പാര്‍ട്ടിയുമായി മത്സരിക്കുമ്പോള്‍ വേണ്ട ജാഗ്രതയെക്കുറിച്ച് മികച്ച ബോധ്യമുളള ആളാണ് സതീശന്‍. വളരെ ആസൂത്രിതമായ സമീപനങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെയും മാത്രമേ ആ പാര്‍ട്ടിയെ നേരിടാന്‍ കഴിയു എന്ന് തിരിച്ചറിയുന്ന അദ്ദേഹം സീനിയറും ജൂനിയറുമായ പാര്‍ട്ടി നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും ഏകോപിപ്പിച്ചും ചുമതലകള്‍ വീതിച്ചു നല്‍കിയും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് മണ്ഡലം പിടിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ചു. ഇലക്ഷന്‍ മാനേജ്മെന്റ് സി.പി.എമ്മിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് പൊതുവെ പരിചിതമായ ഒന്നല്ല എന്ന പൊതുധാരണയെ അട്ടിമറിച്ചുകൊണ്ട് തന്റെ ലീഡര്‍ഷിപ്പ് മികവില്‍ കാര്യങ്ങള്‍ ക്രോഡീകരിക്കാനും സി.പി.എമ്മിന് പോലും ചിന്തിക്കാനാവാത്ത തലത്തില്‍ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് സാധിച്ചു.

നിഷ്പക്ഷ നിലപാടുകള്‍ ശ്രദ്ധേയം

പലരെയും ചാരിയും പ്രീണിപ്പിച്ചും വിജയം നേടാന്‍ കഴിയുമെന്ന മിഥ്യാ ധാരണ വച്ചു പുലര്‍ത്തുന്നവരാണ് പല പൊതുപ്രവര്‍ത്തകരും. ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍ സമുദായ നേതാക്കളുടെ വീട്ടിലേക്ക് ഓടുന്നതില്‍ ഇവര്‍ക്ക് മടിയൊന്നുമില്ല. പൊതുസമൂഹം വോട്ട് ചെയ്യുന്നത് സമുദായ നേതാക്കളുടെ നിര്‍ദ്ദേശാനുസരണമല്ലെന്ന പ്രാഥമിക ബോധം ഇവരില്‍ പലര്‍ക്കുമില്ല. സാമുദായിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അകാല ചരമമടഞ്ഞതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവരെ ആശ്രമിച്ച് വിജയിക്കാമെന്ന് കരുതുന്ന നേതാക്കള്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. മതസാമുദായിക ശക്തികള്‍ നിരാകരിക്കപ്പെടേണ്ടവരല്ലെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തിലും ആഭ്യന്തര പ്രശ്നങ്ങളിലും അവര്‍ അനാവശ്യമായി കൈകടത്തുന്ന പ്രവണത അനഭിലഷണീയമാണ്.

സമുദായ നേതൃത്വങ്ങളോട് ചേര്‍ന്നു നിന്നും അവരുടെ വക്താവ് ചമഞ്ഞും രാഷ്ട്രീയ നേതാക്കള്‍ പ്രവൃത്തിക്കുമ്പോള്‍ അവരുടെ പ്രതിച്ഛായ വാസ്തവത്തില്‍ പരിമിതപ്പെടുകയാണ്. ഇവിടെയാണ് സതീശന്‍ വ്യത്യസ്തനാവുന്നത്. മതേതര മുഖമുളള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ അദ്ദേഹം ഒരു സമുദായത്തെയോ മതത്തെയോ ആക്ഷേപിച്ചിട്ടില്ല. അതേ സമയം ആരോടും അതിരുകടന്ന് വിധേയത്വം സൂക്ഷിക്കാനും ശ്രമിക്കാറില്ല. സമുദായപക്ഷത്തല്ല മനുഷ്യപക്ഷത്ത് നില്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. മതാതീത പ്രതിച്ഛായ സൂക്ഷിച്ചുകൊണ്ട് ജനപക്ഷത്ത് നിലയുറപ്പിച്ച് പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യരുടെ പ്രശ്നങ്ങളില്‍ ഇടപെടുക എന്ന നിഷ്പക്ഷസമീപനത്തിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ഒഴുക്കിനെതിരെ നീന്തുന്ന സതീശനെയാണ് പലപ്പോഴും നാം കാണുന്നത്. ഏതെങ്കിലും സ്ഥാനമാനങ്ങള്‍ മുന്‍നിര്‍ത്തിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരിക എന്ന ഹെവി ടാസ്‌കാണ് തന്റെ മുന്നിലുളളതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു. ഈ ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വമുദ്ര.

ആരാണ് വി.ഡി.സതീശന്‍?

ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച നേതാവല്ല വി.ഡി. സതീശന്‍. വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ച ആളുമല്ല. രാഷ്ട്രീയത്തില്‍ സര്‍വസാധാരണമായ സ്പോണ്‍സര്‍ഷിപ്പുകളും ഗോഡ്ഫാദര്‍മാരും ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ തുണയ്ക്കെത്തിയിട്ടുമില്ല. 5 തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച പറവൂര്‍ നിയോജകമണ്ഡലം ഒരു കോണ്‍ഗ്രസ് കോട്ടയല്ല. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും ഒന്നുകൊണ്ട് മാത്രമാണ് ആ ജയത്തിന് തുടര്‍ച്ചകളുണ്ടായത്. പ്രായത്തിന്റെ കണക്കെടുപ്പില്‍ ഷഷ്ഠിപൂര്‍ത്തി പിന്നിട്ട അദ്ദേഹം ഏതാണ്ട് 4 പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയമുളള നേതാവാണ്. മന്ത്രിപദവും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനവും ചുണ്ടിനും കപ്പിനുമിടയില്‍ പലകുറി നഷ്ടപ്പെട്ട നേതാവ്. മറ്റൊരാള്‍ക്ക് വേണ്ടി അവസാന നിമിഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നത് തെറ്റായി പോയെന്ന് അന്ന് പി.സി.സി അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല തന്നെ പിന്നീട് തുറന്ന് സമ്മതിക്കുകയുണ്ടായി. അപ്പോഴൊന്നും പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരാതെ അച്ചടക്കമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സഹിഷ്ണുതയോടെ പ്രസ്ഥാനത്തിനൊപ്പം നിന്ന സതീശന്‍ പിന്നീട് പ്രതിപക്ഷ നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടു എന്നത് കാലത്തിന്റെ കാവ്യനീതിയാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ പല നേതാക്കന്‍മാര്‍ക്കുമില്ലാത്ത ഒട്ടനവധി ഗുണങ്ങളാല്‍ സമ്പന്നനാണ് അദ്ദേഹം. പരന്ന വായനയും കല, സാഹിത്യം, ചരിത്രം, ആത്മീയത എന്നിങ്ങനെ ഏത് വിഷയത്തെ സംബന്ധിച്ചും സമഗ്രമായും ആധികാരികമായും ആഴത്തിലും സംസാരിക്കാന്‍ കെല്‍പ്പുളള മികച്ച പ്രഭാഷകന്‍ കൂടിയാണ്. ഉപരിതലസ്പര്‍ശിയാകുന്നു എന്നതാണ് പൊതുവെ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളൂടെ പോരായ്മയായി കരുതപ്പെടുന്നത്. സതീശന്‍ ഈ പരിമിതിക്കപ്പുറത്ത് നില്‍ക്കുന്ന അത്യപൂര്‍വം നേതാക്കളില്‍ ഒരാളാണ്. അടുത്തിടെ ഒരു ലിറ്റററി ഫെസ്റ്റിവലില്‍ വലിയ എഴുത്തുകാരെ മുന്നിലിരുത്തി ആധികാരികതയോടെ വിശ്വസാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്ന സതീശനെ കാണുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ഒരു മീറ്റിംഗില്‍ അദ്ദേഹം നടത്തിയ പ്രഭാഷണവും വിസ്മയിപ്പിക്കുന്നതായിരുന്നു.

പലരും കാണാതെ പോയത്

പുതുപ്പളളിയിലെ വിജയത്തിന് തൊട്ടുപിന്നാലെ നടന്ന പത്രസമ്മേളനത്തില്‍ അന്ന് കെ.പി.സി.സി പ്രസിഡണ്ടായിരുന്ന കെ.സുധാകരന്‍ പറഞ്ഞ ചില വസ്തുതകള്‍ അന്ന് ചര്‍ച്ചയായില്ലെങ്കിലും ഏറെ പ്രാധാന്യമുളളതാണ്. 'ഞാന്‍ പുതുപ്പളളിയില്‍ വരുമ്പോള്‍ ഇവിടത്തെ സംഘടനാ സംവിധാനം വളരെ ദുര്‍ബലമായിരുന്നു. എനിക്കാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ അവിടെ തങ്ങാനും സാധിച്ചില്ല. പ്രതിപക്ഷ നേതാവ് മുന്‍കൈ എടുത്താണ് എല്ലാ കാര്യങ്ങളും ക്രോഡീകരിച്ചതും പാര്‍ട്ടിയെ അഭിമാനകരമായ വിജയത്തിലേക്ക് നയിച്ചതും' ഇവിടെ പാര്‍ട്ടി നേതൃത്വം നിര്‍വഹിക്കേണ്ട ചുമതല കൂടി നിയമസഭാകക്ഷി നേതാവ് ഭംഗിയായി നിര്‍വഹിക്കുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ പലരും പുതുപ്പളളിയില്‍ വന്നും പോയുമിരുന്നെങ്കിലും ആദ്യന്തം അവിടെ നിന്ന് പ്രവര്‍ത്തിച്ചതും അടിത്തട്ടിലേക്കിറങ്ങി ചെന്ന് യു.ഡി.എഫിന്റെ സന്ദേശം ജനങ്ങളിലെത്തിച്ചതും വി.ഡി.സതീശന്റെ നേതൃത്വത്തിലുളള നേതൃനിരയാണ്. ഇതേ ടീം വര്‍ക്ക് തന്നെ പാലക്കാടും നിലമ്പൂരും തൃക്കാക്കരയിലും ഫലം കണ്ടു.

ബി.ജെ.പിക്ക് വലിയ ജയസാധ്യതയുളള പാലക്കാട് മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റിലെ ഭൂരിപക്ഷത്തെ മറികടന്ന് മുന്നേറാന്‍ സാധിച്ചു എന്നതും അടിവരയിട്ട് പറയേണ്ട വസ്തുതയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകള്‍ പൊതുവെ ഇടതുപക്ഷത്തിന് അനുകൂലമാകുകയാണ് പതിവ്. എന്നാല്‍ ഇക്കുറി കോര്‍പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളില്‍ പോലു,ം യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ സ്ഥാപിച്ചു. യു.ഡി.എഫിന് ബാലികേറാമലയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊല്ലം ജില്ലയില്‍ പോലും മേല്‍ക്കൈ സ്ഥാപിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് ഏറെ മുന്‍പ് സതീശന്‍ പ്രവചിച്ചിരുന്നതാണ്. അതെല്ലാം യാഥാര്‍ത്ഥ്യമായി പരിണമിക്കുകയും ചെയ്തു.

വീഴ്ചകള്‍ ഏറ്റെടുക്കാനുളള ആര്‍ജ്ജവം

ഏറ്റവും പ്രധാനപ്പെട്ട ഘടകം കേരളത്തില്‍ ഒരു നേതാവും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. മറ്റ് കാരണങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറാനാണ് ഓരോരുത്തരും ശ്രമിച്ചത്. അതേസമയം വിജയത്തിന്റെ ക്രെഡിറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ സതീശനാകട്ടെ തികഞ്ഞ ആര്‍ജ്ജവത്തോടെ ഏത് തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും അതിന്റെ ക്രെഡിറ്റ് ടീം യു.ഡി.എഫിനാണെന്നും അതേസമയം പരാജയപ്പെട്ടാല്‍ ടീം ലീഡര്‍ എന്ന നിലയില്‍ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും തുറന്ന് പറയാനുളള ആര്‍ജ്ജവം കാണിച്ചു. രാഷ്ട്രീയത്തിലെന്നല്ല ഏത് മേഖലയിലും ചുമതലകള്‍ക്കൊപ്പം വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുന്നയാളാണ് നേതാവ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയാന്‍ സതീശനല്ലാതെ ആര്‍ക്ക് കഴിയും? അതുപോലെ ആവശ്യത്തിനും അനാവശ്യത്തിനും ഭരണകൂടത്തെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. എതിര്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ ശക്തമായി എതിര്‍ക്കുന്ന അതേ നാവ് കൊണ്ട് നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും മടിക്കാറില്ല. കേരളം വ്യവസായ സൗഹൃദസംസ്ഥാനമല്ലെന്ന പ്രതീതിയുണര്‍ത്തും വിധം തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താലുകള്‍ സംഘടിപ്പിക്കുന്ന ശൈലി മാറ്റി മറിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകം .പ്രതിഷേധം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് എന്ന് തുറന്ന് പറഞ്ഞ അദ്ദേഹം ഹര്‍ത്താലുകളെ പാടെ അകറ്റി നിര്‍ത്തി.

നിലപാടും ദിശാബോധവുമുളള നേതാവ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സതീശന്‍ സ്വീകരിച്ച ധീരമായ നിലപാട് പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും നാല് വോട്ട് കൂടുതല്‍ പിടിക്കുക എന്ന അജണ്ട ഇടത് വലതു പക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ സതീശന്‍ എടുത്ത റിസ്‌കിന് രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ല. അന്‍വറിനെ പോലെ നിലമ്പൂര്‍ മണ്ഡലത്തില്‍ സ്വാധീനമുളള ഒരു നേതാവിനെ ഒഴിച്ചു നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കാട്ടിയ ചങ്കൂറ്റത്തെുറിച്ചാണ് വ്യംഗ്യം. അന്‍വറിനെ ഒപ്പം ചേര്‍ത്തിരുന്നെങ്കില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമെന്ന് അവകാശപ്പെടാനാവാത്ത വിധം അതിന്റെ സ്വഭാവം തന്നെ മാറിപോകുമായിരുന്നു. താന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് പ്രരസ്യമായി പഖ്യാപിക്കുന്നിടത്തോളം ഔദ്ധത്യം നിറഞ്ഞതായിരുന്നു അന്‍വറിന്റെ സമീപനങ്ങള്‍. ഇത്തരമൊരാളെ ചാരി നിന്ന് വിജയിക്കുന്നതിലെ പാപ്പരത്തം ആഴത്തില്‍ തിരിച്ചറിഞ്ഞു സതീശന്‍.

ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപിടിച്ച് മുന്നോട്ട് പോകാനുളള അദ്ദേഹത്തിന്റെ നീക്കത്തിന് പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല പൊതുമണ്ഡലത്തില്‍ നിന്നും വ്യാപക സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ ആ തീരുമാനത്തെ ഏറ്റെടുത്തു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഇവിടെ മറുവശം കൂടി ചിന്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിപരീതമായിരുന്നെങ്കില്‍ യു.ഡി.എഫിന് ഭരണത്തില്‍ തിരിച്ചു വരാനുളള സാധ്യത പോലും മങ്ങുമായിരുന്നു. ഘടകകക്ഷികള്‍ അടക്കം കലഹിക്കുമായിരുന്നു. ഈ അപകടസാധ്യതകളെക്കുറിച്ച് അറിയാത്ത ആളല്ല സതീശന്‍. മുന്നണിയുടെ അന്തസ് ഉയര്‍ത്തിപിടിക്കാന്‍ അറിഞ്ഞുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. റിസ്‌കെടുക്കാതെ സേഫ് സോണില്‍ നിന്ന് കളിക്കുന്ന പഴഞ്ചന്‍ രാഷ്ട്രീയമാണ് ഇന്നും പല നേതാക്കന്‍മാര്‍ക്കും പഥ്യം. ഇവിടെയാണ് സതീശന്റെ ചങ്കുറ്റം വെളിപ്പെടുന്നത്. വ്യക്തിത്വം നഷ്ടപ്പെടുത്താതെ ധീരമായ നിലപാടുകള്‍ സ്വീകരിക്കുന്നതാണ് നേതൃത്വ ശേഷിയുടെ മുഖ്യ അളവുകോലെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ഒരു ലീഡറെ ലഭിച്ചിരിക്കുന്നു. യു.ഡി.എഫിന് കരുത്തുറ്റ ഒരു ക്യാപ്ടനെയും.

മതേതരമുഖം പ്രധാനം

ഭരണവിരുദ്ധവികാരമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകള്‍ ഇപ്പോഴും സുരക്ഷിതമായി അവരുടെ കരങ്ങളില്‍ തന്നെയുണ്ടെന്നാണ് ആലത്തൂരിലെ വിജയവും പാലക്കാട്ടെയും പുതുപ്പളളിയിലെയും നിലമ്പൂരിലെയും വോട്ട്ഷെയറും വെളിപ്പെടുത്തുന്നത്. അതേ സമയം പാര്‍ട്ടിയുടെ വലതുപക്ഷ നിലപാടുകള്‍ മൂലം പാര്‍ട്ടി വോട്ടുകളില്‍ ഗണ്യമായ ഒരു പങ്ക് നഷ്ടപ്പെടാനിടയുണ്ടെന്ന സതീശന്റെ നിരീക്ഷണം ശരിയാണെന്ന് തന്നെയാണ് പിന്നിട്ട് തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നത്. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ മാസ് ഡയലോഗുകള്‍ക്ക് മാത്രമുളള വേദിയല്ല. അടിത്തട്ടില്‍ ഇറങ്ങി പണിയെടുത്തെങ്കില്‍ മാത്രമേ വിജയം വരിക്കാന്‍ സാധിക്കൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു സതീശന്‍. ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയും ചില ദിവസങ്ങളില്‍ ഉറക്കം തന്നെ മാറ്റി വച്ചും അദ്ദേഹം സമര്‍പ്പിത മനസോടെ പ്രവര്‍ത്തിക്കുന്നു.

ഭിന്നസ്വരങ്ങള്‍ ഒഴിവാക്കി ഒന്നിച്ച് നിന്ന് ജയിക്കുക എന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് കരണീയം. വിഭാഗീയതകളും ചേരിതിരിവുകളും വെടിഞ്ഞ് ജനസമൂഹത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കുന്ന മതേതര മുഖമുളള ഒരു നേതൃത്വത്തിന് മാത്രമേ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സാധിക്കൂ. അതിന് ഇന്ന് ഏറ്റവും യോജിച്ച നേതൃമുഖം വി.ഡി.സതീശന്റേതാണ്. അദ്ദേഹം നേതൃത്വത്തില്‍ വന്നതോടെ അസാധാരണമായ ഒരു ടീം സ്പിരിറ്റ് സൃഷ്ടിക്കപ്പെട്ടു. പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും യുവാക്കളുടെ ഒരു വലിയ നിര അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

2026 ലെ തെരഞ്ഞെടുപ്പില്‍ സതീശന്റെ നേതൃത്വത്തില്‍ യു.എഡി.എഫിന്അതിശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഇനി എന്ത് തന്നെ സംഭവിച്ചാലും വി.ഡി.സതീശന്‍ പ്രകടിപ്പിച്ച നേതൃത്വപരമായ മികവുകള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഠനാര്‍ഹമാണ്. ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ രാഷ്ട്രീയാന്തസ് ഉയര്‍ത്തിപ്പിടിച്ച് നിലകൊളളുക എന്നതാണ് വിജയത്തേക്കാള്‍ പ്രധാനമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനത്തിന് ഗുണം ചെയ്യുക അത്തരം നിലപാടുകളാണെന്നും തിരിച്ചറിയുന്ന നേതാവാണ് സതീശന്‍. പൊതുമണ്ഡലത്തിലെ നിഷ്പക്ഷമതികള്‍ പോലും ഇന്ന് സതീശന് കയ്യടിക്കുന്നത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തന്നെയാണ്.

സമീപകാല നിലപാടുകള്‍

സതീശന്റെ കൂടി അനുഗ്രഹാശിസുകളോടെ മുന്‍നിരയിലേക്ക് വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകന് അഭിലഷണീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി ഏര്‍പ്പെട്ടു എന്ന് ബോധ്യപ്പെട്ട നിമിഷം അദ്ദേഹത്തോടുളള സമീപനത്തില്‍ കര്‍ക്കശ നിലപാട് പുലര്‍ത്തിയ സതീശനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്രമിക്കാന്‍ ചിലര്‍ തയ്യാറായി. എന്നാല്‍ അറബിക്കടല്‍ ഇളകി വന്നാലും സ്വന്തം ബോധ്യങ്ങളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് തുറന്ന് പറഞ്ഞ സതീശന്റ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു.

മൂല്യാധിഷ്ഠിത സമീപനങ്ങള്‍ക്കൊപ്പം തന്നെ ഭരണപരമായ വിഷയങ്ങളെ സംബന്ധിച്ചും മികച്ച ഉള്‍ക്കാഴ്ച സുക്ഷിക്കേണ്ട ഒരാളാണ് നേതാവ്. സതീശന്‍ മൂന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളും നയങ്ങളും നിലപാടുകളും തളളിക്കളയാനാവില്ല. വ്ളോഗര്‍ സുജിത്ത് ഭക്തന്‍ സമീപകാലത്ത് വി.ഡി.സതീശനുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പങ്ക് വയ്ക്കുന്ന വീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്. മികച്ച ഒരു ഭരണാധികാരിക്ക് മാത്രം വിഭാവനം ചെയ്യാന്‍ കഴിയുന്ന ആശയ സമ്പത്തിനുടമയെ അതില്‍ കാണാം.

വ്യത്യസ്ത തലങ്ങളിലാണ് വി.ഡി.സതീശന്‍ എന്ന നേതാവ് പ്രസക്തനാകുന്നത്. ധാര്‍മ്മികതയിലും നൈതികതയിലും അധിഷ്ഠിതമായ കൃത്യമായ നിലപാടുകള്‍, അത് തുറന്ന് പറയാനും നടപ്പാക്കാനുമുളള ആര്‍ജ്ജവം. ആസൂത്രണ വൈഭവവും പ്രായോഗികമായ സമീപനങ്ങളും. സംസ്ഥാനത്തിന്റെ പൂരോഗതിക്ക് അനുസൃതമായ ഭരണതലത്തിലുളള സവിശേഷമായ കാഴ്ചപ്പാടുകള്‍. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ മറ്റൊരു നേതാവിനും കഴിയാത്ത വിധത്തില്‍ പല കഴിവുകള്‍ സമന്വയിക്കുന്ന ഒരു നേതൃമുഖം ഉയര്‍ന്നു വന്നിരിക്കുകയാണ്. അത് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താനുളള ഔചിത്യം പൊതുസമൂഹം കാണിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുളളത്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പൊതുവെ എല്‍.ഡി.എഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതായാണ് മുന്‍കാലം ചരിത്രം തെളിയിക്കുന്നത്. എന്നാല്‍ ഇക്കുറി അതില്‍ പ്രകടമായ മാറ്റം വന്നിരിക്കുന്നു. ശബരിമല സ്വര്‍ണ്ണക്കൊളളയും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും അഴിമതി ആരോപണങ്ങളും കറണ്ട്ചാര്‍ജ് അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ചതും നികുതികള്‍ ഗണ്യമായി കൂട്ടിയതും ഭരണപക്ഷത്തിന്റെ സാധ്യതയെ ദോഷകരമായി ബാധിച്ചിരിക്കുന്നു. അനവധി പ്രതികൂല ഘടകങ്ങള്‍ നിലവിലുണ്ടെങ്കിലും തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ലോലബുദ്ധികളായ ചിലരെയെങ്കിലും പ്രലോഭിപ്പിച്ചേക്കാം.

ഇതിനെയെല്ലാം മറികടന്ന് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ വളയാത്ത നട്ടെല്ലൂം ഉറച്ച വ്യക്തിത്വവുമുളള നേതൃമുഖം അനിവാര്യമാണ്. ശക്തമായ നിലപാടുകളാണ് വി.ഡി.സതീശന്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അന്തസത്ത. ജയിച്ചാലും തോറ്റാലും കേരളത്തിലെ ഭാവിതലമുറയെ ദോഷകരമായി ബാധിക്കുന്ന ഒന്നിനെയും പിന്‍തുണയ്ക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ആത്മവിശ്വാസം ആര്‍ജ്ജിക്കുകയും ആ സ്പിരിറ്റ് അണികളിലേക്ക് പകരുകയും ചെയ്യുക എന്നതും ലീഡര്‍ഷിപ്പ് ക്വാളിറ്റിയുടെ ഭാഗമാണ്.

100 സീറ്റിലധികം നേടി യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചിട്ടുണ്ട്. ഇതും യാഥാര്‍ത്ഥ്യമായാല്‍ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവായി അദ്ദേഹം അവരോധിക്കപ്പെടും. സ്വാഭാവികമായും മുഖ്യമന്ത്രി പദത്തിലേക്കുളള അദ്ദേഹത്തിന്റെ അര്‍ഹതയെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും കഴിയാതെയാകും. അങ്ങനെ ഒരു നവകേരളത്തിന്റെ വിജയശില്‍പ്പി എന്ന നിലയില്‍ വി.ഡി.സതീശന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ദിനം സംജാതമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Similar News