ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും; യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക ലക്ഷ്യം; ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയില്‍ യാത്ര; ചരിത്രത്തിലേക്കൊരു 'ബേണ്‍'; ചന്ദ്രനിലേക്ക് കുതിച്ച് ആര്‍ട്ടെമിസ്-2

Update: 2026-04-03 05:15 GMT

വാഷിങ്ടണ്‍: അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള മടക്കയാത്ര നിര്‍ണ്ണായക ഘട്ടത്തിലേക്ക്. നാസയുടെ ആര്‍ട്ടെമിസ്-2 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണമാരംഭിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ നടന്ന 'ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍' എന്‍ജിന്‍ ബേണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ നാലംഗ സംഘം ഔദ്യോഗികമായി ചന്ദ്രനിലേക്കുള്ള പാതയിലാണെന്ന് നാസ അറിയിച്ചു. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രനെ ലക്ഷ്യമാക്കി ഇത്രയും ദൂരേക്ക് യാത്ര തിരിക്കുന്നത്.

ആറ് മിനിറ്റോളം നീണ്ടുനിന്ന എന്‍ജിന്‍ ജ്വലനത്തിലൂടെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടക്കാന്‍ ആവശ്യമായ വേഗത പേടകം കൈവരിച്ചു. ഇതോടെ പേടകം 'ഫ്രീ റിട്ടേണ്‍ ട്രാജക്ടറി'യിലേക്ക് പ്രവേശിച്ചു. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയാണിത്. ചന്ദ്രനിലേക്കുള്ള ഈ യാത്രയെ 'ഹ്യൂമാനിറ്റീസ് ലൂണാര്‍ ഹോംകമിംഗ് ആര്‍ക്ക്' എന്നാണ് മിഷന്‍ കണ്‍ട്രോളിലെ ബഹിരാകാശ സഞ്ചാരി ക്രിസ് ബിര്‍ച്ച് വിശേഷിപ്പിച്ചത്.

ഭൂമിയുടെ ഭ്രമണപഥം വിടുമ്പോള്‍ പേടകത്തില്‍നിന്നുള്ള സഞ്ചാരികളുടെ സന്ദേശം ലോകം നെഞ്ചിലേറ്റി. 'ഈ യാത്രയിലൂടെ നമ്മള്‍ ഭൂമിയെ ഉപേക്ഷിക്കുകയല്ല, മറിച്ച് ഭൂമിയെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്' എന്നായിരുന്നു മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്കിന്റെ മറുപടി. മനുഷ്യന്‍ എത്രത്തോളം പ്രാപ്തനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് തങ്ങളെ നയിക്കുന്നതെന്നും കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ ജെറമി ഹാന്‍സണും പറഞ്ഞു.

ഏകദേശം 6000 പൗണ്ട് ത്രസ്റ്റ് നല്‍കുന്ന ഓര്‍ബിറ്റല്‍ മാനുവറിംഗ് സിസ്റ്റം എന്‍ജിനാണ് ഈ ഘട്ടത്തില്‍ ഉപയോഗിച്ചത്. ഇതിന്റെ കരുത്ത് എത്രത്തോളമെന്നാല്‍, പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലേക്ക് വെറും 2.7 സെക്കന്‍ഡില്‍ ഒരു കാറിനെ എത്തിക്കാന്‍ ഈ ഊര്‍ജ്ജം മതിയാകും. എന്‍ജിന്‍ ബേണ്‍ വിജയകരമായതോടെ ഹൂസ്റ്റണിലെയും കെന്നഡി സ്‌പേസ് സെന്ററിലെയും ശാസ്ത്രജ്ഞര്‍ വലിയ ആശ്വാസത്തിലാണ്. അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കുന്ന ബിസിനസ്സിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ എക്‌സില്‍ കുറിച്ചു.

വിക്ഷേപണ സമയത്ത് വിമാനയാത്രക്കാര്‍ക്ക് ലഭിച്ച അപൂര്‍വ്വ കാഴ്ചയും വാര്‍ത്തകളില്‍ ഇടംപിടിച്ചു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ ഒരു വിമാനയാത്രക്കാരന്‍ വിമാനത്തിന്റെ ജനാലയിലൂടെ പകര്‍ത്തിയ റോക്കറ്റിന്റെ കുതിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. നീലാകാശത്ത് വിമാനത്തിന്റെ ചിറകിനരികിലൂടെ തീ തുപ്പുന്ന റോക്കറ്റ് വെളുത്ത പുകച്ചുരുളുകള്‍ അവശേഷിപ്പിച്ച് കുതിച്ചുയരുന്ന ദൃശ്യം 'അവിശ്വസനീയം' എന്നാണ് വീഡിയോ പങ്കുവെച്ച ക്രിസ് പാപ്പാസ് വിശേഷിപ്പിച്ചത്. അറുപതിനായിരത്തിലധികം ആളുകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ ലൈക്ക് ചെയ്തത്.

റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സണ്‍ എന്നിവരാണ് പേടകത്തിലുള്ളത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ വിശാലമായ പദ്ധതിയിലെ രണ്ടാം ഘട്ടമാണിത്. വരും ദിവസങ്ങളില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാണ് നാസയുടെ ലക്ഷ്യം.

ഭൂമിയിലേക്ക് മടങ്ങുന്നതുവരെയുള്ള ഓരോ നിമിഷവും മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കെന്നഡി സ്പേസ് സെന്ററില്‍ വരും ദിവസങ്ങളില്‍ വീണ്ടും ചന്ദ്ര റോക്കറ്റുകളുടെ വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്. ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് ആര്‍ട്ടെമിസ്-2 ന്റെ ഓരോ ചലനവും കാത്തിരിക്കുന്നത്. മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുന്ന ചരിത്ര നിമിഷത്തിലേക്ക് ഈ ദൗത്യം വഴിതുറക്കുമെന്നുറപ്പാണ്.

Tags:    

Similar News