കിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം
തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പോലീസുകാര്‍ തമ്മില്‍ തെരുവ് യുദ്ധം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍. മ്യൂസിയം സ്റ്റേഷനിലെ സി.പി.ഒ. വിശാഖിനെ പരസ്യമായി മര്‍ദിച്ച സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ കിരണിനെതിരെ ഉടന്‍ നടപടിയുണ്ടാകും. ഗുരുതരമായ അച്ചടക്ക ലംഘനം എന്ന നിലയിലാണ് ഈ വിഷയത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കാണുന്നത്.
സംഭവത്തിന്റെ കൃത്യമായ ചിത്രം ലഭിക്കുന്നതിനായി പോലീസ് ആസ്ഥാനത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകേണ്ട അതീവ സുരക്ഷാ മേഖലയില്‍ വെച്ച് ഉണ്ടായ ഈ കൈയാങ്കളി പോലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപടികള്‍ വരും. നിലവില്‍ തിരഞ്ഞെടുപ്പ് കാലമായതു കൊണ്ട് കമ്മീഷന്റെ നിയന്ത്രണത്തിലാണ് സംവിധാനങ്ങള്‍.
വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ്, ഗതാഗത തടസ്സം ഒഴിവാക്കാന്‍ ഒരു സ്ത്രീയോട് കാര്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ കിരണ്‍, തന്റെ അമ്മയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് വിശാഖുമായി തര്‍ക്കിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ വിശാഖ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് പോലീസ് നീങ്ങും. സീനിയര്‍ പോലീസുകാരനെ ജൂനിയര്‍ പോലീസുകാരന്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിട്ടുണ്ട്. പോലീസിനുള്ളിലും വലിയ ചര്‍ച്ചയാണ്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ് സേനയിലെ ഉന്നതര്‍. വരും മണിക്കൂറുകളില്‍ തന്നെ കിരണിനെതിരെയുള്ള ഔദ്യോഗിക നടപടി പ്രഖ്യാപിച്ചേക്കും. സ്വാധീനമുപയോഗിച്ചാണ് ക്യാമ്പില്‍ ഉള്ള കിരണ്‍ പോലീസ് ആസ്ഥാനത്ത് ഡ്യൂട്ടി തരപ്പെടുത്തിയത് എന്നും വാദമുണ്ട്.