കേരളം ആര്‍ക്കൊപ്പം? പിഴക്കാത്ത ചുവടുകളുമായി അവര്‍ വീണ്ടുമെത്തുന്നു; കഴിഞ്ഞ ഒരു ഡസനോളം തിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലം പ്രവചിച്ച മറുനാടന്‍ ടീം അഭിപ്രായ സര്‍വേയുമായി ഇത്തവണയും; ഇത്് കേരളം കണ്ട ഏറ്റവും വലിയ റാന്‍ഡം ഫീല്‍ഡ് സര്‍വേ; ഫലം ഏപ്രില്‍ 4 മുതല്‍ 6 വരെ
കോഴിക്കോട്: വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിക്കേ, അഭിപ്രായ സര്‍വേയുമായി മറുനാടന്‍ മലയാളിയും. 2016- മുതല്‍ ഉപതിരഞ്ഞെടുപ്പുകളിലടക്കം ഏകദേശം ഒരു ഡസനോളം ഇലക്ഷനുകളില്‍ സര്‍വേ നടത്തി ഏതാണ്ട് കൃത്യമായ ഫലം പുറത്തുവിട്ട മറുനാടന്‍ ടീം ഇത്തവണയും വിപുലമായ സന്നാഹങ്ങളോടെയാണ് സര്‍വേ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മറുനാടന്‍ മലയാളിയുടെ സര്‍വേ പുരോഗമിക്കയാണ്.
കേരളം കണ്ട ഏറ്റവും വലിയ സര്‍വേയായി മാറുകയാണ് മറുനാടന്‍ സര്‍വേ. മൊത്തത്തില്‍ മൂന്നുലക്ഷത്തോളം പേര്‍ മറുനാടന്‍ സര്‍വേയില്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മറുനാടന്റെ പ്രതിനിധികള്‍ നേരിട്ട് എത്തിയാണ് സര്‍വേ എടുക്കുന്നത്. മറ്റു മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മറുനാടന്റെ റാന്‍ഡം ഫീല്‍ഡ് സര്‍വേ. കാരണം അവര്‍ ആരും തന്നെ ജനങ്ങളിലേക്ക് ഇറങ്ങി സര്‍വേ നടത്തുന്നതിന്റെ യാതൊരു വിവരവും പുറത്തുവിടാറില്ല. എന്നാല്‍ മറുനാടന്‍ ടീം ഓരോ മണ്ഡലത്തിലെയും ജനങ്ങളെ കാണുന്നതും സര്‍വേ നടത്തുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും പുറത്തുവിടാറുണ്ട്. മാത്രമല്ല ഓരോ മണ്ഡലവും തിരിച്ച് ആര് ജയിക്കുമെന്ന് കൃത്യമായി പറയുന്ന ഏക സര്‍വേയും മറുനാടന്റെതാണ്.
മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടന്‍ സര്‍വേയെ വേറിട്ട് നിര്‍ത്തുന്നത്. കഴിഞ്ഞ ഒരു ഡസനോളം തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ഏറെക്കുറെ കൃത്യമായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയവും, 2021-ലെ തുടര്‍ ഭരണവും മറുനാടന്‍ സര്‍വേയിലൂടെ കൃത്യമായി പ്രവചിച്ചതാണ്. അതുപോലെ 2019-ലെയും 2024-ലെയും ലോക്സഭാ ഇലക്ഷനിലെ യുഡിഎഫിന്റെ കുതിപ്പും, മറുനാടന്‍ സര്‍വേകളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാല, തൃക്കാക്കര, പാലക്കാട്, നിലമ്പൂര്‍ അടക്കമുള്ള നിരവധി ഉപതിരഞ്ഞെടുപ്പിലും മറുനാടന്‍ സര്‍വേ ഫലം ശരിയായിരുന്നു.
സര്‍വേ നടത്തുന്നത് എങ്ങനെ?
വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ ഡബിള്‍ ബ്ലൈന്‍ഡ് റാന്‍ഡം സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡു തന്നെയാണ് മറുനാടന്‍ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ, റാന്‍ഡമായി ആളുകൂടുന്ന സ്ഥലങ്ങളിയാണ് സര്‍വേ നടത്തിയത്. ജാതി മതഭേദമന്യേ- പ്രായ, ലിംഗഭേദമില്ലാതെ ജനം ഇടപെടുന്ന ഇത്തരം സ്ഥലങ്ങളില്‍നിന്ന് ഉയരുന്ന അഭിപ്രായ പ്രകടനം ഒരു സമൂഹത്തിന്റെ പരിഛേദമാവും. ബസ് സ്റ്റാന്‍ഡുകളിലും, റെയില്‍വേ സ്റ്റേഷനിലും, ചന്തകളിലും, പാര്‍ക്കുകളിലും, ബീച്ചിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തില്‍ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. സ്ത്രീകളുടെയും, വയോധികരുടെ അഭിപ്രായം അറിയാന്‍ വീടുകളില്‍ നേരിട്ട് ചെന്നും സര്‍വേ നടത്തിയിട്ടുണ്ട്. യുവ തലമുറയുടെ അഭിപ്രായമാറിയാന്‍ കോളജുകളിലും പ്രത്യേകം സര്‍വേ നടന്നു.
ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സര്‍വേയാണെന്നാണ്. മറുനാടന്‍ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സര്‍വേക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല എത് സര്‍വേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് ഇലക്ഷന്‍ നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സര്‍വേകളില്‍ പത്തു ശതമാനം വരെ മനുഷ്യസഹജമായ തെറ്റുകളും ( ഹ്യൂമന്‍ എറര്‍) വരാം. ഇന്ത്യയിലും കേരളത്തിലും വിദേശ രാഷ്ട്രങ്ങളിലുമൊക്കെ എക്സിറ്റ്‌പോളുകള്‍ പോലും പല തവണ മാറിമറഞ്ഞ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സര്‍വേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സര്‍വേ ഫലം പുറത്തുവിടുക. എപ്രില്‍ നാലു മുതല്‍ ആറു വരെ മറുനാടന്‍ മലയാളിയിലും മറുനാടന്‍ ടീവിയിലുമായി സര്‍വേഫലങ്ങള്‍ പുറത്തുവിടും.
