'പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്‌കനായ ആശാന്‍ ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്‌സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക'; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്‍ശനം
ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തില്‍ പെരുമാറിയെ മമ്മൂട്ടിയോട് തെറ്റായ സമീപനം സ്വീകരിച്ചു എന്നതാണ്. മുഖ്യമന്ത്രിയെ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശിച്ച് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ് അമര്‍ഷം രേഖപ്പെടുത്തുന്നത്. അതേസമയം, മുഖ്യമന്ത്രിയെയും മമ്മൂട്ടിയേയും പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രി മമ്മൂട്ടിയോട് മാപ്പു പറഞ്ഞത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നീക്കം സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ ഒരുവശത്ത് മമ്മൂട്ടിയെ കടന്നാക്രമിക്കുമ്പോള്‍, മറുഭാഗത്ത് മുഖ്യമന്ത്രി തന്നെ നടനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത് അണികളുടെ അമര്‍ഷത്തിന് ഇടയാക്കിയത്.
വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മമ്മൂട്ടിക്കൊപ്പം സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് നിരന്തരം ഒട്ടിനിന്നതാണ് നടനെ ചൊടിപ്പിച്ചത്. 'എപ്പോഴും കൂടെ നില്‍ക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും' എന്ന് മമ്മൂട്ടി സ്വകാര്യമായി പറഞ്ഞത് ക്യാമറയില്‍ പതിഞ്ഞതോടെ സംഗതി വിവാദമായി. ഇതിന് പിന്നാലെ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നത്.
മുഖ്യമന്ത്രിയുടെ മലക്കംമറിച്ചില്‍
സൈബര്‍ ആക്രമണം പരിധിവിട്ടതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങിയത്. 'മമ്മൂട്ടിയെന്ന മഹാനടനെ മനസ്സിലാക്കണമായിരുന്നു, അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുന്നു' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വന്തം പാര്‍ട്ടിക്കാരെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മമ്മൂട്ടി സദുദ്ദേശത്തോടെ പറഞ്ഞ കാര്യത്തെ 'ക്യാമറ വസ്ത്രത്തില്‍ ഒളിപ്പിച്ചു നടക്കുന്നവര്‍' വിവാദമാക്കുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്വന്തം സൈബര്‍ വിംഗിന് നേരെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന അമര്‍ഷം
ഒരു സിപിഎം ജില്ലാ സെക്രട്ടറിയെ തള്ളിക്കൊണ്ട് മമ്മൂട്ടിയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരെ പോസ്റ്റുകളിട്ട അണികള്‍ ഇപ്പോള്‍ വെട്ടിലായ അവസ്ഥയിലാണ്. മുഖ്യമന്ത്രിയെ തന്നെ വിമര്‍ശിച്ചുകൊണ്ട് ചില ഇടത് അനുകൂല പ്രൊഫൈലുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.
അര്‍ജുന്‍ ആയങ്കി അടക്കം കടുത്തവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയിയല്‍ കുറിച്ചത് ഇങ്ങനെ: പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്‌കനായ ആശാന്‍ ക്ഷമ ചോദിച്ചിരിക്കുന്നു.
ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്‌സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക, വിനയമാണ് മനുഷ്യനെ മഹാനാക്കുന്നത് അതില്ലാത്തവന് വയസ്സാംകാലത്ത് പ്രയാസമുണ്ടാവും.
അതേസമയം, മമ്മൂട്ടിയെയും മുഖ്യമന്ത്രിയെയും പിന്തുണച്ച് മറ്റൊരു വിഭാഗവും സജീവമാണ്. വിവാദം തണുപ്പിക്കാന്‍ മമ്മൂട്ടി തന്നെ ജില്ലാ സെക്രട്ടറിയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചിട്ടും അടങ്ങാത്ത അമര്‍ഷമാണ് ഇപ്പോള്‍ പരസ്യമായ മാപ്പുപറച്ചിലിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ 'മാപ്പുപറച്ചില്‍' പാര്‍ട്ടിയില്‍ കൂടുതല്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കും.
