ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതി 'നോ ബില്‍ ഹോസ്പിറ്റല്‍' വീണ്ടും ചര്‍ച്ചകളില്‍; യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് ഉറപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ 'ചാണ്ടി വികാരവും'; സന്തോഷ് വി ജോര്‍ജിന്റെ ആശയം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയും

Update: 2026-04-03 05:57 GMT

തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ സാധാരണക്കാരന്റെ നടുവൊടിക്കുന്ന കാലത്ത്, ആശ്വാസത്തിന്റെ പുതിയ മാതൃകയുമായി യു.ഡി.എഫിന്റെ 'നോ ബില്‍ ഹോസ്പിറ്റല്‍' പദ്ധതി വീണ്ടും സജീവ ചര്‍ച്ചയാകുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതിയായിരുന്ന 'എല്ലാവര്‍ക്കും സൗജന്യ ചികിത്സ' എന്ന ആശയം 2026-ലെ യു.ഡി.എഫ്. പ്രകടനപത്രികയില്‍ പ്രധാന വാഗ്ദാനമായി ഇടംപിടിക്കുമെന്ന് ഉറപ്പായതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. സാമൂഹിക പ്രവര്‍ത്തകനായ ബിനോയ് വാര്യത്ത് പങ്കുവെച്ച കുറിപ്പിലൂടെയാണ് പദ്ധതിയുടെ നാള്‍വഴികളും പ്രസക്തിയും വീണ്ടും പൊതുമധ്യത്തില്‍ എത്തിയത്.

2021-ലെ യു.ഡി.എഫ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്ന് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഈ പദ്ധതി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രധാന പ്രചാരണായുധമായി മാറും. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം 'നോ ബില്‍ ഹോസ്പിറ്റല്‍' സംവിധാനവും യാഥാര്‍ത്ഥ്യമാക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ വ്യക്തമാക്കിയതായി ബിനോയ് വാര്യത്ത് ചൂണ്ടിക്കാട്ടുന്നു.

സന്തോഷ് വി. ജോര്‍ജിന്റെ ആശയം; ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘവീക്ഷണം

2011-ല്‍ കുമ്പനാട് സ്വദേശിയും മുന്‍ കെ.എസ്.യു. നേതാവുമായ സന്തോഷ് വി. ജോര്‍ജാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 2013-ല്‍ കൊച്ചിയില്‍ നടന്ന ആശയക്കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയം 2014-ലെയും 2019-ലെയും ലോക്‌സഭാ പ്രകടനപത്രികകളില്‍ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന പേരില്‍ ഇടംപിടിച്ചു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇതിനെ അപ്രായോഗികമെന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. എന്നാല്‍ വിദേശ സര്‍വകലാശാലകളിലെ വിദഗ്ധരും നിതി ആയോഗും പിന്നീട് ഈ മാതൃകയുടെ പ്രായോഗികത തിരിച്ചറിഞ്ഞുവെന്ന് കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരും സ്വകാര്യ മേഖലയും കൈകോര്‍ക്കുന്ന ലാഭേച്ഛയില്ലാത്ത ആശുപത്രി മാതൃകയാണിത്. വെല്ലൂര്‍ സി.എം.സി. ആശുപത്രിയുടെ വിശ്വാസ്യതയോടെ പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗികള്‍ മുറിവാടകയും ഭക്ഷണച്ചെലവും മാത്രം നല്‍കിയാല്‍ മതിയാകും. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആശുപത്രി കെട്ടിടം നിര്‍മ്മിച്ച സ്വകാര്യ സ്ഥാപനത്തിന് മുറിവാടക ലഭിക്കും. കേരളത്തില്‍ 150 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരത്തിലുള്ള മൂന്ന് ഉന്നത നിലവാരത്തിലുള്ള ആശുപത്രികള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കാരുണ്യ ഫണ്ട് വഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കിയ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഈ പദ്ധതിയും വിസ്മൃതിയിലാകുന്നത് അദ്ദേഹത്തോട് കാട്ടുന്ന വഞ്ചനയാകുമെന്ന് ബിനോയ് വാര്യത്ത് കുറിച്ചു. ബെന്നി ബെഹനാന്‍, എം.എം. ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ ഈ പദ്ധതി നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കിയത് സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം മാതൃകകള്‍ അടിയന്തരമായി തുടങ്ങാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കണമെന്നും ബിനോയ് വാര്യത്ത് ആവശ്യപ്പെട്ടു. ഭാവനയില്‍ വിരിഞ്ഞ വെറുമൊരു പദ്ധതിയല്ല, മറിച്ച് കൃത്യമായ നയരേഖകളുടെ പിന്‍ബലമുള്ള ഈ ചികിത്സാ മാതൃക കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് യു.ഡി.എഫ്. വിശ്വസിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ നയങ്ങളുടെ തുടര്‍ച്ചയായി 2026-ല്‍ ഈ പദ്ധതി ജനവിധി തേടും.

ബിനോയ് വാര്യത്തിന്റെ പോസ്റ്റ് ചുവടെ

ബെന്നിചേട്ടനും ജോണേട്ടനും നന്ദി നന്ദി ഒരായിരം നന്ദി......

2021 ലെ UDF പ്രകടനപത്രികയിലെ പ്രധാനപ്പെട്ടൊരു വാഗ്ദാനമായിരുന്നു Right to free healthcare for all എന്ന ആശയം.ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിയുടെ സ്വപ്ന പദ്ധതി ആയിട്ടായിരുന്നുന്നു ഇതവതരിപ്പിച്ചത്.2O21 ല്‍ UDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടുമായിരുന്ന ഈ പദ്ധതി ലക്ഷകണക്കിന് സാധാണക്കാരെ ആശുപത്രി ചികിത്സാ ചിലവിന്റെ പേരില്‍ കടകെണിയില്‍ പ്പെടുമായിരുന്നില്ല.

2021 മുതല്‍ ഈ പദ്ധതിയെ കുറിച്ച് ഞാന്‍ നിരന്തരം എഴുതി കൊണ്ടെയിരിന്നു. 2021 ലെ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ട ഈ പദ്ധതിയെ കുറിച്ച് അന്ന് കാര്യമായ പൊതുചര്‍ച്ചയൊന്നും നടന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരഞ്ഞെടുപ്പില്‍ UDF തോറ്റതോടെ ഈ പദ്ധതിയെ കുറിച്ച് ആര് ചര്‍ച്ച ചെയ്യാനാണ് ? പക്ഷേ ഞാന്‍ ഇടയ്ക്കിടയ്ക്ക് ഈ പദ്ധതിയെ കുറിച്ച് എഴുതി കൊണ്ടെയിരുന്നു.

ഇടയ്ക്കിടെ ജോണേട്ടനെ ഞാനി പദ്ധതിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടെയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ വീണ്ടും ജോണേട്ടന് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ കാട്ടി എഴുതി ഈ പദ്ധതി തള്ളികളയില്ലെന്ന ഉറപ്പ് അദ്ദേഹം തന്നിരുന്നു. ഇന്നലെ മറുനാടന്‍ ഷാജന്‍ സ്‌കറിയയും ആയിട്ടുള്ള മുഖാമുഖത്തില്‍ ജോണേട്ടന്‍ തന്നെ UDF അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതി നടപ്പിലാക്കും എന്നു പറഞ്ഞപ്പോള്‍ സത്യത്തില്‍ കണ്ണു നിറഞ്ഞു പോയി....

Right to free healthcare for all

നാള്‍വഴികളിലൂടെ.....

2011 ആഗസ്റ്റ് മാസത്തിലാണ് സന്തോഷ് വി ജോര്‍ജ് കുമ്പനാട്ടുകാരനായ പഴയ കെ.എസ്.യുകാരന്‍ ഈ ആശത്തെ കുറിച്ച് പറയുന്നത്.

2013 ല്‍ മലയാള മനോരമ കൊച്ചിയില്‍ നടത്തിയ ആശയ കൂട്ടായ്മയില്‍ ഈ ആശയം ചര്‍ച്ചാ വിഷയം ആക്കി. 2014 ലോക്‌സഭാ പ്രകടനപത്രികയിലും 2016 UDF പ്രകടനപത്രികയിലും Right to health അഥവാ എല്ലാവര്‍ക്കും ആരോഗ്യം എന്നും 2019 ലോക്‌സഭാ പ്രകടനപത്രികയില്‍ Right to free healthcare for all എന്നും 2021 UDF പ്രകടന പത്രികയില്‍ No bill Hospital എന്നും ഈ ആശയം ഇടം പിടിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് Right to health ദേശീയ ശ്രദ്ധ നേടിയെങ്കിലും അപ്രായോഗികമായ പദ്ധതികള്‍ പറയുന്ന പക്വത ഇല്ലാത്ത നേതാവെന്ന പ്രതിച്ഛായ രാഹുല്‍ ജിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ദേശീയ മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യായ് പദ്ധതിക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയത്.

2021 UDF പ്രകടനപത്രികയിലെ No bill Hospital പദ്ധതി ഉള്‍പ്പെടുത്തിയെങ്കിലും ഈ ആശയത്തെ മുന്‍നിര്‍ത്തി വ്യാപകമായ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ ഒന്നും കേരളത്തില്‍ നടന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. 2014 ല്‍ രാഹുല്‍ ജി പ്രഖ്യാപിച്ച Right to health പദ്ധതി പ്രായോഗികമാണെന്ന് പിന്നീട് ദേശീയ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു. വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അംഗീകൃത ആരോഗ്യ ഉപദേഷ്ടാക്കള്‍ മൗനത്തിലായി. NITI Aayog ന്റെ സമീപനത്തിലും മാറ്റമുണ്ടായി. 2020 ല്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറി മധ്യവര്‍ഗത്തിനും ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ ഇരുന്നവര്‍ Not for Profit hospital നെ കുറിച്ച് ഉള്ള നയരേഖ 2021 June ല്‍ പുറത്തുവിട്ടു.

കാസര്‍കോട് ടാറ്റാ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ - സ്വകാര്യ പങ്കാളിത്തത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് കാസര്‍കോടുള്ള ടാറ്റാ ആശുപത്രി തന്നെ പൊളിച്ചുമാറ്റപ്പെട്ടു.

എന്നാല്‍ ദേശീയ തലത്തില്‍ ഇതൊരു വലിയ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും യാഥാര്‍ത്ഥമാണ് . ഒരുപക്ഷെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ നന്നാക്കുന്നതില്‍ താല്പര്യം ഇല്ലാത്തവരോ അല്ലെങ്കില്‍ അതിന് ശേഷിയില്ലാത്തവരോ ആണ് അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്നത് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരുന്നു.

അപ്രായോഗികമായ പദ്ധതികള്‍ പറയുന്ന പക്വതയില്ലാത്ത രാജകുമാരന്‍ എന്ന വിളിപ്പേര്, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത എടുത്തു ചാട്ടക്കാരായ എതിരാളികളുടെ സൃഷ്ടിയാണെന്ന് രാഹുല്‍ ജി ഇന്ത്യന്‍ ജനതയോട് പറയാതെ പറയേണ്ട സമയമായി.

ലോകത്തിനു നന്മ ചെയ്യാന്‍ അധികാരം ആവശ്യമില്ല എന്ന മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിന് ഇന്നും പ്രസക്തിയുണ്ട്. കോണ്‍ഗ്രസിന്റെ പുനരുജജീവനത്തിന് കൂടി പുതിയൊരു ഉത്തേജകം ആകുമായിരുന്നു ഈ പദ്ധതി.അതായത് ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി തുടങ്ങുന്നതിന് രാഹുല്‍ജി പ്രധാനമന്ത്രി ആകാന്‍ കാത്തിരിക്കേണ്ട കാര്യമില്ല.

അതിനുള്ള തുടക്കം കേരളത്തില്‍ നിന്നും തന്നെയാകട്ടെ

ആരോഗ്യം സംസ്ഥാന വിഷയം ആയതിനാല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ന്റെ വിശ്വാസ്യതയോടെ എല്ലാവര്‍ക്കും പൂര്‍ണ സൗജന്യ ചികിത്സ നല്‍കുന്ന ഒരു ആശുപത്രി എങ്കിലും തുടങ്ങാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരോട് രാഹുല്‍ജി അടിയന്തിരമായി ആവശ്യപ്പെണം. ഇവിടെ രോഗികള്‍ നല്‍കേണ്ടത് മുറിവാടകയും ഭക്ഷണ ചെലവും മാത്രമാണ്.

കേരളത്തില്‍ 150 കിലോമീറ്റര്‍ ഇടവിട്ട് ഇതേപോലെ മുന്നു A - grade ആശുപത്രികള്‍ ആണ് വേണ്ടത്. തെക്കന്‍ കേരളത്തില്‍ കൊട്ടാരക്കരക്കും അടൂരിനും ഇടയില്‍, മധ്യ കേരളം, വടക്കന്‍ കേരളം. ഒപ്പം ഇന്ത്യന്‍ ഹോട്ടല്‍സിന് ആശുപത്രികള്‍ക്കായി ഒരു വിഭാഗം തുടങ്ങാന്‍ ടാറ്റാ ഗ്രൂപ്പിനെ പ്രേരിപ്പിക്കുക. ഉപകരണങ്ങള്‍ ഉള്‍പ്പടെ ആശുപത്രി നടത്തിപ്പ് ചുമതല സര്‍ക്കാരിന്റെ താണ്. മുറി വാടക ആശുപത്രി നിര്‍മ്മിച്ച സ്വകാര്യ സ്ഥാപനത്തിനാണ്. ഹോട്ടല്‍ നടത്തിപ്പിനു വേണ്ട മാര്‍ക്കറ്റിംഗ് ചെലവ് ഇവിടെയില്ല എന്ന നേട്ടവും ഉണ്ട്. പുതുതായി തുടങ്ങുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഈ വിധം ആയിരിക്കും എന്ന നയ തീരുമാനം മാത്രം മതി ഇതു നടപ്പാക്കാന്‍. ക്രമേണ വേണ്ട B - grade, C - grade ആശുപത്രികളും ഇതേ രീതിയില്‍ ആക്കാം. നിലവിലുള്ള

ധാര്‍മ്മികതയുള്ള ആശുപത്രികള്‍ക്കും വേണമെങ്കില്‍ ഈ രീതിയിലെക്ക് മാറാം.

ഇതിന് നിശ്ചയദാര്‍ഢ്യം ആവശ്യമുണ്ട്.2019 ലെയും 2024 ലെയും തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടികളുടെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരിച്ചറിയണം ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കണമെങ്കില്‍ മഹാത്മഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും പോലെ നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി ചിന്തിച്ചു തുടങ്ങണം..

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രകടനപത്രികയില്‍ ഇടം പിടിച്ച Right to free healthcare for all എന്ന ആശയം അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതെ ആയിരുന്നെങ്കില്‍ അത് അദ്ദേഹത്തോട് കാട്ടുന്ന അനീതിയും വഞ്ചനയും ആകുമായിരുന്നു.

ഇന്നിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒപ്പം Right to free healthcare for all എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്പിടിച്ച No bill Hospital പദ്ധതിയും ഉള്‍പ്പെടുത്തി കൊണ്ട് UDF 2026 പ്രകടനപത്രിക....

കേരളം ജയിക്കും

UDF നയിക്കും

പ്രിയ സഹോദരന്‍

സന്തോഷ് വി ജോര്‍ജ്

പ്രിയ നേതാക്കളായ

ബെന്നിചേട്ടനും ജോണേട്ടനും

ആയിരമായിരം അഭിവാദ്ധ്യങ്ങള്‍

നേര്‍ന്നു കൊണ്ട് നേരുന്നു ഏവര്‍ക്കും ശുഭദിനം

Tags:    

Similar News