'നിങ്ങള്‍ പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന കാലം വരും'; ഹര്‍ഷനും സനീഷിനും ഫൗസിയയുടെ 'നല്ല നമസ്‌കാരം'; വനിതാ മാധ്യമപ്രവര്‍ത്തകയെ ചവിട്ടിമെതിക്കാന്‍ ഇടതുപക്ഷ മുഖമുള്ളവരുടെ 'ക്രെഡിബിലിറ്റി' കളി; 'രാംനാഥ് ഗോയങ്കെ' പുരസ്‌കാരം നേടിയ ഫൗസിയ മുസ്തഫ ആ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുമ്പോള്‍
തിരുവനന്തപുരം: ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ 'രാംനാഥ് ഗോയങ്കെ' പുരസ്‌കാരം ഡല്‍ഹിയില്‍ വെച്ച് ഏറ്റുവാങ്ങിയ വേളയില്‍, തന്നെ ദ്രോഹിച്ച മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക ഫൗസിയ മുസ്തഫ. ഒമ്പതു മാസത്തെ കഠിനമായ അലച്ചിലിനും 28 മണിക്കൂര്‍ ഫൂട്ടേജ് എക്‌സ്‌പോഷറിനും ശേഷം തയ്യാറാക്കിയ വാര്‍ത്തയെ 'ഇങ്ങനെയൊരു സംഭവമേ കേരളത്തില്‍ ഇല്ല സര്‍, ഇത് കളവാണ്' എന്ന് പറഞ്ഞ് മുക്കാന്‍ ശ്രമിച്ച ടി.എം. ഹര്‍ഷനും ഇ. സനീഷിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് ഫൗസിയ പ്രതികരിച്ചത്. ഇടതുപക്ഷ ലേബലില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരു സ്ത്രീയെയും അവരുടെ കഠിനാധ്വാനത്തെയും എത്തരത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.
'ഫൗസിയ സാറിനെ പറഞ്ഞു പറ്റിച്ചതാണ്, അവര്‍ക്ക് രണ്ടുപേര്‍ക്കും ഭ്രാന്താണ്, ഇത് കൊടുക്കരുത്, നമ്മുടെ ക്രെഡിബിലിറ്റിയെ ബാധിക്കും' എന്നിങ്ങനെ വാര്‍ത്താ സംവിധായകര്‍ എന്ന ബോര്‍ഡ് വെച്ച ഹര്‍ഷനും സനീഷും വിലപിച്ചത് ഡല്‍ഹിയിലെ പുരസ്‌കാര വേദിയില്‍ നില്‍ക്കുമ്പോള്‍ താന്‍ ഓര്‍ക്കുന്നുവെന്ന് ഫൗസിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തനിക്ക് ക്യാമറ നല്‍കരുതെന്ന് ക്യാമറ ചീഫിനും ബ്യൂറോ ചീഫിനും നിര്‍ദ്ദേശം നല്‍കിയതും, ഗതികെട്ട് ഇമെയില്‍ വഴി ക്യാമറ ആവശ്യപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ മഴ പെയ്യുന്ന ദിവസം വിളിച്ച് ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞതും ഫൗസിയ വെളിപ്പെടുത്തി. മഴയത്തു നിന്ന് താന്‍ ചെയ്ത സ്റ്റോറികള്‍ ഈ പരമ്പരയുടെ ഭാഗമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന 112 അമ്മമാരെക്കുറിച്ചുള്ള 'മനസ്സ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍' എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് ഫൗസിയയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. പ്രസവാനന്തര വിഷാദരോഗമായ 'പെരിനാറ്റല്‍ സൈക്കോസിസ്' എന്ന അവസ്ഥയെക്കുറിച്ചായിരുന്നു ഈ സ്റ്റോറി. ഈ വാര്‍ത്തയെ തടയാന്‍ ശ്രമിച്ചവര്‍ ഫൗസിയയെ മാത്രമല്ല, കേരളത്തിലെ സ്ത്രീസമൂഹത്തോടാകമാനമാണ് കൊടും അനീതി ചെയ്തതെന്ന് അവര്‍ കുറ്റപ്പെടുത്തി. 'നിങ്ങള്‍ എന്നെ തോല്‍പ്പിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തോറ്റുപോയത് ഈ രോഗം എന്താണെന്ന് തിരിച്ചറിയാത്ത നമ്മുടെ സിസ്റ്റവും സ്ത്രീകളുമാണ്,' ഫൗസിയ കുറിച്ചു.
ഫൗസിയയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഇന്ത്യന്‍ ജേണലിസത്തിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ അംഗീകാരം, 'രാംനാഥ് ഗോയങ്കെ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് ', ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനില്‍ നിന്ന് ദില്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും 22 പ്രാദേശിക ഭാഷകളിലെ 3000 ത്തിലധികം മികച്ച എന്‍ട്രികളില്‍ നിന്നും, രാജ്യത്ത് 2024-ല്‍ സംപ്രേഷണം ചെയ്ത ഏറ്റവും മികച്ച ഒരേയൊരു ടെലിവിഷന്‍ സ്റ്റോറി എന്ന നിലയിലുള്ള അംഗീകാരമാണ് ലഭിച്ചത്. അന്ന് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂസ് മലയാളം ചാനലില്‍ 2024 ഡിസംബറില്‍ സംപ്രേഷണം ചെയ്ത 'മനസ്സ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍' എന്ന അന്വേഷണപരമ്പരയാണ് എന്നെ ഈ ദേശീയ ബഹുമതിയ്ക്ക് അര്‍ഹയാക്കിയത്.
സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ബി എന്‍. ശ്രീകൃഷ്ണ, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്. വൈ ഖുറേഷി, പ്രൊഫ. സി. രാജ് കുമാര്‍, പ്രൊഫ. കെ. ജി. സുരേഷ്, എം. എസ് രോഹിണി നിലേകനി, എന്നിവര്‍ ജൂറി അംഗങ്ങളായ പാനലാണ് ഞാനുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തത്.
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരെക്കുറിച്ചുള്ളതായിരുന്നു 'മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍ ' എന്ന അന്വേഷണാത്മക പരമ്പര.
10 വര്‍ഷത്തിനിടയില്‍ 112 കുഞ്ഞുങ്ങളാണ് കേരളത്തില്‍ അമ്മമാരാല്‍ കൊല്ലപ്പെട്ടത്. ഗര്‍ഭാനന്തരവും പ്രസവാനന്തരവും വന്നുഭവിക്കുന്ന വിഷാദരോഗം മൂര്‍ച്ഛിച്ചുണ്ടാകുന്ന പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗത്താലാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നായിരുന്നു അന്വേഷണത്തിന്റെ കാതലും കണ്ടെത്തലും .
ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ഈ മുഹൂര്‍ത്തത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ നന്ദി പറയേണ്ടവരും കൂടെ സന്തോഷിക്കുന്നവരുമായ ഒട്ടേറെ പേരുണ്ട്.
ഇമ്മ: ??
എന്നെ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയും എന്റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കല്‍പോലും തടസ്സം നില്‍ക്കുകയും ചെയ്യാത്ത അമ്മ ഫാത്തിമയ്ക്ക്.
മോളുക്കുട്ടി: ??
ഈ പരമ്പരയ്ക്കു വേണ്ടി ഒമ്പതു മാസം നീണ്ട എന്റെ പല യാത്രകള്‍ക്കിടയില്‍ അമ്മയെ കാണാതെ ആയയോടൊപ്പം മാത്രം തിരുവനന്തപുരത്ത് കഴിഞ്ഞ എന്റെ കുഞ്ഞുമകള്‍ Zaha Nargiz Fouz ന്.
ചീഫ് എഡിറ്റര്‍:??
സാമൂഹിക പ്രാധാന്യമുള്ള ഒരു സ്റ്റോറി നിര്‍ദേശവുമായി ഒരു റിപ്പോര്‍ട്ടര്‍ കടന്നുവരുന്നത് മുതല്‍ അത് സംപ്രേഷണം ചെയ്തു കാണുന്ന ദിവസം വരെ സ്റ്റോറിയോടൊപ്പം നില്‍ക്കുന്ന ചീഫ് എഡിറ്റര്‍ എം പി ബഷീര്‍. ഇന്ത്യാവിഷനിലും ന്യൂസ് മലയാളത്തിലുമായി എന്നെ നാലു സ്റ്റേറ്റ് അവാര്‍ഡുകള്‍ക്കും ഇപ്പോള്‍ ഗോയങ്ക പുരസ്‌കാരത്തിനും അര്‍ഹമാക്കിയ സ്റ്റോറികളുടെ എഡിറ്റോറിയല്‍ അഡൈ്വസര്‍. സത്യത്തിനു മുന്നിലല്ലാതെ നട്ടെല്ല് വളക്കില്ല എന്ന് എനിക്ക് ഏറ്റവുംനല്ല ബോധ്യമുള്ള ഒരേയൊരു മാധ്യമപ്രവര്‍ത്തകന്‍.
ചെയര്‍മാന്‍:??
ന്യൂസ് മലയാളം ചെയര്‍മാന്‍ ശ്രീ.ശകിലന്‍ പദ്മനാഭന്, മാനേജ്‌മെന്റിന്, എന്നെ വിശ്വസിച്ചതിന്. ഒരിക്കലും എതിര്‍ക്കേണ്ടവര്‍ അല്ലായിരുന്നിട്ടുപോലും മൂന്നര മണിക്കൂര്‍ പ്രിവ്യൂ കണ്ട് ഇങ്ങനെയൊരു സംഭവം കേരളത്തില്‍ ഇല്ല സാര്‍ , ഇതൊന്നും വാര്‍ത്തയേയല്ല സാര്‍, ഇതില്‍ ഒരു വാര്‍ത്താമൂല്യവുമില്ല സാര്‍ , ഇതൊന്നും നമ്മള്‍ ഒരിക്കലും സംപ്രേഷണം ചെയ്യരുത് സാര്‍ എന്നൊക്കെ പരസ്യമായി എതിര്‍ത്തും ആക്ഷേപിച്ചും അങ്ങേയറ്റം ശക്തമായ വിസമ്മതം രേഖപ്പെടുത്തി എതിര്‍ത്തിട്ടും അന്ന് അങ്ങെടുത്ത ധീരമായ തീരുമാനത്തിന്, ചേര്‍ത്തുപിടിച്ചതിന്.
ക്യാമറാമാന്മാര്‍: ??
ഈ വാര്‍ത്തയുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വിഷയം എന്തെന്ന് പോലുമറിയാതെ എന്റെ കൂടെ ഷൂട്ടിന് വന്ന 16 ക്യാമറമാന്‍മാര്‍ക്ക്, കേരളത്തിന് പുറത്തെ മൂന്നു ക്യാമറമാന്മാര്‍ക്ക്.
വീഡിയോ എഡിറ്റര്‍: ??
ഉള്ളുപൊള്ളിക്കുന്ന ദൃശ്യങ്ങള്‍ എല്ലാം കണ്ട് വേദന സഹിച്ചു അതിഗംഭീരമായി എഡിറ്റ് ചെയ്ത് എനിക്ക് ഈ ദേശീയ ബഹുമതി വരെ നേടാനിടയാക്കിയ ഒരേയൊരു സൂപ്പര്‍ എഡിറ്റര്‍ എം. പ്രശാന്തിന്, പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത നന്ദി.
?? അപ്പോഴും ഇപ്പോഴും എപ്പോഴും കൂടെ നിന്ന എഡിറ്റ് ഹെഡ് ബെന്‍ഷിലി സുരേന്ദ്രന്‍ , ഷിജിത്ത്, ലോകേഷ്, ഗ്രാഫിക്‌സ് ഹെഡ് പ്രജീഷ് വടകര ആന്‍ഡ് ടീം.
നടുവിരല്‍ നമസ്‌കാരം:
ഒമ്പതു മാസത്തെ കഠിനമായ അലച്ചിലിനും, 28 മണിക്കൂര്‍ ഫുട്ടേജ് എക്സ്സ്പോഷറിനും ശേഷം 30 സ്റ്റോറികള്‍ എഡിറ്റ് ചെയ്തു പ്രിവ്യൂവിന് വെച്ച ദിവസം 'ഇങ്ങനെയൊരു സംഭവമേ കേരളത്തില്‍ ഇല്ല സര്‍, ഇത് കളവാണ് സര്‍, ഫൗസിയ സാറിനെ പറഞ്ഞു പറ്റിച്ചതാണ്, അവര്‍ക്ക് രണ്ടു പേര്‍ക്കും ഭ്രാന്താണ് സാര്‍ , ഇത് കൊടുക്കരുത് സര്‍, ഇത് നമ്മുടെ ക്രെഡിബിലിറ്റിയെ ബാധിക്കും സാര്‍ ' എന്നൊക്കെ വിലപിച്ച വാര്‍ത്താ സംവിധായകര്‍ എന്ന ബോര്‍ഡ് വച്ച ടി. എം ഹര്‍ഷനും ഇ.സനീഷിനും ഡല്‍ഹിയില്‍ നിന്ന് എന്റെ നല്ല നമസ്‌കാരം.
ഞങ്ങളുടെ അനുമതിയില്ലാതെ ഒരു ക്യാമറയും ഫൗസിയക്ക് നല്‍കരുത് എന്ന് ക്യാമറാചീഫിനും തിരുവനന്തപുരം ബ്യൂറോ ചീഫിനും നിര്‍ദേശം നല്‍കിയത് ഓര്‍മ്മയുണ്ടോ? ഒടുവില്‍ ഗതികെട്ട് ഇ-മെയില്‍ വഴി ക്യാമറ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ മഴപെയ്യുന്ന ദിവസം വിളിച്ചു ഇന്നത്തോടെ ഔട്ട്‌ഡോര്‍ ഷൂട്ട് കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മഴയത്തു നിന്ന് ഞാന്‍ ചെയ്ത ഒരു സ്റ്റോറിയും ഇക്കൂട്ടത്തില്‍ ഉണ്ട് കേട്ടോ.
ഒരു സ്ത്രീയെന്ന നിലയിലും ഒരു ജേണലിസ്റ്റ് എന്ന നിലയിലും നിങ്ങള്‍ എന്റെ വാര്‍ത്തകളോടു മാത്രമല്ല കേരളത്തിലെ സ്ത്രീസമൂഹത്തോടാകമാനവും ചെയ്ത കൊടുംഅനീതിയാണിത്. ഇതേചൊല്ലി നിങ്ങള്‍ എന്നെ തോല്‍പ്പിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തോറ്റുപോയത് ഈ രോഗം എന്താണെന്ന് ഇന്നേവരെ തിരിച്ചറിയാത്ത നമ്മുടെ സിസ്റ്റവും സ്ത്രീകളുമാണ്. നിങ്ങള്‍ ജേണലിസം പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന ഒരു ദിവസം വരും. കാത്തിരിക്കൂ.
പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗം നമ്മുടെ സ്ത്രീകളെ എങ്ങനെ കൊലയാളികളാക്കുന്നു എന്ന വിഷയത്തിലുള്ള എന്റെ അന്വേഷണങ്ങള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ ലോകത്തെ അഞ്ചു മനോരോഗ വിദഗ്ദ്ധരുടെയും നിയമരംഗത്തെ പ്രമുഖരുടെയും ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി പ്രത്യേകം സ്‌നേഹം .??
NB: ഇതേ റിപ്പോര്‍ട്ടിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം, സംസ്ഥാന വനിതാ കമ്മീഷന്റെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം, ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭ ശേഖര്‍ പുരസ്‌കാരം എന്നിവ ലഭിച്ചത്.
