മാളികപ്പുറം മേല്‍ശാന്തി ഒന്നരമാസത്തിനിടെ 46.51 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു; കൈക്കൂലിയായും കിമ്പളമായും ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ജീവനക്കാര്‍ കുടുങ്ങും; ശബരിമലയിലെ കോടികളുടെ 'ബാങ്ക് ഇടപാട്': ശാന്തിമാര്‍ക്ക് ദക്ഷിണയെന്ന് പറയാം, പക്ഷേ ജീവനക്കാര്‍ വെട്ടിലാകും; ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നു

Update: 2026-03-12 03:50 GMT

കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും മണ്ഡലകാലത്ത് നടന്നത് കോടികളുടെ സംശയാസ്പദമായ ഇടപാടുകളെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും തങ്ങള്‍ക്ക് ലഭിച്ച തുക 'ദക്ഷിണ'യാണെന്ന് അവകാശപ്പെടുമെങ്കിലും, സമാനമായ രീതിയില്‍ ബാങ്ക് നിക്ഷേപം നടത്തിയ ദേവസ്വം ജീവനക്കാരും ദിവസക്കൂലിക്കാരും കുടുങ്ങാന്‍ സാധ്യതയേറി. ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നതോടെ സന്നിധാനത്തെ ഭക്തരെ ചൂഷണം ചെയ്യുന്ന രീതിക്ക് അറുതി വീഴുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സന്നിധാനത്ത് ബ്രാഞ്ചുകളുള്ള എസ്.ബി.ഐ , ധനലക്ഷ്മി ബാങ്ക് എന്നിവ വഴിയാണ് പ്രധാനമായും ഇടപാടുകള്‍ നടന്നത്. കൈക്കൂലിയായും കിമ്പളമായും ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ജീവനക്കാരാണ് ഇപ്പോള്‍ വിജിലന്‍സ് നിരീക്ഷണത്തിലുള്ളത്. ധനലക്ഷ്മി ബാങ്ക്: 941 ഇടപാടുകളിലായി 11.45 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. മേല്‍ശാന്തി, ശാന്തിമാര്‍, ദിവസക്കൂലിക്കാര്‍, കുത്തകപ്പാട്ടക്കാര്‍ എന്നിവരുടെ 18 അക്കൗണ്ടുകളിലേക്കാണ് ഈ തുക എത്തിയത്. കാലയളവില്‍ 1667 ഇടപാടുകളിലായി 8.08 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി 14.08 ലക്ഷം രൂപയുടെ മണിയോര്‍ഡറുകളാണ് അയക്കപ്പെട്ടത്. ദിവസക്കൂലിക്കാരും ശുചീകരണ തൊഴിലാളികളുമാണ് ഇതിന് പിന്നില്‍.

മാളികപ്പുറം മേല്‍ശാന്തി ഒന്നരമാസത്തിനിടെ 46.51 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഇത് ഭക്തര്‍ നല്‍കിയ ദക്ഷിണയാണെന്നാണ് അദ്ദേഹത്തിന്റെ മൊഴി. എന്നാല്‍ ഭക്തര്‍ കൊണ്ടുവരുന്ന പൂജാസാമഗ്രികളിലെ പണം കവരുക, നെയ്യഭിഷേകത്തിന് സഹായിക്കുന്നതിന്റെ പേരില്‍ പണം വാങ്ങുക, ഭണ്ഡാരം തുറക്കുമ്പോള്‍ താഴെ വീഴുന്ന പണം കൈക്കലാക്കുക തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 'ആടിയശിഷ്ടം നെയ്യ് വില്‍പ്പന നടത്തിയ കേസിലെ പ്രതികളും ഈ നിക്ഷേപകരുടെ പട്ടികയിലുണ്ട് എന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സമാന്തരമായി ലോട്ടറി വില്‍ക്കുന്ന ജീവനക്കാരും സന്നിധാനത്തുണ്ട്.'

ഹൈക്കോടതി ഇടപെടല്‍ ശക്തമായതോടെ സന്നിധാനത്തെ ബാങ്ക് ഇടപാടുകളില്‍ അടുത്ത സീസണില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ ജീവനക്കാരുടെയും ശാന്തിമാരുടെയും സാമ്പത്തിക സ്രോതസ്സ് കര്‍ശനമായി നിരീക്ഷിക്കപ്പെടും. ഭണ്ഡാരത്തില്‍ മാസപൂജ സമയത്തും പോലീസിനെ വിന്യസിക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. അനാവശ്യമായി ദിവസക്കൂലിക്കാരെ നിയമിക്കുന്നത് നിര്‍ത്തലാക്കാനും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് സര്‍ക്കാരിനോടും ബോര്‍ഡിനോടും വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

കൈക്കൂലിപ്പണം ബാങ്കില്‍ നിക്ഷേപിച്ച് സുരക്ഷിതമാക്കാമെന്ന് കരുതിയവര്‍ക്ക് ഈ അന്വേഷണം വന്‍ തിരിച്ചടിയാണ്. ഭക്തരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ വരും സീസണുകളില്‍ സന്നിധാനത്തെ വഴിവിട്ട ഇടപാടുകള്‍ക്ക് വലിയ കുറവുണ്ടായേക്കാം.

Tags:    

Similar News