നൂര്‍ബീനയുടെ പരസ്യ പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനം; ഉറച്ച നിലപാടില്‍ പാണക്കാട് തങ്ങള്‍; ഫാത്തിമ തഹ്ലിയയെ തോല്‍പ്പിക്കാനുള്ള ഗൂഡാലോചനയെന്ന് സംശയം; നൂര്‍ബീന റഷീദിനെതിരെ ലീഗില്‍ കടുത്ത നടപടി; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ പുറത്തേക്ക്?

Update: 2026-04-03 01:54 GMT

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂര്‍ബീന റഷീദിനെതിരെ മുസ്ലീം ലീഗ് നേതൃത്വം കടുത്ത നടപടിക്കൊരുങ്ങുന്നു. നൂര്‍ബീനയുടെ പരസ്യ പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വിഷയത്തില്‍ നൂര്‍ബീനയോട് വിശദീകരണം തേടുമെന്നും പരസ്യ പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

നൂര്‍ബീനയുടെ പ്രസ്താവന അച്ചടക്ക ലംഘനമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. പാര്‍ട്ടി വിടാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാമെന്നും അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടിയോട് നൂര്‍ബീന ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും സലാം കൂട്ടിചേര്‍ത്തു. നൂര്‍ബീനയ്ക്ക് പാര്‍ട്ടി അര്‍ഹമായ എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ തവണ കോഴിക്കോട് സൗത്ത് സീറ്റ് ഉള്‍പ്പെടെ നല്‍കിയത് ഇതിന്റെ ഭാഗമാണെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

ഇന്ന് രാവിലെയാണ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നൂര്‍ബീന രാജിവെച്ചത്. ഫാത്തിമ തഹ്ലിയ അടക്കമുള്ള യുവ നേതാക്കള്‍ക്കെതിരെ നൂര്‍ബീന ഉന്നയിച്ച വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ട്. ഫാത്തിമ തഹ്ലിയ അറസ്റ്റ് വരിക്കുന്നത് ഫോട്ടോഷൂട്ടിനും റീല്‍സിനും വേണ്ടിയാണെന്ന നൂര്‍ബീനയുടെ പരാമര്‍ശമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന നീക്കങ്ങളാണ് നൂര്‍ബീനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

നിലവില്‍ പാര്‍ട്ടി വിടില്ലെന്ന് നൂര്‍ബീന പറയുമ്പോഴും, നേതൃത്വം അയക്കുന്ന ഷോക്കോസ് നോട്ടീസിന് അവര്‍ നല്‍കുന്ന മറുപടി നിര്‍ണ്ണായകമാകും. പരസ്യമായി മാപ്പ് പറയാന്‍ നൂര്‍ബീന തയ്യാറായില്ലെങ്കില്‍ അച്ചടക്ക നടപടി ഉടന്‍ പ്രഖ്യാപിക്കാനാണ് ലീഗ് തീരുമാനം.

Tags:    

Similar News