പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കള വരെയെത്തുമോ? പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിന് നിയന്ത്രണം; ഹോട്ടലുകള്‍ അടയ്ക്കുന്നു; വില വീണ്ടും വര്‍ധിച്ചേക്കും; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

Update: 2026-03-10 09:54 GMT

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചക വാതക ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിനാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹോട്ടല്‍ ഉടമകള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടര്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കാനാണ് നിര്‍ദ്ദേശം. ഇതില്‍ ഹോട്ടലുകളുടെ കാര്യം പറയുന്നില്ല. അതിനാല്‍ത്തന്നെ ഹോട്ടുകള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരും.

അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുള്ള വിതരണ പ്രതിസന്ധി മുന്നില്‍ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയ്ക്കാണ് ഈ നടപടി ബാധകമാകുന്നത്. പ്രകൃതിവാതക വിതരണം ചില നിര്‍ണായക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര ആവശ്യങ്ങള്‍, ഗതാഗതത്തിനുള്ള സിഎന്‍ജി, എല്‍പിജി ഉത്പാദനം, പൈപ്പ്ലൈന്‍ കംപ്രസര്‍ ഫ്യുവല്‍, മറ്റ് നിര്‍ണായക പൈപ്പ്ലൈന്‍ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുന്‍ഗണന നല്‍കുമെന്നാണു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഏകദേശം 332 ദശലക്ഷം എല്‍പിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇവര്‍ക്കുള്ള വിതരണം തടസ്സമില്ലാതെ തുടരാന്‍ ഉറപ്പാക്കുന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.

പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതും വില കുത്തനെ കൂട്ടിയതും ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ഗ്യാസ് ക്ഷാമം മൂലം മുംബൈയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഹോട്ടലുകള്‍ പൂട്ടി. മുംബൈയില്‍ ഇരുപതുശതമാനത്തോളം ഹോട്ടലുകള്‍ പൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. പാചകവാതക വിലവര്‍ധന ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചതോടെ കോയമ്പത്തൂരിലെ പ്രശസ്തമായ 'അന്നപൂര്‍ണ' ഹോട്ടല്‍ ശൃംഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ ഹോട്ടലിലെ മെനു വെട്ടിചുരുക്കിയതായും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും ഉടമ ശ്രീനിവാസന്‍ അറിയിച്ചു. നിലവില്‍ മൂന്ന് ദിവസത്തേക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വിഷയം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഡിഎംകെ. പാചകവാതക വിലവര്‍ധനയില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ ആശങ്കയുണ്ടെന്ന് കനിമൊഴി എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവത്തിന് സാധാരണക്കാരാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്. നിലവിലെ സാഹചര്യം കോവിഡ് കാലത്തെ പ്രതിസന്ധികളുടെ ആവര്‍ത്തനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലവര്‍ധനയും ഉച്ചഭക്ഷണത്തിന്റെ ഉള്‍പ്പെടെയുള്ള വില കൂട്ടാന്‍ ഹോട്ടല്‍ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ട്.

അതേ സമയം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തല്‍ക്കാലം ക്ഷാമമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. ഹോട്ടലുകാര്‍ ഗാര്‍ഹിക സിലിണ്ടര്‍ വ്യാപകമായി ഉപയോഗിക്കുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. അങ്ങനെവന്നാല്‍ കൂടുതല്‍ പ്രതിസന്ധിയാകും. രാജ്യത്തെ വാതക ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുടെ പൂഴ്ത്തിവയ്പ്പ് സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചെയ്യും. ഇന്ത്യയില്‍ നിലവില്‍ എല്‍പിജി ക്ഷാമം ഇല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതിനിടെ ഗാര്‍ഹിക ഉപയോഗത്തിനുള്ളതടക്കം എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസമാണ് സിലിണ്ടര്‍ വില കൂട്ടിയത്.എന്‍ജിന്‍ ഓയില്‍, ലൂബ്രിക്കന്റ് എന്നിവയുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) കത്തയച്ചു. നിലവിലെ സാഹചര്യത്തില്‍ വില കൂട്ടാതെ തരമില്ലെന്നാണ് ഐ ഒ സി കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

Tags:    

Similar News