പോലീസ് എതിര്‍പ്പ് മറികടന്ന് പമ്പിന് അനുമതി നല്‍കി; പ്രശാന്തനെതിരെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും; ചട്ട വിരുദ്ധതയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രതിയാകും; പരാതി കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരം നിഗൂഡത കൂട്ടുന്നു; നവീന്‍ ബാബുവിനെ കൊന്നത് തന്നെ!
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നു ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയതായി പുറത്തു വന്ന പരാതി വ്യാജമോ? പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കിയതോടെയാണ് ഈ സംശയം ഉയരുന്നത്. ഇതോടെ വ്യക്തമായ ഗൂഡാലോചന ഇക്കാര്യത്തില്‍ നടന്നുവെന്ന് വ്യക്തമാകുകയാണ്. ഇതിനിടെ നവീന്‍ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തുവെന്ന പ്രചരണവും തെറ്റായിരുന്നു. അത്തരമൊരു സംഭവവും ഉണ്ടായില്ല. നവീന്‍ ബാബുവിനെതിരെ പരാതി കൊടുത്തുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്തരം പ്രചരണമെല്ലാം.
നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി.വി.പ്രശാന്തന്‍ നല്‍കിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു വിജിലന്‍സിനും ലഭിച്ചിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഇതോടെ പ്രശാന്തിനെ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യവും ഉണ്ടാവുകയാണ്. ഇതിനിടെ, ഇന്നലെ ഇ മെയില്‍ മുഖേന ലഭിച്ച മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിനും ടി.വി.പ്രശാന്തനുമെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശാന്തിന് കൈക്കൂലി നല്‍കിയെന്ന പ്രശാന്തിന്റെ വെളിപ്പെടുത്തിലിലാണഅ ഇത്. 98,500 രൂപ കൈക്കൂലിയായി നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി ലഭിച്ചത്. ഈ പരാതിക്കൊപ്പം പ്രശാന്തന്‍ മുഖ്യമന്ത്രിക്കു നല്‍കിയെന്നു പറയപ്പെടുന്ന പരാതിയും വച്ചിട്ടുണ്ട്. ഇതോടെ രണ്ടു പരാതിയും വിജിലന്‍സിന്റെ കൈയ്യിലെത്തി.
കൈക്കൂലി നല്‍കല്‍, വാങ്ങല്‍, സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്‍ ചട്ടവിരുദ്ധമായി പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ ശ്രമിച്ചത്, കൈക്കൂലി വാങ്ങിയെങ്കില്‍ എന്തുകൊണ്ടു വിജിലന്‍സിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ് പ്രശാന്തന്‍. താല്‍കാലിക ജോലിക്കാരനാണെന്നും സ്ഥിര ജോലിക്കാരനാണെന്നും വാദമുണ്ട്. ഏതായാലും സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്ന വ്യക്തിയാണ് കൈക്കൂലി നല്‍കിയത്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന അറിവും ബോധ്യവുമുള്ള വ്യക്തിയാണ് പ്രശാന്തന്‍. പൊലീസിന്റെ എതിര്‍പ്പു മറികടന്നാണു പമ്പിന് അനുമതി നല്‍കിയതെന്ന വിവരവും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. നിയമാനുസൃതം അന്വേഷിച്ചാല്‍ പമ്പിനായി സമ്മര്‍ദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയില്‍ വരും.
കൈക്കൂലി നിരോധന നിയമ പ്രകാരം കൈക്കൂലി നല്‍കുന്നതും കുറ്റമാണ്. അഴിമതി നിരോധന നിയമം എട്ടാം വകുപ്പ് പ്രകാരം പ്രശാന്തനെതിരേ കേസെടുക്കാം. ഏഴുവര്‍ഷംവരെ കഠിന തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. കൈക്കൂലി കൊടുത്തു എന്ന് പരാതിക്കാരന്‍ പറയുന്നതിനാല്‍ മറ്റ് തെളിവുകള്‍ ആവശ്യമില്ല. നല്‍കാന്‍ നിര്‍ബന്ധിതനായതാണെങ്കില്‍ ഏഴ് ദിവസത്തിനകം മേലുദ്യോഗസ്ഥന് പരാതി നല്‍കണം. എ.ഡി.എമ്മിനെതിരേ കളക്ടര്‍ക്ക് ഇതുവരെ പരാതി നല്‍കിയിട്ടില്ല. വിജിലന്‍സിനെയും അറിയിച്ചിട്ടില്ല. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്തന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീന്‍ ബാബു ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ കൈക്കൂലിക്കേസ് പരാതിക്കാരനില്‍ മാത്രം ഒതുങ്ങും. ഈ വിഷയത്തില്‍ വലിയ ദുരൂഹതകളുണ്ടെന്നാണ് സൂചന. ദിവ്യയ്ക്കും പ്രശാന്തിനും നവീന്‍ ബാബുവിനും ഇത് അറിയാം. അതുകൊണ്ട് തന്നെ ഗൗരവത്തിലെ അന്വേഷണം മാത്രമേ സത്യം പുറത്തു കൊണ്ടു വരൂ.
സമ്മര്‍ദ്ദം ചെലുത്തിയെന്ന് പിപി ദിവ്യയും തുറന്നു സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കുള്ള പരാതികള്‍ നേരിട്ടു കണ്ടോ പരാതി പരിഹാര സെല്ലിലേക്കു നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. മുഖ്യമന്ത്രിക്കുള്ള കത്തുകള്‍ അയയ്ക്കാന്‍ ഇ മെയില്‍ വിലാസം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിലേക്കു പരാതികള്‍ അയയ്ക്കരുതെന്ന പ്രത്യേക നിര്‍ദേശം ഒപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു ശ്രദ്ധിക്കാതെ ആരെങ്കിലും അയച്ചാലും അതു പരാതി പരിഹാര സെല്ലിനോ വിജിലന്‍സിനോ കൈമാറും. നവീന്‍ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയിരുന്നെങ്കില്‍ അതിനുള്ള ഡോക്കറ്റ് നമ്പര്‍ അപ്പോള്‍ തന്നെ എസ്എംഎസ്, ഇ മെയില്‍ എന്നിവ മുഖേന പരാതിക്കാരനു കൈമാറുമായിരുന്നെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ അധികൃതര്‍ വിശദീകരിക്കുന്നു. പ്രശാന്ത് പുറത്തു വിട്ട പരാതിയില്‍ ഇതൊന്നും സംഭവിച്ചിട്ടില്ല.
പ്രശാന്തിന് പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ കിട്ടാനുള്ള അപേക്ഷ നവീന്‍ ബാബു വൈകിപ്പിച്ചെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടുവെന്നുമാണ് പ്രശാന്തന്‍ ആരോപിച്ചത്. ബാങ്ക് വഴി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ വിലക്കി. തുടര്‍ന്ന് കൈയിലുള്ളതും മറ്റുള്ളവരില്‍നിന്ന് വാങ്ങിയതും ചേര്‍ത്ത് 98,500 രൂപ നല്‍കി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അനുമതി ലഭിച്ചു. പണം കൈമാറിയത് വീട്ടിനകത്തുവെച്ചാണെന്നും ആ സമയത്ത് ഫോണ്‍ വാഹനത്തില്‍ ആയിരുന്നതിനാല്‍ കൈമാറിയതിന് തെളിവില്ലെന്നുമാണ് പ്രശാന്തന്‍ പറഞ്ഞത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചത് കളക്ടര്‍ മുന്‍പാകെയാണ്. അദ്ദേഹം എല്ലാം കേട്ടതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കളക്ടറുടെ കീഴുദ്യോഗസ്ഥനാണ് എ.ഡി.എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടും എ.ഡി.എം. ചുമതല നിര്‍വഹിച്ചില്ലെങ്കില്‍ ആദ്യം പരാതി പറയേണ്ടത് കളക്ടറോടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെങ്കില്‍ നിയമ തടസ്സങ്ങള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ വളരെ കാലം മുമ്പാണ് ദിവ്യയുടെ സമ്മര്‍ദ്ദം നവീന്‍ ബാബുവിന് മുന്നിലെത്തിയത്.