നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മാറ്റമില്ലാതെ, ആശുപത്രി കിടക്കയിലും മാംഗല്യം; ലേക്ഷോറില്‍ വീണ്ടും 'ആശുപത്രി വിവാഹം'; യാത്ര ചെയ്യാന്‍ കഴിയാത്ത വധുവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് തീരുമാനം; ദിയയ്ക്ക് താലി ചാര്‍ത്തി ജിതിന്‍
കൊച്ചി: നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മാറ്റമില്ലാതെ, ആശുപത്രി കിടക്കയിലും മാംഗല്യം. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വധു ദിയയ്ക്ക്, ആശുപത്രിയിലെ ക്ഷേത്രസന്നിധിയില്‍ വെച്ച് ജിതിന്‍ മംഗല്യസൂത്രം ചാര്‍ത്തി. മാസങ്ങള്‍ക്ക് മുന്‍പേ നിശ്ചയിച്ചുറപ്പിച്ച വിവാഹം, ദിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് ആശുപത്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
വയറുവേദനയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓച്ചിറ സ്വദേശിനി ദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ സംബന്ധമായ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് ദിയ നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാലും ദിയയ്ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതിനാലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ ലേക്ഷോര്‍ ആശുപത്രിയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ലളിതമായ ചടങ്ങുകള്‍. തുടര്‍ന്ന് നിശ്ചയിച്ച പ്രകാരം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹ സല്‍ക്കാരവും നടന്നു. മുന്‍പും സമാനമായ രീതിയില്‍ വിവാഹ ദിവസം അപകടത്തില്‍പ്പെട്ട ആവണി എന്ന യുവതിക്ക് ഐ.സി.യുവില്‍ വെച്ച് ഷാരോണ്‍ എന്ന യുവാവ് താലി ചാര്‍ത്തിയത് ലേക്ഷോറില്‍ വെച്ചായിരുന്നു. ആ ഓര്‍മ്മകള്‍ പുതുക്കുന്നതായിരുന്നു ഇന്നത്തെ ചടങ്ങും.