ദൈവമുണ്ടെന്നേ സത്യം! സൈക്കോ എത്തെണ്ട സ്ഥലത്ത് തന്നെ എത്തി! പാര്‍ട്ടിയുടെ റീച്ച് കൂട്ടാതെ സ്വന്തം നേട്ടത്തിന് സരിന് ശ്രമിക്കുന്നുവെന്ന് വീണയും കൂട്ടരും വിളിച്ചു പറഞ്ഞത് പത്തു മാസം മുമ്പ്; അനില്‍ ആന്റണി ബിജെപിയില്‍ പോയപ്പോള്‍ പിന്‍ഗാമി സഖാവായി; ഡിജിറ്റല്‍ മീഡിയാ ഹെഡുകള്‍ കോണ്‍ഗ്രസ് മാനക്കേടാകുമ്പോള്‍

ഡിജിറ്റല്‍ മീഡിയ സെല്ലിലെ കലഹം രൂക്ഷമായിട്ടും കെപിസിസി വേണ്ട ഇടപെടല്‍ നടത്തിയില്ല

Update: 2024-10-17 09:01 GMT


Full View

തിരുവനന്തപുരം : കെപിസിസി ഡിജിറ്റല്‍ സെല്‍ കണ്‍വീനര്‍ സരിനെതിരെ കലാപവുമായി സമിതിയിലെ അംഗങ്ങള്‍ രംഗത്തു വന്നത് പത്തു മാസം മുമ്പാണ്. അവര്‍ കെപിസിസിയ്ക്ക് മുന്നിലുയര്‍ത്തിയ ആ പരാതികള്‍ ആരും ശ്രദ്ധിച്ചില്ല. അന്ന് അതിന് ചെവി കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇടതിലേക്ക് ചേക്കേറാന്‍ സരിന് കഴിയുമായിരുന്നില്ല. സാമ്പത്തിക തിരിമറിയടക്കം ഗുരുതരമായ ആരോപണങ്ങളാണ് കണ്‍വീനര്‍ ഡോ.പി.സരിനെതിരെ പരാതിയായി അന്ന് സെല്ലിലെ പ്രധാനികള്‍ തന്നെ ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വീണ നായരടക്കം സെല്ലിലെ ആറു പേരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കിയതിന്റെ പേരിലാണ് തനിക്കെതിരെ പരാതി അയച്ചതെന്നാണ് അന്ന് സരിന്‍ പറഞ്ഞത്. പക്ഷേ ഇന്ന് സരിന്‍ പുറത്തേക്കു പോകുമ്പോള്‍ ആ ടീം സന്തോഷത്തിലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ റീച്ച് കൂട്ടാനും എതിരാളികളെ നേരിടാനും പുതുക്കിപ്പണിത കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിലെ കലഹം രൂക്ഷമായിട്ടും കെപിസിസി വേണ്ട ഇടപെടല്‍ നടത്തിയില്ല. ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റും പാര്‍ട്ടി നല്‍കിയ പണം ദുരുപയോഗം ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. ആരോടും ആലോചിക്കാതെ സരിന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് വീണ നായര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ ആക്ഷേപം. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കായിരുന്നു നേരത്തെ കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ചുമതല. അനില്‍ പാര്‍ട്ടി വിട്ടതോടെയാണ് സരിന് ചുമതല നല്‍കിയത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന സരിന്‍ ജോലി രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സരിന്‍ പാര്‍ട്ടി വിട്ട് സിപിഎമ്മനൊപ്പം കൂടുമ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും സരിന്‍ പുറത്താക്കിയവര്‍ സന്തോഷത്തിലാണ്. അവര്‍ പോസ്റ്റുകളുമായി എത്തുന്നു.

ദൈവമുണ്ടെന്നേ സത്യം-ഇതാണ് സോഷ്യല്‍ മീഡിയയില്‍ സരിനെതിരെ നിലപാട് എടുത്ത വീണയുടെ പുതിയ പോസ്റ്റ്. സരിന്‍ കോണ്‍ഗ്രസ് വിട്ടതിലെ പ്രതികരണമാണ് ഇതെന്ന് വ്യക്തം. കുറച്ചു കൂടി കടന്നാക്രമണം നടത്തുകയാണ് താരാ ടോജോ അലക്‌സ്. സൈക്കോ എത്തെണ്ട സ്ഥലത്ത് തന്നെ എത്തി! Congrats & Happy Honeymoon with CPM. Good riddance you narsisstic moron-ഇതാണ് താരയുടെ പ്രതികരണം. ഏതായാലും ഈ രണ്ട് നേതാക്കളുടേയും പ്രതികരണത്തിന് സൈബര്‍ ലോകത്തിലെ കോണ്‍ഗ്രസുകാരും കൈയ്യടിക്കുകയാണ്. വ്യക്തി താല്‍പ്പര്യവുമായി കോണ്‍ഗ്രസില്‍ പ്രവര്‍ച്ചിച്ചെന്ന വീണയേയും താരയേയും പോലുള്ള നേതാക്കളുടെ ആക്ഷേപം ശരിയാകുന്നുവെന്ന വിലയിരുത്തലില്‍ അണികളും എത്തുന്നു.


Full View

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്നും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഡിജിറ്റല്‍ സെല്ലിന്റെ ചുമതലയുള്ളത് കെപിസിസി വൈസ്പ്രസിഡന്റ് വി.ടി.ബലറാമിനാണ്. ബി.ആര്‍.എം.ഷഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, താര ടോജോ അലക്സ്, ടി.ആര്‍.രാജേഷ്, തുടങ്ങി 26 പേരാണ് അംഗങ്ങള്‍. സെല്ലിന്റെ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പില്‍ നിന്നാണ് വീണ അടക്കമുള്ളവരെ മാറ്റി 20 പേരടങ്ങുന്ന പുതിയൊരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. എല്ലാം നിയമസഭാ മണ്ഡലങ്ങളിലും ഡിജിറ്റല്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു കാലമായി ഒന്നും സജീവമല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ എല്ലാം ഡിജിറ്റല്‍ സെല്ലിന്റെ മികവാക്കി മാറ്റാനും സരിന്‍ ശ്രമിച്ചിരുന്നത്രേ.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണു സരിനെതിരെ വീണയും സംഘവും പരാതി നല്‍കിയത്. പലകാര്യങ്ങളിലും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും കണ്‍വീനര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. പരാതിപ്പെട്ടതിന്റെ പേരില്‍ സെല്ലിന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഇവരെ എല്ലാം പുറത്താക്കി, കണ്‍വീനര്‍ സരിനിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്ത അംഗങ്ങളെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കി, വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സരിന്‍ ഉപയോഗിച്ചു എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം.

ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പില്‍ രണ്ട് ടീമുകളെ സൃഷ്ടിക്കുകയാണ് സരിന്‍ ചെയ്തത്. പുതുപ്പള്ളിയിലെ അട്ടിമറി ശ്രമങ്ങളെ ചോദ്യം ചെയ്ത ടീമിനെ കരുതലോടെ കൈകാര്യം ചെയ്തു. ഡിജിറ്റല്‍ മീഡിയാ ടീമിനെ രണ്ടു ഗ്രൂപ്പായി നീക്കി. പക്ഷേ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പരസ്യ പ്രതികരണം നടത്തിയില്ലെന്നതാണ് വസ്തുത. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉപയോഗിച്ച് സ്വന്തം കാര്യം ചെയ്യുകയായിരുന്നു സരിന്‍ എന്നാണ് ആ ഗ്രൂപ്പിലെ മറ്റുള്ളവര്‍ പറയുന്നത്. ഇനി ആരാകും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയയെ നയിക്കുകയെന്ന ചോദ്യവും ഉയരുന്നുണ്ട്.

വിവാദമുണ്ടാക്കി കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ അനില്‍ ആന്റണിക്ക് പകരക്കാരനായാണ് ഡോ. പി. സരിനാണ് ഡിജിറ്റല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ് ഫോറത്തിന്റെ കണ്‍വീനറായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സരിന്‍ ജോലി രാജിവെച്ചാണ് കോണ്‍ഗ്രസിനായി ഇറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി.യുടെ ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്തതോടെയാണ് അനില്‍ ആന്റണി വിവാദത്തിലായത്. തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ട്ടിയിലെ സ്ഥാനങ്ങളെല്ലാം രാജിവെക്കേണ്ടിവന്നു. പിന്നാലെ ബിജെപിയില്‍ പോയി. ഇപ്പോള്‍ സരിന്‍ സഖാവുമായി.

Similar News