'പെയ്മെന്റ് സീറ്റ്' വിവാദം നാണക്കേടായി; പാര്‍ട്ടിയില്‍ പണത്തിനാണ് സ്വാധീനമെന്ന തുറന്നുപറച്ചിലും; നേതൃത്വത്തെ വെല്ലുവിളിച്ച സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍; നാട്ടികയില്‍ ഗീത ഗോപിക്ക് കാലിടറുമോ? യുഡിഎഫ് സ്വതന്ത്രനായി അങ്കത്തിനിറങ്ങിയാല്‍ ത്രികോണ മത്സരത്തിന് സാധ്യത
കോട്ടയം: നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിരന്തരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയായ സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുമായി അകന്നത്. ഒറ്റത്തവണ മാത്രം എംഎല്‍എയായ മുകുന്ദനെ മാറ്റി മുന്‍ എംഎല്‍എ ഗീതാ ഗോപിക്ക് പാര്‍ട്ടി മൂന്നാമൂഴം നല്‍കിയതാണ് പരസ്യമായ പോരിലേക്ക് നയിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം കമ്മറ്റിയോട് വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി നിര്‍ദേശിച്ചിരുന്നു. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാര്‍ത്താക്കുറിപ്പിലൂടെ പുറത്താക്കിയ വിവരം അറിയിച്ചത്. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം ശക്തമായ ഒരു ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
രണ്ടാമതൊരു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദന്‍ ഉന്നയിച്ചത്. മുന്‍ എം.എല്‍.എ ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയത് 'പെയ്മെന്റ് സീറ്റ്' ആണെന്ന സംശയം തനിക്കുണ്ടെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സി.സി. മുകുന്ദന്റെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു. ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ എക്സിക്യുട്ടീവില്‍ നിന്നും മാറ്റി ഡി സിയില്‍ നിന്നും നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്
കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയാണ്. ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിയുടെ എംഎല്‍എയും എന്ന നിലയില്‍ പാലിക്കേണ്ടതായ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി ബോധ്യവുമില്ലാതെ അങ്ങേയറ്റം ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി സി മുകുന്ദന്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി സി മുകുന്ദനെ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ഈ നടപടി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണെന്നും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സിപിഐയില്‍ വീണ്ടും 'പെയ്മെന്റ് സീറ്റ്'
നാട്ടികയില്‍ ഗീതാഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിസി മുകുന്ദന്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സിസി മുകുന്ദന്‍ എംഎല്‍എ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്ന സിസി മുകുന്ദന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണിപ്പോള്‍ പുറത്താക്കിയെന്ന വാര്‍ത്താക്കുറിപ്പ് സിപിഐ ഇറക്കിയത്. ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നല്‍കിയതില്‍ കലഹിച്ചാണ് മുകുന്ദന്‍ പാര്‍ട്ടിവിട്ടത്. ഗീതാഗോപിക്കെതിരെ നാട്ടികയില്‍ തന്നെ മത്സരിക്കാനാണ് തീരുമാനം. യുഡിഎഫ് മുകുന്ദനെ പിന്തുണക്കും.
പണം പിരിച്ചു നല്‍കുന്നതാണ് ഗീതാഗോപിയുടെ യോഗ്യതയെന്ന് ആദ്യം ആരോപണം ഉന്നയിച്ച മുകുന്ദന്‍ പിന്നീട് ആരോപണം കടുപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി പാര്‍ട്ടിയുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല മുകുന്ദന്‍. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമ്മേളനവേദി ബഹിഷ്‌കരിച്ച് മുകുന്ദന്‍ പുറത്തുവന്നിരുന്നു. പിന്നീട് നേതാക്കളുടെ ഇടപെട്ട് അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നു. പാര്‍ട്ടി ഒരുവട്ടം കൂടി മത്സരിക്കാന്‍ അവസരം തരുമെന്ന് മുകുന്ദന്‍ പ്രതീക്ഷിച്ചിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്തവണ സ്ഥാനാര്‍ഥിത്വം നഷ്ടമായത്. ഗീതാഗോപി ആണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതിന് പിന്നാലെ മുകുന്ദന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. മുകുന്ദനെ കൂടെ കൂട്ടാന്‍ കഴിയുന്നതിലൂടെ നാട്ടിക സീറ്റ് പിടിക്കാന്‍ ആകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പില്‍ തൊട്ടുമുമ്പുള്ള മുകുന്ദന്റെ കലഹം സിപിഐക്ക് ഉണ്ടാക്കുന്ന പ്രഹരം ചെറുതല്ല.
നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സി.സി.മുകുന്ദന്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണില്‍ സംസാരിച്ചുവെന്നു പറഞ്ഞ അദ്ദേഹം, സിപിഐ അംഗത്വം രാജിവച്ചതായും വേണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് സിപിഐ സംസ്ഥാന നേതൃത്വമാണ്. സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്‌തെങ്കിലും ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത് എന്ന മറുവാദവും ഉണ്ടായി. തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകല്‍ച്ചയിലാണെന്നും കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയര്‍ന്നത്.
