കൊച്ചിയോടെന്താ ചിറ്റമ്മ നയം? യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ യാത്രക്കാരുമായി തിങ്ങി നിറഞ്ഞു പറക്കുന്ന കൊച്ചിക്ക് മാത്രം അയിത്തം; ഗാറ്റ്വികില്‍ നിന്നും ഇന്ത്യയിലേക്ക് ഉള്ള റൂട്ടുകളില്‍ കൊച്ചി ഒഴികെ മുഴുവന്‍ സര്‍വീസിലും അധിക വിമാനം; ദീപാവലി സമ്മാനത്തില്‍ മലയാളികള്‍ ഔട്ട്

കൊച്ചിയോടെന്താ ചിറ്റമ്മ നയം? എയര്‍ ഇന്ത്യയുടെ ദീപാവലി സമ്മാനത്തില്‍ മലയാളികള്‍ ഔട്ട്

Update: 2024-10-17 04:36 GMT

കവന്‍ട്രി: ബ്രിട്ടനില്‍ ശൈത്യകാലം വരുന്നതോടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയും യുകെയും തമ്മില്‍ നടന്ന വ്യാപാര കരാര്‍ ചര്‍ച്ചകളുടെ ഭാഗമായാണ് എയര്‍ ഇന്ത്യയും ബ്രിട്ടീഷ് എയര്‍വെയ്‌സും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഡെസ്റ്റിനേഷനുകള്‍ ഇല്ലെങ്കിലും ഇപ്പോള്‍ പറക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നു എന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.

പ്രത്യേകിച്ചും ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യത്തില്‍ എമിറേറ്റ്‌സ് അടക്കമുള്ള മുന്‍ നിര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ബ്രിട്ടീഷ് എയര്‍വെയ്‌സും കൂടുതല്‍ വിമാനങ്ങളുമായി എത്തുന്നു എന്നത് യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ നാട്ടില്‍ എത്താനുള്ള അവസരമാണ് ലഭ്യമാക്കുന്നത്. അതിനിടെ സര്‍വീസ് തുടങ്ങിയ നാള്‍ മുതല്‍ തിങ്ങിനിറഞ്ഞ നിലയില്‍ പറക്കുന്ന ഗാറ്റ്വിക് - കൊച്ചി റൂട്ടിലേക്ക് അധികമായി വിമാനമില്ല എന്നത് കൊച്ചിയോടും മലയാളികളോടുമുളള ചിറ്റമ്മ നയമായി വിലയിരുത്തപ്പെടുകയാണ്. ദീപാവലി സമ്മാനമായി എത്തുന്ന സര്‍വീസുകളില്‍ നിന്നും ഇതോടെ മലയാളികള്‍ പൂര്‍ണമായും ഔട്ട് ആയിരിക്കുകയാണ്.

ഏറ്റവും മോശം വിമാനങ്ങള്‍ നല്‍കിയിരിക്കുന്ന കൊച്ചി റൂട്ടിലേക്ക് കൂടുതല്‍ വിമാനം നല്‍കാന്‍ എയര്‍ തയ്യാറാകാത്തപ്പോള്‍ തിരക്കില്ലാത്ത മറ്റു റൂട്ടുകളിലേക്ക് അധിക സര്‍വീസുകള്‍ നല്‍കിയിരിക്കുന്നത് ആശ്ചര്യം പടര്‍ത്തുകയാണ്. നവംബര്‍ മുതല്‍ മുംബൈ - ഡല്‍ഹി - ലണ്ടന്‍ യാത്ര പഥത്തില്‍ ആഴ്ചയില്‍ 70 സര്‍വീസുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യയും യുകെയും എത്തിയിരിക്കുന്നത്.

ഇതില്‍ എയര്‍ ഇന്ത്യയും എയര്‍ വിസ്താരയും ചേര്‍ന്ന് 38 വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യും. ബ്രിട്ടീഷ് എയര്‍വേസ്, വിര്‍ജിന്‍ അറ്റ്‌ലാന്റിസ് എന്നിവ ചേര്‍ന്നാണ് യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൈകാര്യം ചെയ്യുക. ഇപ്പോള്‍ ഗാട്വികില്‍ നിന്നും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 19 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഗാറ്റ്വികില്‍ നിന്നും ഒന്‍പതു മണിക്കൂര്‍ പറന്നു ബാംഗ്ലൂരില്‍ എത്തുന്ന വിധമാണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്.

അടിയന്തിര ഘട്ടത്തില്‍ കൊച്ചി റൂട്ടിലേക്ക് ബിസിനസ് ക്ലാസില്‍ പോലും ടിക്കറ്റ് ലഭിക്കാനില്ല എന്നതാണ് വാസ്തവം. അധിക നിരക്ക് നല്‍കിയാലും സീറ്റ് ലഭിക്കാനില്ല എന്നതാണ് സാഹചര്യം. ഇത്രയും തിരക്കുണ്ടായിട്ടും കൊച്ചിയെ തഴഞ്ഞ് അഹമ്മദാബാദിനും ഗോവയ്ക്കും ബാംഗ്ലൂരിനും ഒക്കെ അധിക വിമാനങ്ങള്‍ നല്‍കിയത് തികഞ്ഞ അവഗണനയുടെ ഫലമായി വിലയിരുത്തപ്പെടുകയാണ്. കൊച്ചിയിലേക്ക് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വിമാനങ്ങള്‍ പറക്കുന്നത് തുടരുമ്പോള്‍ അഹമ്മദാബാദിലേക്ക് നവംബര്‍ 25 മുതല്‍ ആഴ്ചയില്‍ അഞ്ചു സര്‍വീസുകളാകും.

നിലവില്‍ നാല് വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ പറക്കുന്ന ഗോവയിലേക്ക് നവംബര്‍ 30 മുതല്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലവില്‍ മൂന്നു സര്‍വീസുകള്‍ ആണ് ഈ റൂട്ടില്‍ പറന്നിരുന്നത്. ബാംഗ്ലൂരിലേക്കും എയര്‍ ഇന്ത്യ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ പറക്കുന്ന അഞ്ചു വിമാനങ്ങള്‍ക്ക് പകരം ഈ റൂട്ടില്‍ ആറു വിമാനങ്ങള്‍ നല്‍കും.

ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന ഗാറ്റ്വിക് - കൊച്ചി റൂട്ട് തഴയപ്പെട്ടത് വ്യോമയാന രംഗത്തും ചര്‍ച്ചയാകുകയാണ്. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ശേഷവും എയര്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ നേരെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശം. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന കൊച്ചി സിയാല്‍ എയര്‍പോര്‍ട്ടിനും എയര്‍ ഇന്ത്യയുടെ തീരുമാനം നിരാശ പടര്‍ത്തുകയാണ്. അതിനിടെ തുടര്‍ച്ചയായി വിമാനം വൈകി പുറപ്പെടുന്നതും അടിക്കടി വിമാനം റദ്ദാക്കപ്പെടുന്നതും ഗാറ്റ്വിക് - കൊച്ചി വിമാനത്തെ പല യാത്രക്കാരും കൈവിടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയാണ്.

പ്രായമായവര്‍ക്കും കൈകുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും നേരിട്ട് പറന്നെത്താം എന്ന ആനുകൂല്യം ഉള്ളതിനാലും ബുദ്ധിമുട്ടും പ്രയാസങ്ങളും സഹിച്ചാണ് ഈ വിമാനത്തില്‍ ഇപ്പോള്‍ യാത്രക്കാര്‍ പറക്കാന്‍ തയ്യാറാകുന്നത് എന്നും ഒരിക്കല്‍ യാത്ര ചെയ്യുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന പരാതികളില്‍ നിന്നും വ്യക്തമാണ്. അടുത്തിടെ അപ്രതീക്ഷിതമായി കൊച്ചി വിമാനം റദ്ദാക്കിയതിന് എതിരെ പരാതി നല്‍കിയിട്ട് എയര്‍ ഇന്ത്യ മറുപടി പോലും നല്‍കാനുള്ള മാന്യത കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News