ക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ നീക്കം; എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും എത്തുന്നത് ഹോര്‍മുസ് കടലിടുക്ക് വഴി; യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ പ്രതിസന്ധി രൂക്ഷം; ഗ്യാസില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2026-03-12 01:38 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഇന്ധന വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍, രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ കൂടുതല്‍ ആശ്രയിച്ച് ഇന്ത്യ. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന വരവ് അവതാളത്തിലായ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ കുത്തനെ കൂട്ടി. ഈ മാര്‍ച്ചില്‍ മാത്രം പ്രതിദിനം 15 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഇത് 10.4 ലക്ഷം ബാരലായിരുന്നു. ഇതിനകം മൂന്ന് കോടി ബാരല്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങിക്കഴിഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാനാണ് ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ രാജ്യത്തെ ഹോട്ടല്‍-വ്യവസായ മേഖലകളില്‍ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇത് മറികടക്കാന്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ശ്രമം തുടങ്ങി. 23 വര്‍ഷത്തെ കരാര്‍ നിലവിലുണ്ടെങ്കിലും ഇടക്കാലത്ത് കുറച്ചിരുന്ന ഇറക്കുമതിയാണ് ഇപ്പോള്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കുന്നത്. ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

റഷ്യയുടെ പ്രധാന എണ്ണ ഇനമായ 'യുറല്‍സ്' ക്രൂഡോയിലിനാണ് ഇന്ത്യ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 20 ലക്ഷത്തോളം ബാരല്‍ യുറല്‍സ് ക്രൂഡോയിലുമായി മൂന്ന് കപ്പലുകള്‍ ഇതിനകം ഇന്ത്യന്‍ തീരത്തെത്തി. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ എത്തും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിതരണം മുടങ്ങിയതോടെ റഷ്യന്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറുകയും ഇത് വിലയില്‍ ചെറിയ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും വിതരണം തടസ്സപ്പെടാതിരിക്കാനാണ് ഇന്ത്യ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

അമേരിക്കന്‍ ഉപരോധ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിതരണത്തെ ബാധിക്കാതിരിക്കാന്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

റഷ്യയെക്കൂടി ഈ വിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതോടെ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്. റഷ്യയില്‍നിന്ന് എല്‍എന്‍ജി വാങ്ങാന്‍ ഏഴു വര്‍ഷം മുന്‍പാണ് ഗെയില്‍ കരാറിലേര്‍പ്പെട്ടത്. 23 വര്‍ഷത്തേക്കാണ് കരാര്‍.

എന്നാല്‍ യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി കുറച്ചുകൊണ്ടുവന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാചകവാതകം ഉള്‍പ്പെടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയത്.

Tags:    

Similar News